'നീ എന്തിനാ വലുതായതെന്നാണ് ചോദ്യം, ഇപ്പോൾ ആളുകൾ തിരിച്ചറിയാറില്ല എവിടെയും പോകാം'; കുട്ടി പുലിമുരുകൻ അജാസ്!
രാക്ഷസനെ വെല്ലുന്ന വേട്ടക്കാരനായി പുലിമുരുകൻ അവതരിച്ചിട്ട് എട്ട് വർഷത്തോളമായി. ഒരു കാലത്ത് പുലിമുരുകൻ കേരളത്തിലും സിനിമാപ്രേമികൾക്കിടയിലും ഉണ്ടാക്കിയ ഓളം ചെറുതല്ല. ഇന്നും നിരവധി ബോക്സ്ഓഫീസ് റെക്കോർഡുകളാണ് പുലിമുരുകന്റെ പേരിലുള്ളത്. മോഹൻലാൽ ചിത്രമായിരുന്ന പുലിമുരുകനിലെ ഓരോ കഥാപാത്രവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ചർച്ചയായതുമായ ഒരു കഥാപാത്രം പുലിമുരുകനിൽ മോഹൻലാലിന്റെ കുട്ടിക്കാലം ചെയ്ത കുട്ടി പുലിമുരുകനായിരുന്നു.
മോഹൻലാലിന് ലഭിച്ച അതേ സ്വീകാര്യത തന്നെ സിനിമയുടെ റിലീസിന് ശേഷം കുട്ടി പുലിമുരുകനെ അവതരിപ്പിച്ച ബാലതാംരം അജാസ് കൊല്ലത്തിനും ലഭിച്ചിരുന്നു. പുലിമുരുകനിലെ ബാലതാരമായി സ്ക്രീനിൻ എത്തിയശേഷം പിന്നീട് ബിഗ് സ്ക്രീനിൽ അജാസിനെ അധികമാരും കണ്ടിട്ടില്ല. ഡി ഫോർ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് അജാസ് ലൈം ലൈറ്റിലേക്ക് എത്തുന്നത്.

വൈശാഖ് ഒരുക്കിയ പുലിമുരുകനിൽ അഭിനയിക്കുമ്പോൾ അജാസിന് 11 വയസായിരുന്നു പ്രായം. കൊല്ലം ആദിച്ചനല്ലൂരിലെ വിളച്ചിക്കാല സ്വദേശിയായ അജാസ് അന്ന് പള്ളിമണ്‍ സിദ്ധാര്‍ഥ സെന്‍ട്രല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. പുലിമുരുകന്‍ കൂടാതെ കമ്മാരസംഭവം, ഡാന്‍സ് ഡാന്‍സ് തുടങ്ങിയ ചിത്രങ്ങളിലും അജാസ് അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.
മാത്രമല്ല പിന്നീട് ലൈം ലൈറ്റിൽ അജാസിനെ കാണാതെയായി. അജാസിന്റെ സഹമത്സരാര്‍ഥികളായിരുന്നവരില്‍ ചിലര്‍ മറ്റ് റിയാലിറ്റി ഷോകളില്‍ വീണ്ടും എത്തിയെങ്കിലും അജാസിനെ മാത്രം കണ്ടില്ല. ഇന്ന് അജാസ് ആ കുട്ടി പുലുമുരുകനല്ല കോളജ് വിദ്യാർത്ഥിയാണ്.
ഒപ്പം ചില പുത്തൻ സിനിമാ വിശേഷങ്ങളും അജാസിന് പങ്കുവെക്കാനുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബിജു മേനോൻ സിനിമ തുണ്ടാണ്. ഇപ്പോഴിതാ ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സിനിമയിൽ നിന്ന് മാറി നിന്ന കാലത്തെ കുറിച്ച് അടക്കം സംസാരിച്ചിരിക്കുകയാണ് താരം.
അജാസിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... '2016 ലാണ് പുലിമുരുകൻ ഇറങ്ങിയത്. അന്ന് ആറാം ക്ലാസിലായിരുന്നു. ഇന്ന് ഡിഗ്രി ഫസ്റ്റ് ഇയറായി. ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറാണ് പഠിക്കുന്നത്. കൊല്ലം ഫാത്തിമ കോളേജിലാണ്. പുലി മുരുകന് ശേഷം ഡാൻസുണ്ടായിരുന്നു. പത്താം ക്ലാസായപ്പോൾ ഡാൻസ് നിർത്തി. പ്ലസ് ടു കഴിഞ്ഞപ്പോഴാണ് തുണ്ട് എന്ന സിനിമ വന്നത്. ബിജു മേനോന്റെ മകനായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.'
'ബിജു ചേട്ടനുമായിട്ട് നല്ല റാപ്പോയാണ്. പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന സമയത്ത് ഒഡീഷൻ വഴിയാണ് ഇതിലേക്ക് അവസരം ലഭിച്ചത്. കൂട്ടുകാരൊക്കെ അഭിനയിക്കേണ്ടി വന്നില്ലല്ലോ കോപ്പി അടിയായതുകൊണ്ട് എന്നാണ് പറഞ്ഞത്.'

'അഞ്ചുവർഷം സിനിമ ചെയ്യണ്ടാന്ന് കരുതി മാറിനിന്നത് ഒന്നുമല്ല. നല്ലത് ഒന്നും വന്നില്ല അതാണ് സത്യം. വർക്ക് ഔട്ട് ഒന്നും ചെയ്തിട്ടല്ല വണ്ണം കുറച്ചത്. ജിമ്മിൽ പോകാൻ നല്ല മടിയാണ്. അഡ്മിഷൻ എടുത്ത് കഴിഞ്ഞാൽ പിന്നെ പോകാറില്ല. ഒരു ആക്ടറാവണം എന്നൊന്നും ആഗ്രഹം ഇല്ലായിരുന്നു. പള്ളിയിലെ ക്ലാസ് കട്ട് ചെയ്യാൻ വേണ്ടിയും സ്‌കൂളിലെ ആനുവൽ ഡെയ്ക്ക് കളിയ്ക്കാൻ വേണ്ടിയുമാണ് ഡാൻസ് പഠിച്ച് തുടങ്ങിയത്.'
'പിന്നീട് അത് ഒരു ഫ്ലോയിൽ അങ്ങുപോയി. അങ്ങിനെ സിനിമയിൽ കിട്ടി. അതും ഉറപ്പ് ഒന്നും ഉണ്ടായിരുന്നില്ല. പോയപ്പോൾ കണ്ട് ഇഷ്ടപ്പെട്ടു അത് കിട്ടി അങ്ങനെ ആയിരുന്നു. ആഗ്രഹിച്ച് കിട്ടാതിരുന്നാൽ നിരാശപ്പെടും. അതുകൊണ്ട് അങ്ങനെ ആഗ്രഹങ്ങൾ ഒന്നുമില്ല. കുറെ തവണ എവിടെ പോയാലും പുലി മുരുകൻ പോസ് കാണിച്ചിട്ടുണ്ട്. കുറേക്കാലം മുടി ഒക്കെ വളർത്തിയിരുന്നു. പിന്നെ മുറിച്ചു.'
'ഇപ്പോഴും ആളുകൾ ആ പോസ് കാണിക്കാമോ എന്നൊക്കെ ചോദിക്കാറുണ്ട്. കുഞ്ഞിലെയൊക്കെ ആളുകൾ കാണുമ്പോൾ വന്ന് കവിളിലൊക്കെ പിടിക്കുമായിരുന്നു. ഇപ്പോൾ ആളുകൾ തിരിച്ചറിയാറില്ല. എവിടെ വേണേലും പോകാം. അത് ഞാൻ എഞ്ചോയ് ചെയ്യുന്നുണ്ട്. ഫ്രണ്ട്സിന്റെ കൂടെയൊക്കെ പുറത്ത് പോകാനൊക്കെ ബുദ്ധിമുട്ടായേനെ. എന്നെ കോളേജിൽ ഒന്നും ആർക്കും അറിയില്ല.'
'നീ എന്തിനാ വലുതായത് എന്നൊക്കെ എന്നെ കാണുമ്പോൾ ആളുകൾ ചോദിക്കും. കുറെ കാലം കഴിഞ്ഞിട്ട് കാണുന്നതിന്റെ സ്നേഹവും സന്തോഷവുമാണ്. പുലിമുരുകന്റെ സെറ്റിൽ ഞാനായിരുന്നു ഏറ്റവും ചെറുത്. അവരെല്ലാവരും എന്നെ നന്നായി കെയർ ചെയ്തിരുന്നു. ലാലേട്ടനെ ആദ്യമായി കാണുന്നത് അവിടെ സെറ്റിൽ വെച്ചാണ്. ആ സമയത്ത് കുറെ തവണ കണ്ടിട്ടുണ്ട്', എന്നാണ് അജാസ് പറഞ്ഞത്.


Click it and Unblock the Notifications