'വിവാഹത്തിന് മുമ്പ് സുചിയുടെ അച്ഛൻ ഉപദേശിച്ചിരിക്കാം'; സുഹൃത്തുക്കൾ പറഞ്ഞ് കേട്ടിട്ടുണ്ടെന്ന് സുഹാസിനിയും
ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് മോഹൻലാൽ. നടന്റെ ഏറെ നാളത്തെ സ്വപ്നമാണ് ബറോസ്. മമ്മൂട്ടിയുൾപ്പെടെയുള്ളവർ ചിത്രത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. കരിയറിൽ മോഹൻലാലിന്റെ നേട്ടങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് താരത്തിന്റെ ഭാര്യ സുചിത്രയാണ്. മോഹൻലാലിന്റെ തിരക്കുകളെ പൂർണമായും മനസിലാക്കുന്ന ഭാര്യയാണ് സുചിത്ര. ഇതേക്കുറിച്ച് നടൻ ഒന്നിലേറെ തവണ സംസാരിച്ചിട്ടുണ്ട്.
1988 ലാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. ഇപ്പോഴിതാ ഭാര്യയെക്കുറിച്ച് തന്റെ ജീവിതത്തിൽ കണ്ട സ്ത്രീകളെക്കുറിച്ചും സംസാരിക്കുകയാണ് നടൻ. ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിലാണ് മോഹൻലാൽ മനസ് തുറന്നത്. ജീവിതത്തിൽ കാണുന്ന സ്ത്രീകളെല്ലാം ഏതെങ്കിലും തരത്തിൽ എന്റെ ജീവിതത്തിൽ പ്രധാന റോളുകളുണ്ടായിട്ടുണ്ട്. സ്ത്രീകളെ ഞാൻ ബഹുമാനിക്കും. സത്യസന്ധമായി പെരുമാറുന്നയാളാണ് താനെന്നും മോഹൻലാൽ വ്യക്തമാക്കി.

സുചിയോട് മാത്രമല്ല എല്ലാ സ്ത്രീകളോടും ബഹുമാനമുണ്ട്. സുചിയോട് കുറച്ചധികം ഉണ്ട്. സുചിത്ര സിനിമാ കുടുംബത്തിൽ നിന്നുള്ളയാളായതിനാൽ പരസ്പരം മനസിലാക്കുന്നതിന് ഇത് സഹായകരമാണെന്ന് മോഹൻലാൽ പറയുന്നു. ഫിലിം പേഴ്സണലാലിറ്റിയെയാണ് നീ വിവാഹം ചെയ്യുന്നത്. നിന്റെ അമ്മ എനിക്കൊപ്പം എങ്ങനെയായിരുന്നോ അത് പോലെയായിരിക്കണം എന്ന് അവളുടെ അച്ഛൻ വിവാഹത്തിന് മുമ്പ് ഉപദേശിച്ചിട്ടുണ്ടാകാം. കാരണം സുചി അവളുടെ അമ്മയെ പോലെയാണെന്നും മോഹൻലാൽ പറഞ്ഞു.
നടി സുഹാസിനിയാണ് മോഹൻലാലിന്റെ അഭിമുഖമെടുത്തത്. മോഹൻലാലിനെയും സുചിത്രയെയും കുറിച്ച് സുഹാസിനിയും സംസാരിച്ചു.
സിനിമാ രംഗത്തുള്ള സംസാരം മോഹൻലാലാണ് ഏറ്റവും നല്ല ഭർത്താവ് എന്നാണ്. എങ്ങനെ ഭാര്യയെ പരിഗണിക്കണം എന്ന് അദ്ദേഹത്തിനറിയാം. സുചി എന്നോട് നേരിട്ട് സംസാരിച്ചിട്ടില്ല. പക്ഷെ സുചിയുടെ സുഹൃത്തുക്കളിലൂടെ തനിക്കറിയാമെന്ന് സുഹാസിനി പറഞ്ഞു. അന്തരിച്ച നിർമാതാവും നടനുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര. വിവാഹം തീരുമാനിച്ച സമയത്ത് മോഹൻലാൽ തന്നോട് സംസാരിച്ചതിനെക്കുറിച്ചും സുഹാസിനി ഓർത്തു.
പ്രിയൻ എന്തോ കാര്യത്തിന് എന്നെ ഫോൺ ചെയ്തു. അടുത്ത് മോഹൻലാലുണ്ട് സംസാരിക്കണമെന്ന് പറഞ്ഞു. ഫോണെടുത്ത് ആദ്യം പറഞ്ഞത് സുഹാസിനീ ഞാൻ സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്യുന്നു, മദ്രാസിൽ നിന്നാണ്, ഞാൻ വളരെ സന്തോഷവാനാണ് എന്നാണ്. പൊതുവെ വിവാഹത്തിന് പെൺകുട്ടികൾക്കായിരിക്കും കൂടുതൽ സന്തോഷിക്കുക എന്ന് ഞാൻ കരുതിയത്. പക്ഷെ മോഹൻലാൽ അന്ന് അതീവ സന്തോഷത്തിലായിരുന്നെന്നും സുഹാസിനി അഭിമുഖത്തിൽ ഓർത്തു.

മകൻ പ്രണവിനെക്കുറിച്ചും മോഹൻലാൽ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. പ്രണവിന് ആദ്യം അഭിനയ രംഗത്തേക്ക് വരാൻ താൽപര്യമുണ്ടായിരുന്നില്ല. നീ ശ്രമിച്ച് നോക്കെന്ന് ഞാനും സുചിത്രയും പറഞ്ഞു. അവന് അവന്റേതായ രീതിയിൽ സിനിമ ചെയ്യാനാണിഷ്‌ടമെന്ന് പറഞ്ഞു. ഒരുപാട് സിനിമകൾ ചെയ്യാൻ താൽപര്യമില്ലെന്നും മോഹൻലാൽ പറഞ്ഞു.
ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകരിലേക്ക് എത്തുകയാണ് മോഹൻലാലിന്റെ ബറോസ്. നടൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്. നിധി കാക്കുന്ന ഭൂതമായ ബറോസ് ആയാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മൈ ഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോയുടെ കഥയാണ് മോഹൻലാൽ സിനിമയാക്കുന്നത്. അമ്മയെ ഈ സിനിമ തിയറ്ററിൽ കാണിക്കാനാകില്ല എന്ന വിഷമം നടനുണ്ട്. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് മോഹൻലാൽ സംസാരിച്ചു. പത്ത് വർഷത്തോളമായി അമ്മ കിടപ്പിലാണ്. അമ്മയെ തിയറ്ററിൽ കൊണ്ട് പോയി ത്രീ ഡി കണ്ണാടി വെപ്പിച്ച് ഈ സിനിമ കാണിക്കാൻ പറ്റില്ലെന്ന വിഷമമുണ്ടെന്നാണ് താരം പറഞ്ഞത്.


Click it and Unblock the Notifications