'ഞാനും ഭാര്യയും വല്ലപ്പോഴും മാത്രം കാണുന്നയാളുകൾ, ഞാന്‍ പിണക്കങ്ങൾക്ക് മുമ്പിൽ കീഴടങ്ങിക്കൊടുക്കുന്നയാൾ'
മൂന്നര പതിറ്റാണ്ട് പിന്നിട്ട് കഴിഞ്ഞു നടൻ മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും ദാമ്പത്യ ജീവിതം. മക്കളായ പ്രണവും വിസ്മയയും കൂടി ചേരുന്നതാണ് മോഹൻലാലിന്റെ കൊച്ചു കുടുംബം. പ്രണവ് മോഹൻലാൽ അച്ഛന്റെ വഴിയേ സിനിമയിലേക്കെത്തിയപ്പോൾ വിസ്മയ എഴുത്തിന്റെ ലോകം തിരഞ്ഞെടുത്തു. രണ്ടുപേരും കൂടുതൽ വിദേശത്താണ് താമസം. ഒരാൾ പഠനവുമായും മറ്റൊരാൾ യാത്രകളുമായും. അതുകൊണ്ട് തന്നെ ഭാര്യയെ ചെന്നൈയിലെ വീട്ടിൽ ഒറ്റയ്ക്കാക്കാതെ സാധിക്കുന്ന യാത്രകളിൽ എല്ലാം ഒപ്പം കൂട്ടാൻ ശ്രദ്ധിക്കാറുണ്ട് മോഹൻലാൽ.
സോഷ്യൽമീഡിയ സജീവമായ ശേഷമാണ് സുചിത്രയും അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. അതിന് മുമ്പ് ലാലേട്ടൻ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ മാത്രമാണ് സുചിത്രയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. അടുത്തിടെ സുചിത്രയുടെ ചില അഭിമുഖങ്ങൾ പുറത്ത് വന്നിരുന്നു.

അതിനുശേഷമാണ് ആരാധകർക്ക് താരപത്നിയെ കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നത്. താരപത്നിയും സിനിമാ കുടുംബത്തിലെ അംഗവുമായിട്ടും അങ്ങേയറ്റം എളിമ നിറഞ്ഞ സംസാരവും പെരുമാറ്റവുമാണ് സുചിത്രയ്ക്കുള്ളത്. അഭിമുഖം കണ്ടശേഷം ഭൂരിഭാഗം പേരും സുചിത്രയുടെ എളിമയും വിനയവുമാണ് മകൻ പ്രണവിന് ലഭിച്ചിരിക്കുന്നതെന്ന് മനസിലായി എന്നാണ് കുറിച്ചത്. 1988ൽ ആയിരുന്നു മോഹൻലാലിന്റെയും സുചിത്രയുടേയും വിവാഹം.
പ്രണയവിവാഹമെന്ന് പൂർണമായും വിളിക്കാൻ സാധ്യമല്ലെങ്കിലും ഒരു ഇഷ്‌ടത്തിൽ നിന്നുള്ള തുടക്കമാണ് വിവാഹത്തിലേക്ക് എത്തിയത്. വിവാഹം വരെ ആ ബന്ധം എത്താൻ നിമിത്തമായത് ചലച്ചിത്ര നിർമാതാവ് പി.വി ഗംഗാധരനും. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ മോഹൻലാൽ സിനിമകൾ മിസ്സാക്കാതെ കാണുന്നയാളായിരുന്നു സുചിത്ര.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ വേഷം കണ്ടപ്പോൾ ലാലിനോട് ദേഷ്യം തോന്നിയെന്നും എന്റെ മാമാട്ടി കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ വേഷത്തോടെ വെറുപ്പ് ഇഷ്‌ടമായി മാറുകയായിരുന്നുവെന്നും സുചിത്ര തന്നെ പറഞ്ഞിട്ടുണ്ട്. പ്രണയം മൊട്ടിട്ടതും ഇവിടെ നിന്നുമാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ തനിക്ക് മോഹന്‍ലാലിനോട് ആരാധനയുണ്ടായിരുന്നെന്നും ട്യൂഷന്‍ ക്ലാസില്‍ പോലും ടീച്ചറുമായി മോഹന്‍ലാലിനേക്കുറിച്ച് അന്വേഷിക്കുമായിരുന്നെന്നും സുചിത്ര പറഞ്ഞിട്ടുണ്ട്.
കൂടാതെ മോഹൻലാലിന് നിരന്തരമായി പേര് വെളിപ്പെടുത്താതെ സുചിത്ര കാർഡുകളും അയക്കുമായിരുന്നു. ദിവസവും അഞ്ച് കാർഡുകൾ വീതം അയച്ച സമയമുണ്ടായിരുന്നുവെന്നും താരപത്നി മുമ്പ് പറഞ്ഞിട്ടുണ്ട്. മോഹൻലാലിനും സുചി കഴിഞ്ഞിട്ടേ മറ്റാരുമുള്ളു. അതുകൊണ്ട് തന്നെ ഭാര്യയുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും മനസിലാക്കി പ്രവർത്തിക്കാൻ തിരക്കിനിടയിലും നടൻ ശ്രദ്ധിക്കാറുണ്ട്. മൈ വൈഫ് ഈസ് മൈ ലൈഫ് എന്നാണ് മോഹൻലാൽ ഭാര്യയെ കുറിച്ച് പറയാറുള്ളത്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ റീലിസിന് മുന്നോടിയായി കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു... ഞാനും എന്റെ ഭാര്യയും വല്ലപ്പോഴും കാണുന്ന ആളുകളാണ്. എന്നിരുന്നാൽ തന്നെയും കാണുമ്പോഴുള്ള ആ പെപ്പ് അപ്പ് എപ്പോഴും ഉണ്ടാകാറുണ്ട്. നമ്മൾ ഒരാളെ എങ്ങനെ ബഹുമാനിക്കുന്നോ സ്നേഹിക്കുന്നോ അതുപോലെ അവർ തിരിച്ച് ചെയ്യണം എന്നാണ്. ഞങ്ങൾ തമ്മിൽ എല്ലാം സുന്ദര മനോഹരനിമിഷങ്ങളാണ്.
നിമിഷം എന്ന് പറയാൻ ആകില്ല. നമ്മൾ അത് എങ്ങനെ പെർസീവ് ചെയ്യുന്നു കണക്ട് ചെയ്യുന്നു എന്നുള്ളതാണ്. ഓരോരുത്തർക്കും ഓരോ തരത്തിലാണ്. ഞാൻ വളരെ സന്തോഷത്തോടെ കുട്ടികളും കുടുംബവുമൊക്കെയായി ജീവിക്കുന്ന ആളാണ്. ഉറപ്പായും ആ ക്യാംപെയിനിൽ എന്ന പോലെ ഞാനും പറയും എന്റെ ജീവിതം എന്റെ ഭാര്യയാണെന്ന് എന്നാണ് മോഹൻലാൽ പറഞ്ഞത്.
ഉലഹന്നാൻ പറയുംപോലെ ജീവിതത്തിൽ ചില കാര്യങ്ങളിൽ റീടേക്കുകളാകാം നടൻ കൂട്ടിച്ചേർത്തു. പിണക്കങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷെ ഞാന്‍ പിണക്കങ്ങൾക്ക് മുമ്പിൽ കീഴടങ്ങിക്കൊടുക്കുന്ന ആളാണ്. വഴക്കിനെ വലുതാക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്ന ആളല്ല. നിങ്ങള്‍ ചെയ്യുന്ന കാര്യം ശരിയല്ലെന്ന് പറയുമ്പോഴല്ലേ ദേഷ്യവും വഴക്കും ഉണ്ടാവുക. അത്തരം അവസരം ഞാനായി ഉണ്ടാക്കാറില്ലെന്നും മുമ്പൊരിക്കൽ ദാമ്പത്യ ജീവിതത്തെ കുറിച്ച് സംസാരിക്കവെ നടൻ പറഞ്ഞിരുന്നു.


Click it and Unblock the Notifications











