കുഞ്ഞാലി മരക്കാരെ മാറ്റേണ്ടി വരുമോ? മോഹന്‍ലാലിന് ട്രോള്‍, പ്രണവ് മോഹന്‍ലാലിന് ആശംസകളും!
നടന വിസ്മയമായി അച്ഛന്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നതിനൊപ്പം തന്നാല്‍ കഴിയുന്ന പോലെ ശ്രദ്ധേയനാവുകയാണ് പ്രണവ് മോഹന്‍ലാല്‍. അച്ഛന്‍ വലിയ നടനായിരുന്നെങ്കിലും സാധാരണക്കാരനായി അലഞ്ഞ് നടക്കാനായിരുന്നു പ്രണവിന് താല്‍പര്യം. എന്നാല്‍ സിനിമാപ്രേമികളുടെയും മോഹന്‍ലാല്‍ ആരാധകരുടെയും നിരന്തരം ആവശ്യപ്രകാരം പ്രണവും സിനിമയിലേക്ക് എത്തുകയായിരുന്നു.
ആദി എന്ന ജിത്തു ജോസഫ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം നടത്തിയ പ്രണവിന് വലിയ പിന്തുണയായിരുന്നു ലഭിച്ചത്. ഉടന്‍ തന്നെ രണ്ടാമത്തെ സിനിമയുമായി പ്രണവ് വരികയാണ്. ഇപ്പോഴിതാ അച്ഛനും മകനും പുതിയ സിനിമകളിലൂടെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനെ കടത്തിവെട്ടുന്ന ഗെറ്റപ്പിലെത്തി കേരളത്തില്‍ പ്രണവും തരംഗമായി കൊണ്ടിരിക്കുകയാണ്.
മരക്കാരിലെ പ്രണവ്
മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും വീണ്ടുമൊരു സിനിമയിലൂടെ ഒന്നിക്കുകയാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാരുടെ ചെറുപ്പക്കാലം അവതരിപ്പിക്കാനെത്തുന്നത് പ്രണവാണ്. ചിത്രത്തില്‍ പ്രണവ് ഉണ്ടെന്നുള്ള വാര്‍ത്ത വന്നപ്പോള്‍ മുതല്‍ മോഹന്‍ലാല്‍ ഫാന്‍സും സിനിമാപ്രേമികളും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാലിന് മുന്‍പ് ജോയിന്‍ ചെയ്തിരുന്നത് പ്രണവായിരുന്നെങ്കിലും ഫസ്റ്റ് ലുക്ക് വന്നത് മോഹന്‍ലാലിന്റേതായിരുന്നു. എന്നാല്‍ എല്ലാവരെയും അതിശയിപ്പിച്ച് കൊണ്ട് പ്രണവിന്റെ ഫോട്ടോസും പുറത്തു വന്നു.

മോഹന്‍ലാലിനെ കടത്തിവെട്ടുമോ?
മരക്കാര്‍ അറബിക്കടലിന്റെ ലൊക്കേഷനില്‍ നിന്നും പുറത്ത് വന്ന പ്രണവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. മോഹന്‍ലാല്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു പ്രണവിന്റെ ചിത്രം പുറത്ത് വന്നത്. ഇത്തവണ മോഹന്‍ലാലിനെ കടത്തിവെട്ടുന്ന ലുക്കാണ് പ്രണവിനെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. എന്തായാലും ഒറ്റ സിനിമയിലൂടെ അച്ഛനും മകനും മലയാളക്കരയില്‍ പുതിയൊരു വിസ്മയം തീര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ലാലേട്ടന് ട്രോളുകള്‍
പ്രണവിന്റെ ലുക്ക് പുറത്ത് വരുന്നതിന് മുന്‍പ് മരക്കാരിന്റെ ലൊക്കേഷനില്‍ നിന്നും മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ലീക്കായിരുന്നു. ലൊക്കേഷനില്‍ നിന്നും ആരോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോസാണ് തരംഗമായത്. പിന്നാലെ തന്നെ മോഹന്‍ലാല്‍ സിനിമയിലെ തന്റെ ലുക്ക് ഔദ്യോഗികമായി പുറത്ത് വിട്ടു. ഇതിനെതിരെ വ്യാപക ട്രോളുകളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്. പതിനാറാം നൂറ്റാണ്ടിലെ കഥയാണെന്ന് പറഞ്ഞാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരുന്നതെങ്കില്‍ മോഹന്‍ലാലിന്റെ വേഷം കണ്ടാല്‍ അങ്ങനെ തോന്നില്ലെന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഇതോടെ ഫാന്‍സി ഡ്രസ്സ് ആണോ ഇത്രയും വലിയൊരു സിനിമയ്ക്ക് വേണ്ടി കണ്ടെത്തിയതെന്നും ചോദിച്ച് നിരവധി പേര്‍ രംഗത്തെത്തി.

മാസായി മോഹന്‍ലാല്‍
കുഞ്ഞാലി മരക്കാരുടെ കാര്യം അങ്ങനെയാണെങ്കില്‍ മോഹന്‍ലാല്‍ മറ്റൊരു ഫസ്റ്റ് ലുക്കില്‍ മാസ് പ്രകടനം നടത്തിയിരുന്നു. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കാപ്പാന്റെ ഫസ്റ്റ് ലുക്കിലാണ് മോഹന്‍ലാല്‍ അതിശയിപ്പിച്ചത്. ചിത്രത്തില്‍ പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചന്ദ്രകാന്ത് വര്‍മ്മ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാലിന്റെ പ്രധാനമന്ത്രിയുടെ ലുക്കിനൊപ്പമാണ് പ്രണവിന്റെ കുഞ്ഞാലി മരക്കാര്‍ സോഷ്യല്‍ മീഡിയ കൈയടക്കിയിരിക്കുന്നത്.


Click it and Unblock the Notifications