ദൈവത്തെ ഭയമില്ല, എനിക്കാണ് അവർ കുട്ടികൾ, ആ സുഖം അനുഭവിക്കട്ടെ, കണ്ണടച്ചാൽ ഉള്ളിൽ അവരുണ്ട്; മോഹൻലാൽ
ലോകം അറിയുന്ന കലാകാരനാണെങ്കിലും എല്ലാ ബഹളങ്ങളിൽ നിന്നും കുടുംബത്തെ സുരക്ഷിതമാക്കി അവർക്ക് ലഭിക്കേണ്ട സ്വകാര്യത നൽകാൻ എപ്പോഴും ശ്രമിക്കുന്നയാളാണ് മോഹൻലാൽ. മഹാനടനോടുള്ളതുപോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ഒരു പ്രത്യേക സ്നേഹം മലയാളികൾക്ക് എപ്പോഴുമുണ്ട്. ഇക്കഴിഞ്ഞ ഡിസംബറിലാണ് അമ്മ ശാന്തകുമാരി താരത്തെ വിട്ടുപോയത്. അമ്മയായി എല്ലാമെല്ലാമായി കുറച്ച് വർഷങ്ങളായി ലാലിനൊപ്പം ഉണ്ടായിരുന്നത്.
അമ്മ അസുഖ ബാധിതയായപ്പോൾ മുതൽ ആ അവസ്ഥ നടനെ വേദനിപ്പിച്ചിരുന്നു. എത്ര തിരക്കുണ്ടെങ്കിലും കുടുംബസമേതം എത്തി അമ്മയ്ക്കൊപ്പം സമയം ചിലവഴിക്കാറുമുണ്ടായിരുന്നു താരം. ഇപ്പോഴിതാ അമ്മയുടെ വേർപാടിനെ കുറിച്ചും മക്കളെ കുറിച്ചും ദൈവവിശ്വാസത്തെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് താരം.

അച്ഛൻ, അമ്മ, സഹോദരൻ ഇവരെല്ലാം വിട്ടുപോവുമ്പോൾ ഒറ്റയ്ക്കായിപ്പോയ ഒരു കുഞ്ഞിന്റെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ആദ്യം നടൻ മറുപടി നൽകിയത്. അവരെല്ലാം വിടപറഞ്ഞതിൽ അതിയായ ദുഖമുണ്ട്. ഒറ്റപ്പെട്ടുപോയതായി തോന്നിയിട്ടില്ല. കാരണം അത് പ്രപഞ്ചനിയമമാണ്. ഇതെന്റെ മാത്രം അനുഭവമല്ല എത്രയോ പേർ ഇതിനേക്കാൾ ദുഖകരമായ അവസ്ഥയിൽ ജീവിക്കുന്നു.
അച്ഛനും അമ്മയും സഹോദരനുമൊന്നും എന്നെ വിട്ടുപോയതായി പലപ്പോഴും തോന്നാറില്ല. കണ്ണടച്ചാൽ ഉള്ളിൽ അവരുണ്ട്. തൊടാനോ കാണാനോ പറ്റുന്നില്ല എന്നുമാത്രം മോഹൻലാൽ പറഞ്ഞു. മക്കളായ പ്രണവിന്റേയും വിസ്മയയുടേയും വ്യത്യസ്തമായ ജീവിത രീതിയെ കുറിച്ചാണ് പിന്നീട് താരം സംസാരിച്ചത്.
അപ്പുവും മായയും ആ പ്രായത്തിലുള്ളവരിൽ നിന്ന് ഭിന്നരായി ജീവിക്കുന്നതിനെ കുറിച്ചും അവരുടെ കാഴ്ച്ചപ്പാടുകളെ കുറിച്ചും പറഞ്ഞാൽ... എനിക്കാണ് അവർ കുട്ടികൾ. അവരെ സംബന്ധിച്ചിടത്തോളം അവർ മുതിർന്നവരാണ്. സ്വയം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തിയുള്ളവർ. വ്യത്യസ്തമായ ജീവിതങ്ങൾക്ക് എപ്പോഴുമൊരു ഭംഗിയുണ്ടാവും.
അവർ സ്വതന്ത്രരായും വ്യത്യസ്തമായും ജീവിക്കുന്നതിൽ അച്ഛൻ എന്ന നിലയിൽ ഞാൻ സന്തോഷവാനാണ് സംതൃപ്തനും. അപ്പുവും മായയും നിശ്ശബ്ദരായി സാധാരണക്കാരായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ആ സുഖം അവർ അനുഭവിക്കട്ടെ. അതിൽ നന്മയുമുണ്ടെന്നാണ് നടൻ പറഞ്ഞത്. ദൈവത്തോടുള്ള സ്നേഹമാണോ ദൈവ ഭയമാണോ ഉയർന്ന് നിൽക്കുന്നതെന്ന ചോദ്യത്തിനും താരം മറുപടി നൽകി.

ദൈവത്തെ എനിക്ക് ഭയമില്ല. പ്രേമമാണ്. സപ്രേമരൂപ... എന്നാണ് പറയാറുള്ളത്. ഭയപ്പെടുന്ന ഒരാളെ നമുക്ക് പ്രണയിക്കാൻ സാധിക്കില്ലല്ലോ ദൈവത്തിനുമപ്പുറം ധ്യാനത്തിലേക്ക് ഞാൻ പോവാറുണ്ട്. ദൈവസങ്കല്പം നമ്മുടെ ബോധവികാസത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. പ്രാർഥനയല്ല ധ്യാനമാണ് ഇപ്പോൾ എന്നിൽ കൂടുതലുള്ളത് മോഹൻലാൽ പറഞ്ഞു. ഒപ്പം അഭിനയിച്ചിട്ടുള്ള കലാകാരന്മാരുടെ വേർപാടിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു...
എനിക്കൊപ്പം അഭിനയിച്ചവരെ നഷ്ടപ്പെടുമ്പോൾ തീർച്ചയായും സങ്കടം വരാറുണ്ട്. സങ്കടപ്പെട്ടിട്ടെന്ത് കാര്യം? നാളെ ഞാനും മറയും. അതൊരു യാഥാർഥ്യമാണ്. ഇതറിഞ്ഞ് കൊണ്ട് തന്നെയാണ് സങ്കടപ്പെടുന്നത്. ഫിലോസഫിക്കും അപ്പുറത്ത് നിന്നാണ് കണ്ണീർ ഉറവയെടുക്കുന്നത്. ലോകത്ത് എത്രയെത ഫിലോസഫികളുണ്ടായി.
എന്നിട്ടും മനുഷ്യൻ പലപ്പോഴും കരഞ്ഞു പോവുന്നു. ഞാൻ ഒരു സാധാരണ മനുഷ്യനാണ് താരം പറഞ്ഞു. അതേസമയം അച്ഛന്റേയും ചേട്ടന്റേയും പാത പിന്തുടർന്ന് മകൾ വിസ്മയയും സിനിമയിൽ അരങ്ങേറി കഴിഞ്ഞു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയിലൂടെയാണ് താരപുത്രി അഭിനയത്തിലേക്ക് അരങ്ങേറുന്നത്.
വിസ്മയയ്ക്കൊപ്പം മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആൻ്റണിയാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മോഹൻലാലിൻ്റെ മാതാവിൻ്റെ മരണം. ഒരു ക്ലീൻ ഫാമിലി ത്രില്ലർ സിനിമയെന്ന് മാത്രമാണ് ചിത്രത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. പ്രണവ് അവസാനം പ്രത്യക്ഷപ്പെട്ടത് ഡീയസ് ഈറ എന്ന സിനിമയിലാണ്.


Click it and Unblock the Notifications