തലൈവരും ഇളയദളപതിയും മോഹന്‍ലാലിന് മുന്നില്‍ തോറ്റോ? റെക്കോര്‍ഡ് കളക്ഷനുമായി ലൂസിഫര്‍ കുതിക്കുന്നു!!
കഴിഞ്ഞ വര്‍ഷം പരാജയ സിനിമകളായിരുന്നുവെങ്കില്‍ ഇക്കൊല്ലം ആ കുറവ് നികത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ബോക്‌സോഫീസിനെ തകര്‍ത്തി വീഴ്ത്തി കൊണ്ടാണ് ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തിയത്. റിലീസിന് മുന്‍പുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം പിന്തുണയാണ് റിലീസിനെത്തിയതിന് ശേഷം ലൂസിഫറിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.
മലയാള സിനിമയില്‍ ആദ്യ നൂറ് കോടി സമ്മാനിച്ചത് മോഹന്‍ലാല്‍ ചിത്രമാണെങ്കിലും ഇതുവരെ മലയാളത്തിലുണ്ടായിരുന്ന സകല റെക്കോര്‍ഡുകളും ലൂസിഫര്‍ തിരുത്തി കുറിച്ചെന്നാണ് കണക്കുകള്‍. മലയാള സിനിമകളുടെ മാത്രമല്ല തമിഴില്‍ നിന്നുമെത്തിയ രജനികാന്തിന്റെയും വിജയ് ചിത്രങ്ങളെയുമെല്ലാം തകര്‍ത്ത് തരിപ്പണമാക്കിയാണ് ലൂസിഫറിന്റെ യാത്രയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൂസിഫറിന്റെ റിലീസ്
മാര്‍ച്ച് 28 നായിരുന്നു മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ റിലീസിനെത്തുന്നത്. കേരളത്തില്‍ നാനൂറിന് മുകളില്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രം ആഗോളതലത്തില്‍ 3070 ഓളം തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്തത്. റിലീസ് ദിവസം റെക്കോര്‍ഡ് പ്രദര്‍ശനമായിരുന്നു. ഇന്ത്യയ്ക്ക് പുറമേ 43 ഓളം രാജ്യങ്ങളിലേക്കും ലൂസിഫര്‍ എത്തിയിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലൂസിഫര്‍ പുതിയ ചരിത്രം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്നാണ്.

ന്യൂസിലാന്‍ഡിലെ റിലീസ്
ലൂസിഫര്‍ ന്യൂസിലാന്‍ഡിലേക്കും റിലീസിനെത്തിയിരുന്നു. ആദ്യ ആഴച പിന്നിടുമ്പോള്‍ അവിടെ നിന്നും റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയെന്ന കണക്കുകളാണ് പുറത്ത് വരുന്നത്. യുഎസ് ഡോളര്‍ 45,069 (ഇന്ത്യന്‍ രൂപ 31,20,171.94) സിനിമയ്ക്ക് ആദ്യ ആഴ്ചയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. വലിയൊരു തുക സ്വന്തമാക്കിയതോടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയില്‍ ലൂസിഫര്‍ മുകളിലേക്ക് എത്തിയിരിക്കുകയാണ്.

പേട്ടയെ മറികടന്നു
ഈ വര്‍ഷം പൊങ്കലിന് മുന്നോടിയായി ജനുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയ രജനികാന്ത് ചിത്രമായിരുന്നു പേട്ട. തമിഴ്‌നാട്ടിലും വിദേശത്തുമടക്കം ഗംഭീര പ്രകടനമായിരുന്നു പേട്ട കാഴ്ച വെച്ചത്. റിലീസിനെത്തിയ ആദ്യ ആഴ്ച 44,170 ഡോളറായിരുന്നു പേട്ടയ്ക്ക് ന്യൂസിലാന്‍ഡില്‍ നിന്നും ലഭിച്ചത്. ഇതോടെ രജനികാന്ത് സ്വന്തമാക്കി വെച്ചിരുന്ന റെക്കോര്‍ഡ് ലൂസിഫറിലൂടെ മോഹന്‍ലാല്‍ അനായാസം മറികടന്നിരിക്കുകയാണെന്നാണ് സൂചന.

വിജയ് ചിത്രം സര്‍ക്കാരും...
കഴിഞ്ഞ വര്‍ഷം വിജയ് നായകനായെത്തിയ ഹിറ്റ് സിനിമയായിരുന്നു സര്‍ക്കാര്‍. ന്യൂസിലാന്‍ഡിലേക്ക് റിലീസിനെത്തിയ സര്‍ക്കാര്‍ ആദ്യ ആഴ്ച 40,879 ഡോളറായിരുന്നു സ്വന്തമാക്കിയത്. ഇതിനെയും ലൂസിഫര്‍ മറികടന്നു. നിലവില്‍ ഒന്നാം സ്ഥാനം മോഹന്‍ലാലിന് സ്വന്തമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ കളക്ഷന്‍ ലഭിക്കുകയാണെങ്കില്‍ ലൂസിഫര്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. രജനികാന്തിന്റെ കാലയും വിജയുടെ മെര്‍സലുമാണ് ആദ്യ അഞ്ച് സിനിമകളുടെ പട്ടികയിലുള്ള മറ്റ് സിനിമകള്‍.

രണ്ടാം ആഴ്ചയിലേക്ക്..
മാര്‍ച്ച് 28 ന് റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ആഴ്ച കഴിയാന്‍ പോവുകയാണ്. ആദ്യ ദിവസങ്ങളില്‍ തന്നെ ബോക്‌സോഫീസില്‍ വലിയൊരു ചലനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. മൂന്ന് ദിവസങ്ങള്‍ കൊണ്ട് അമ്പത് കോടിയും അഞ്ച് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലേക്കും സിനിമ എത്തിയിട്ടുണ്ടാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. നൂറ് എന്നുള്ളത് 200 കോടിയും മറികടക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ സിനിമകള്‍ റിലീസിനൊരുങ്ങുകയാണ്. അതിന് മുന്‍പ് ബോക്‌സോഫീസില്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.


Click it and Unblock the Notifications