മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെ വിസ്മയം! ലൂസിഫറിനെ പറ്റി അറിയുന്നതും അല്ലാത്തതുമായ കാര്യങ്ങള്‍
Recommended Video

പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും സിനിമകള്‍ വന്‍ പ്രചാരത്തോടെയാണ് കേരളത്തില്‍ റിലീസിനെത്തുന്നത്. അങ്ങനെയെങ്കില്‍ ഇരുവരും ഒന്നിച്ചെത്തുന്ന സിനിമ എങ്ങനെയാവും. ലൂസിഫറിന്റെ വരവോട് കൂടി അക്കാര്യത്തില്‍ ഒരു തീരുമാനമാവും. പൃഥ്വിരാജ് സംവിധായകന്റെ റോളിലും മോഹന്‍ലാല്‍ നായകനായിട്ടും അഭിനയിക്കുന്ന ലൂസിഫര്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
2019 ല്‍ മലയാള സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് ലൂസിഫറാണെന്നുള്ള കാര്യം വ്യക്തമാണ്. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്റെ റോളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. സിനിമയെ കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയുന്നതും അല്ലാത്തതുമായ കാര്യങ്ങള്‍ ഇവയാണ്.

ലൂസിഫറിന്റെ പ്രഖ്യാപനം
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ലൂസിഫറിന്റെ പ്രഖ്യാപനം നടന്നിരുന്നു. 2016 സെപ്റ്റംബര്‍ 15 നായിരുന്നു പൃഥ്വിരാജ് താന്‍ സംവിധാനത്തിലേക്ക് അരങ്ങേറ്റം നടത്തുന്ന സിനിമ വരികയാണെന്ന കാര്യം സോഷ്യല്‍ മീഡിയ പേജിലൂടെ ഔദ്യോഗികമായി പുറത്ത് വിട്ടത്. പൃഥ്വിരാജിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ സിനിമയില്‍ താന്‍ നായകനാവുന്നു എന്ന കാര്യം മോഹന്‍ലാലും വ്യക്തമാക്കി. മുന്‍കാലത്ത് തന്റെ സഹപ്രവര്‍ത്തകരായിരുന്ന സുകുമാരന്റെയും ഭരത് ഗോപിയുടെയും മക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ചും മോഹന്‍ലാല്‍ തുറന്ന് പറഞ്ഞിരുന്നു.

ചിത്രീകരണം തുടങ്ങാന്‍ വൈകിയത്..
സൂപ്പര്‍ താരങ്ങളെയെല്ലാം ഒന്നിച്ചെത്തിച്ച് നിര്‍മ്മിക്കുന്ന ലൂസിഫറിന്റെ ചിത്രീകരണം തുടങ്ങാന്‍ ഒരുപാട് താമസിച്ചിരുന്നു. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും തിരക്കുകളായിരുന്നു ലൂസിഫര്‍ വൈകാന്‍ കാരണം. നായകനാവാന്‍ ഒരുപാട് സിനിമകള്‍ ഏറ്റെടുത്തത് കാരണം പൃഥ്വിരാജ് ലൂസിഫര്‍ സംവിധാനം ചെയ്യില്ലെന്ന് ഇടക്കാലത്ത് ഒരു കിംവദന്തി പ്രചരിച്ചിരുന്നു. എന്നാല്‍ തിരക്കഥാകൃത്തായ മുരളി ഗോപിയും നിര്‍മാതാവായ ആന്റണി പെരുമ്പാവൂരും ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയിരുന്നു.

ഒടുവില്‍ ഷൂട്ടിംഗ് ആരംഭിച്ചു
പ്രചരിച്ചിരുന്ന ഗോസിപ്പുകള്‍ക്കെല്ലാം മറുപടി എന്നവണ്ണം 2017 ഏപ്രിലോട് കൂടി ലൂസിഫറിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിരുന്നു. 2018 ല്‍ ഒടിയന്റെ സെറ്റില്‍ നിന്നും തിരക്കഥയെ കുറിച്ചിട്ടുള്ള ചര്‍ച്ചയും താരങ്ങള്‍ തമ്മില്‍ നടത്തിയിരുന്നു. ഒടുവില്‍ 2018 ജൂലൈ പതിനെട്ടിന് ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറില്‍ നിന്നും ലൂസിഫറിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ലക്ഷദ്വീപ്, ബാംഗ്ലൂര്‍, മുംബൈ, റഷ്യ എന്നിങ്ങനെ ലൂസിഫറിന് ഒരുപാട് ലൊക്കേഷനുകള്‍ ഉണ്ടായിരുന്നു. 2019 ജനുവരി 20 ലക്ഷ്വദീപില്‍ നിന്നുമായിരുന്നു സിനിമയുടെ ഷൂട്ടിംഗ് തീര്‍ന്നത്.

താരസമ്പന്നമായ സിനിമ
മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന വേഷത്തിലെത്തുമ്പോള്‍ ബോളിവുഡില്‍ നിന്നുമടക്കമുള്ള താരങ്ങള്‍ ലൂസിഫറില്‍ അഭിനയിക്കുന്നുണ്ട്. മഞ്ജു വാര്യരാണ് നായിക. ബോളിവുഡ് സൂപ്പര്‍ താരം വിവേക് ഒബ്‌റോയ് ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ഫാസില്‍ (സംവിധായകന്‍) ബാല, സായ് കുമാര്‍, വിജയരാഘവന്‍, ജോയ് മാത്യു, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഗത, പൗളി വി്ല്‍സണ്‍, മറാത്തി ആക്ടര്‍ സച്ചിന്‍ കെടക്കര്‍ തുടങ്ങിയവരാണ് ലൂസിഫറിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മറ്റ് അണിയറ പ്രവര്‍ത്തകര്‍
നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കുന്നത്. ബിഗ് ബജറ്റ് മുതല്‍ മുടക്ക് ആവശ്യമായി വരുന്ന ചിത്രം ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്, ദീപ്ക ദേവാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഫാര്‍സ് ഫിലിം കമ്പനി എല്‍എല്‍സിയാണ് ലൂസിഫര്‍ യുഎഇയിലും ജിസിസിയിലും വിതരണത്തിന് എത്തിക്കുന്നത്.


Click it and Unblock the Notifications