'രാജാവിന്റെ മകൻ സിനിമ എനിക്ക് വലിയ മൈലേജ് തന്നു, കരച്ചിൽ നിർത്താതെയായതോടെ ലാൽ സാർ വന്ന് കെട്ടിപിടിച്ചു'

ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു... അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്..? ഞാന്‍ പറഞ്ഞു... ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്. പിന്നീട് എന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു... പ്രിന്‍സ്... രാജകുമാരന്‍... രാജാവിന്റെ മകന്‍. യെസ് ഐ ആം എ പ്രിൻസ്... അധോലോകങ്ങളുടെ രാജകുമാരന്‍ രാജാവിന്റെ മകനിലെ മോഹൻലാലിന്റെ ഈ ഡയലോഗ് നല്ലൊരു ശതമാനം സിനിമാപ്രേമികൾക്കും പരിചിതമാണ്. അതുപോലെ തന്നെയാണ് രാജുമോൻ എന്ന പേരും. രാജാവിന്റെ മകനിലെ രാജുമോൻ എന്ന കഥാപാത്രമായെത്തിയത് മാസ്റ്റർ പ്രശോഭായിരുന്നു.

കാറ്റത്തെ കിളിക്കൂട്‌ എന്ന സിനിമയിലൂടെയായിരുന്നു മാസ്റ്റർ പ്രശോഭ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പാസ്പോർട്ട്, ആൾക്കൂട്ടത്തിൽ തനിയെ, രാജാവിന്റെ മകൻ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, കാതോട് കാതോരം, ഉണ്ണികളേ ഒരു കഥ പറയാം തുടങ്ങി എൺപതുകളിൽ ഇറങ്ങിയ 20 ഓളം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. ആൾക്കൂട്ടത്തിൽ തനിയെ എന്ന ചിത്രത്തിലെ അഭിനയത്തിന് 1984ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും പ്രശോഭിന് ലഭിച്ചു.

Master Prashobh

ഒരു കാലത്ത് ബാലതാരമായി തിളങ്ങി നിന്നിരുന്ന പ്രശോഭ് ഇന്ന് ഒരു സംരംഭകനാണ്. കൊച്ചിയിൽ കുടുംബത്തോടൊപ്പം സെറ്റിൽഡായ പ്രശോഭ് ഇന്ന് ഏറെയും ശ്രദ്ധ കൊടുക്കുന്നത് ബിസിനസിലും വൈൽ‍ഡ് ലൈഫ് ഫോട്ടോ​ഗ്രഫിക്കുമാണ്. ഭാര്യയും മകളുമായി സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന പ്രശോഭ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പഴയ സിനിമാ ജീവിത കാലഘട്ടത്തിലെ ഓർമകൾ പങ്കിട്ടു.

എട്ട്, ഒമ്പത് വർഷത്തോളം ബാങ്ക് ഉദ്യോ​ഗസ്ഥനായിരുന്നു. കോഴിക്കോടായിരുന്നു താമസം. ബിസിനസ് ചെയ്ത് തുടങ്ങിയശേഷം എറണാകുളത്ത് സെറ്റിൽഡായി. സുഹൃത്തിന്റെ പ്രചോദനം കാരണമാണ് യാത്രകൾ പോയതും വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രഫി ചെയ്ത് തുടങ്ങിയത്. സൂപ്പർ മാർക്കറ്റ് ബിസിനസാണ്. രാജാവിന്റെ മകൻ സിനിമ എനിക്ക് ആ ​കാലഘട്ടത്തിൽ വലിയ മൈലേജ് തന്നിരുന്നു.

ഇപ്പോഴും ആളുകൾ ആ പേരും ഡയലോ​ഗും തമാശയായി പോലും ഉപയോ​ഗിക്കുന്നുണ്ട്. പലരും അന്വേഷിച്ച് വന്ന് സംസാരിക്കാറുണ്ട്. എന്റെ ബന്ധുവാണ് ബാലൻ കെ നായർ. അന്ന് ഞങ്ങൾ ചെന്നൈയിലായിരുന്നു താമസം. മൂന്ന്, നാല് വയസെ പ്രായമുള്ളു. വല്യച്ഛൻ (ബാലൻ കെ നായർ) വീട്ടിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ സിനിമയിൽ ഒരു ചെറിയ റോളുണ്ടെന്ന് അച്ഛനോട് പറഞ്ഞ് എന്നെ അഭിനയിപ്പിക്കാനായി കൊണ്ടുപോവുകയായിരുന്നു.

പാസ് പോർട്ട് എന്നതാണ് സിനിമ. പിന്നീടാണ് കാറ്റത്തെ കിളിക്കൂടിൽ അഭിനയിച്ചത്. അച്ഛനാണ് സിനിമ തെരഞ്ഞെടുത്തിരുന്നത്. ആർക്കൊപ്പമാണ് അഭിനയിക്കേണ്ടത് എന്നത് മാത്രമെ ഞാൻ ചോദിച്ചിട്ടുള്ളു. ഞാൻ ചെയ്തതെല്ലാം നല്ല സിനിമകളായിരുന്നു. നിലവാരം പുലർത്തിയ സിനിമകളായിരുന്നു ലഭിച്ചിരുന്നത്.

Master Prashobh

പിന്നീട് ചെന്നൈ വിട്ട് കോഴിക്കോട്ടേക്ക് താമസം മാറിയപ്പോൾ അഭിനയിക്കാൻ പോകാൻ സാധിക്കാതെയായി. അച്ഛനും ജോലി തിരക്കുണ്ടായിരുന്നു. ഞാൻ അഭിനയിച്ചുവെങ്കിൽ അത് സംവിധായകരുടെ കഴിവാണ്. കരയാനായിരുന്നു എനിക്ക് പ്രയാസം. ​അനുബന്ധത്തിൽ മരിച്ച് പോകുന്നുണ്ട് എന്റെ കഥാപാത്രം. ഷൂട്ടിങ് സെറ്റ് ശരിക്കും മരണ വീട് പോലെയായിരുന്നു.

മരിച്ച് കിടക്കുന്ന സീനിൽ ഞാൻ ശ്വാസം വിടുമ്പോൾ എപ്പോഴും പഞ്ഞി മൂക്കിൽ നിന്നും തെറിച്ച് പോകുമായിരുന്നു. അന്ന് അവർ ഒരുപാട് ബുദ്ധിമുട്ടി. രാജാവിന്റെ മകനിലും ഞാൻ കാരണം ഒരുപാട് ടേക്ക് പോകേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. ഉണ്ണികളെ ഒരു കഥ പറയാം ഷൂട്ടിങിനിടെ ലാൽ സാർ തല്ലുന്ന സീനുണ്ട്. സാർ വെറും ആക്ഷൻ മാത്രമാണ് കാണിച്ചത്. പക്ഷെ ഞാൻ യഥാർത്ഥത്തിൽ കരഞ്ഞു.

കട്ട് വിളിച്ചിട്ടും കരച്ചിൽ നിർത്താതെയായതോടെ ലാൽ സാർ വന്ന് കെട്ടിപിടിച്ച് ആശ്വസിപ്പിച്ചു. ആൾക്കൂട്ടത്തിൽ തനിയെ സിനിമയിൽ അഭിനയിച്ചശേഷമാണ് സ്റ്റേറ്റ് അവാർഡ് കിട്ടിയത്. ഉണ്ണികളെ ഒരു കഥ പറയാം സിനിമയിൽ അഭിനയിച്ചവരുടെ ഒരു വാട്സ്ആപ്പ് ​ഗ്രൂപ്പ് ഇപ്പോഴുണ്ട്.

കാർത്തിക മാഡം വരെയുള്ള ​ഗ്രൂപ്പാണ്. വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ ലാൽ സാർ എന്നെ തിരിച്ചറിഞ്ഞു. പഴയ ഓർമകൾ അദ്ദേഹം എന്നോട് ഓർത്തെടുത്ത് പറയുകയും ചെയ്തു. ഞാൻ പഴയ ചൈൽഡ് ആർട്ടിസ്റ്റാണെന്ന് എന്നെ വിവാഹം കഴിക്കുമ്പോൾ ഭാര്യയ്ക്ക് അറിയില്ലായിരുന്നു. പിന്നീട് അച്ഛനും അമ്മയുമാണ് അവരോട് പറഞ്ഞത് എന്നാണ് ബാലതാരമായി അഭിനയിച്ചപ്പോഴുള്ള ഓർമകൾ പങ്കിട്ട് പ്രശോഭ് പറഞ്ഞത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X