'തനിച്ചിരിക്കാൻ ആഗ്രഹിക്കുന്നയാൾക്ക് തനിച്ചാകുന്നത് ഒരു പ്രശ്നമല്ല, ഞാന്‍ അദ്ദേഹത്തിന്റെ ഭയങ്കര ഫാനായിരുന്നു'
ഒരു മലയാളിക്ക് എത്തപ്പെടാൻ സാധിക്കുന്നതിൻ്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളിൽ ഒന്നായ മോഹൻലാൽ. മനോരഥങ്ങൾ എന്ന ആന്തോളജിയാണ് നടന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ബറോസിന്റെ അവസാന മിനുക്ക് പണികളുടെ തിരക്കിലാണ് മോഹൻലാൽ. 2019ല്‍ അനൗണ്‍സ് ചെയ്ത പ്രോജക്ട് പല കാരണങ്ങൾ കൊണ്ട് നീണ്ടുപോയിരുന്നു. ഈ വർഷം ഒക്ടോബറിൽ സിനിമ തിയേറ്ററുകളിലെത്തിയേക്കും.
മോഹൻലാലിന്റെ സിനിമാ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ഏറ്റവും മികച്ച രണ്ട് സിനിമകളാണ് വാനപ്രസ്ഥവും ഇരുവറും. ഈ രണ്ട് സിനിമകളെ കുറിച്ചും തന്റെ ഇഷ്ടങ്ങളെ കുറിച്ചും കഴിഞ്ഞ ദിവസം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ സംസാരിച്ചു. വാനപ്രസ്ഥം സിനിമയെ കുറിച്ച് സംസാരിച്ചാണ് നടൻ തുടങ്ങിയത്.

കലാമണ്ഡലം ഗോപിയാശാന്റെ പ്രകടനം ഞാൻ കണ്ടിട്ടുണ്ട്. അത് കണ്ടത് കൊണ്ട് ആ സിനിമയിൽ അഭിനയിക്കാൻ പറ്റില്ല. കഥകളിയിൽ ഒരുപാട് സൗന്ദര്യമുള്ള ഒരാളാണെങ്കിലും ചിലപ്പോൾ ആ വേഷം കെട്ടി കഴിഞ്ഞാൽ മോശമായി പോവും. വേഷ പകർച്ച വേണം. ഗോപിയാശാൻ അവിടെ പാവമായിട്ട് ഇരിക്കും പക്ഷെ അദ്ദേഹം കർണാനായിട്ടൊക്കെ വരുമ്പോഴുള്ള ആ ഒരു പ്രെസെൻസുണ്ട്. ശിവാജി ഗണേഷൻ സാറും അങ്ങനെയാണ്. അദ്ദേഹം കഥാപാത്രത്തിന്റെ ഡ്രസ്സ് ഇട്ട് കഴിയുമ്പോൾ വേറേ ഒരാളായിട്ട് മാറും.
ഷാജി സാർ കഥായൊക്കെ വന്ന് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചത് ഇതെങ്ങനെ എനിക്ക് ചെയ്യാൻ പറ്റുമെന്നാണ്. പക്ഷെ അദ്ദേഹത്തിന് ഒരു ആത്മവിശ്വാസമുണ്ടായിരുന്നു. കാവാലം നാരായണ പണിക്കർ സാറും ഇതേ കോൺഫിഡൻസ് തന്നെയാണ് എന്നോട് പറഞ്ഞത്. അവിടെ ചെന്നപ്പോൾ ഞാൻ മാത്രമേയുള്ളൂ കഥകളിയല്ലാത്ത നടൻ. കുറച്ച് ദിവസം അവിടെ നിന്ന് കുറച്ച് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു.
കുട്ടിക്കാലത്തൊക്കെ അച്ഛന്റെ കൂടെ ചെന്ന് കഥകളിയൊക്കെ കണ്ടിട്ടുണ്ട്. പക്ഷെ നമുക്ക് മുദ്രകളൊന്നും അറിയില്ലല്ലോയെന്നും മോഹൻലാൽ പറയുന്നു. പിന്നീടാണ് താരം ഇരുവർ സിനിമയെ കുറിച്ചും എംജിആറുമായുള്ള പരിചയത്തെ കുറിച്ചും സംസാരിച്ചത്. സിനിമ തുടങ്ങി അത് കഴിയുന്നത് വരെ എംജിആറെന്നോ അല്ലെങ്കില്‍ കരുണാനിധിയെന്നോ ജയലളിതയെന്നോ പറഞ്ഞിട്ടില്ല. രണ്ട് കൂട്ടുകാരുടെ കഥയായിട്ടാണ് ഇരുവര്‍ എന്ന സിനിമ ചെയ്തത്. പക്ഷെ സിനിമ കണ്ടുകഴിഞ്ഞപ്പോഴാണ് അത് അവരിലേക്കുള്ള കഥയാണെന്ന് മനസിലാകുന്നത്.
പിന്നെ ആ സമയത്ത് അവിടെ ഒരുപാട് രാഷ്ട്രീയ മാറ്റങ്ങളൊക്കെയുണ്ടായിരുന്നു. അതിന്റെ ഭാഗമായി സിനിമയുടെ സെന്‍സറിനൊക്കെ ഒരുപാട് പ്രശ്നങ്ങളുണ്ടായി. അതിനെയൊക്കെ അതിജീവിച്ചാണ് ആ സിനിമ അന്ന് വന്നത്. പിന്നെ ആ സിനിമയില്‍ എംജിആറിന്റെ സിനിമകളിലെ ഒരു മാനറിസങ്ങളും കൊണ്ടുവന്നിട്ടില്ല. കാരണം അതൊക്കെ ഇമിറ്റേറ്റ് ചെയ്യാന്‍ നോക്കിയാല്‍ അദ്ദേഹത്തെ കളിയാക്കുന്നത് പോലെയാകില്ലേ.

അദ്ദേഹത്തിന്റെ പേഴ്സണല്‍ ലൈഫാണ് ആ സിനിമയില്‍ നമ്മള്‍ കാണിച്ചത്. അത് എനിക്ക് അറിയില്ലല്ലോ. പക്ഷെ എനിക്ക് അദ്ദേഹത്തെ അറിയാമായിരുന്നു. ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ടായിരുന്നു. എംജിആറിന്റെ ഫാനായിരുന്നോയെന്ന് ചോദിച്ചാല്‍ ഞാന്‍ അദ്ദേഹത്തിന്റെ ഭയങ്കര ഫാനായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. അദ്ദേഹത്തിന്റെ സിനിമകളുടെ ഫാനാണ് ഞാനെന്നും മോഹൻലാൽ പറഞ്ഞു.
നടനാകണമെന്ന് താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും നടൻ പറയുന്നു. തനിച്ചാണെന്നുള്ള തോന്നലുകൾ ഉണ്ടായിട്ടുണ്ടോയെന്ന ചോദ്യത്തിനും മനോഹരമായിരുന്നു മറപടി. തനിച്ചിരിക്കാൻ ഇഷ്ടമുള്ളയാളാണ് ഞാൻ. ഒന്നുമില്ലെങ്കിലും വെറുതെ ഇരിക്കും. ബോറടിക്കാത്തയാളാണ് ഞാൻ. തനിച്ചിരിക്കാൻ ആഗ്രഹിക്കുന്നയാൾക്ക് തനിച്ചാകുന്നത് ഒരു പ്രശ്നമല്ല.
ജീവിക്കുക എന്നതാണ് ജീവിതത്തിന്റെ ഏറ്റവും വലിയ രസമെന്നും നല്ല സൗഹൃദങ്ങൾ, കുടുംബങ്ങൾ എല്ലാം ജീവിതത്തിന്റെ രസത്തിൽ ഉൾപ്പെടുമെന്നും താരം പറയുന്നു.


Click it and Unblock the Notifications