ആ കുസൃതിയും ചുറുചുറുക്കും അമ്മയിൽ നിന്ന്, അച്ഛനെ പരിപാലിക്കുന്നത് കണ്ടല്ലേ വളർന്നത്; അമ്മയുടെ പകർപ്പായ മകൻ!
അച്ഛനേയും ജേഷ്ഠനേയും നഷ്ടപ്പെട്ടശേഷം മോഹൻലാലിന്റെ ലോകം അമ്മ ശാന്തകുമാരിയായിരുന്നു. ആദ്യം താരത്തിന് നഷ്ടപ്പെട്ടത് സഹോദരൻ പ്യാരി ലാലിനെയായിരുന്നു. രണ്ടായിരത്തിലാണ് പ്യാരി ലാൽ അന്തരിച്ചത്. അന്ന് നാൽപ്പത് വയസ് മാത്രമായിരുന്നു മോഹൻലാലിന്റെ പ്രായം. ഏഴ് വർഷങ്ങൾക്കിപ്പുറം അച്ഛൻ വിശ്വനാഥൻ നായരേയും നഷ്ടപ്പെട്ടു. എൺപതാം വയസിലാണ് അദ്ദേഹം ആരോഗ്യപ്രശ്നങ്ങളാൽ മരിക്കുന്നത്. പിന്നീട് അമ്മയ്ക്ക് ലാലും ലാലിന് അമ്മയും എന്ന രീതിയിലായിരുന്നു ഇരുവരും ജീവിച്ചിരുന്നത്.
മോഹൻലാലിന് എവിടെ നിന്നാണ് ഇത്ര കുസൃതിയും ചുറുചുറുക്കും വിനയവും കിട്ടിയതെന്ന സംശയം എല്ലാവർക്കുമുണ്ട്. അതിന് വേറെ ഉത്തരങ്ങൾ ഒന്നുമില്ല. അമ്മ ശാന്തകുമാരി തന്നെയാണ് ഉറവിടം. ഒരു വട്ടമെങ്കിലും ശാന്തകുമാരിയമ്മയെ പരിചയപ്പെട്ടവർ ഒരിക്കലും ആ മുഖം മറക്കുകയില്ല.

ആര് വീട്ടിലേക്ക് വന്നാലും സ്നേഹത്തോടെ സ്വീകരിച്ച് ഇരുത്തി ഊട്ടുന്ന പ്രകൃതക്കാരി. മകന്റെ വിശേഷങ്ങൾ അടക്കം വാതോരാതെ പങ്കുവെയ്ക്കും. എപ്പോഴും എനർജറ്റിക്കായ അമ്മ. ലാളിത്യം നിറഞ്ഞ വസ്ത്രധാരണവും എപ്പോഴും ചിരിക്കുന്ന മുഖവും ചുവന്ന വട്ടപ്പൊട്ടുമായിരുന്നു ശാന്തകുമാരിയമ്മയുടെ അടയാളം. അമ്മയ്ക്ക് മുമ്പിൽ ലാലേട്ടന്റെ എനർജിയൊക്കെ ഒന്നുമല്ലെന്നാണ് കുടുംബത്തോട് അടുത്ത് ഇടപഴകിയിട്ടുള്ളവർ പറയാറുള്ളത്.
എഴുപതുകളിലേക്ക് കടന്നശേഷമാണ് ശാന്തകുമാരിക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ ഓരോന്നായി വന്ന് തുടങ്ങിയത്. പക്ഷഘാതം വന്നശേഷമാണ് ശാന്തകുമാരി വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി തുടങ്ങിയത്. അമ്മയുടെ പ്രായത്തിലുള്ള മറ്റ് അമ്മമാർ ആരോഗ്യത്തോടെ നടന്ന് പോകുമ്പോൾ താൻ ഓർക്കാറുള്ളത് അമ്മയുടെ അവസ്ഥയാണെന്ന് നടൻ പറഞ്ഞിട്ടുണ്ട്.
തുടക്കത്തിൽ കിടപ്പിലായിരുന്നുവെങ്കിലും സംസാരിക്കുമായിരുന്നു. പിന്നീട് ആരോഗ്യപ്രശ്നങ്ങൾ കൂടിയതോടെ സംസാരിക്കതെയായി. എന്നിരുന്നാലും അമ്മയിൽ നിന്നും മറുപടി വന്നില്ലെങ്കിലും തന്റെ എല്ലാ വിശേഷങ്ങളും നടൻ അമ്മയെ അറിയിക്കുമായിരുന്നു. ജീവിതത്തിൽ എന്ത് നല്ലകാര്യം സംഭവിച്ചാലും ആ സന്തോഷം ആദ്യം പങ്കിടുന്നതും അമ്മയോടാണ്.
അമ്മയുടെ ആരോഗ്യനില വഷളാകുമ്പോൾ താൻ ഒരു ധൈര്യത്തിന് എന്നോണം ആദ്യം സമീപിക്കാറുള്ളത് മാതാ അമൃതാനന്ദമയിയെയാണെന്ന് മോഹൻലാൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എത്ര തിരക്കിന് ഇടയിലാണെങ്കിലും അമ്മയുടെ ഒരു കാര്യങ്ങൾക്കും മോഹൻലാൽ മുടക്ക് വരുത്തിയിരുന്നില്ല. കുഞ്ഞുങ്ങളെ പരിപാലിക്കും പോലെയാണ് അമ്മയെ മോഹൻലാലും കുടുംബവും ശുശ്രൂഷിച്ചിരുന്നത്.

അമ്മയിൽ നിന്ന് തന്നെയാകണം ആ ഗുണം ലാലിന് കിട്ടിയത്. കാരണം മറവി രോഗം ബാധിച്ച അച്ഛന്റെ അവസാനകാലത്ത് അമ്മ എങ്ങനെയാണ് അച്ഛനെ ശുശ്രൂഷിച്ചിരുന്നതെന്ന് ഒരിക്കൽ മോഹൻലാൽ പറഞ്ഞിരുന്നു. മറവിരോഗത്തിന്റെ പിടിയിലായ അച്ഛന്റെ അവസാനകാലത്ത് അമ്മ നൽകിയ കരുതലും സ്നേഹവും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. മറവിരോഗ ബാധിതരായവരെ കുടുംബാഘോഷങ്ങൾക്കും ചടങ്ങുകൾക്കുമൊന്നും കൊണ്ടുപോകാറില്ല.
എന്നാൽ അമ്മ അച്ഛനെ കഴിയാവുന്ന സ്ഥലങ്ങളിലെല്ലാം കൊണ്ടുപോയിട്ടുണ്ട്. ചിലനേരങ്ങളിൽ കുഞ്ഞിനെപ്പോലെയാണ് അമ്മ അച്ഛനെ പരിചരിച്ചത്. ഒരിക്കൽ പറഞ്ഞ അതേ കാര്യങ്ങൾ തന്നെ എത്രയോ തവണ അമ്മ ക്ഷമയോടെ അച്ഛനുവേണ്ടി ആവർത്തിച്ചിട്ടുണ്ട്. അവസാനകാലത്ത് അച്ഛന് എന്നെ തിരിച്ചറിയാനാകുന്നുണ്ടോയെന്നുപോലും എനിക്ക് സംശയമായിരുന്നു. ഒരിക്കൽ ഇരുവരും ഒരുമിച്ച് എന്റെ സിനിമകാണാൻ തിയറ്ററിൽ പോയി.
അമ്മയുടെ കൈപിടിച്ച് അമ്മ നൽകുന്ന വിശദീകരണങ്ങൾ ചെറിയ കുഞ്ഞിനെപ്പോലെ കേട്ടിരുന്ന അച്ഛനെ കണ്ട് എന്റെ കണ്ണുനിറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊക്കെയാണ് അൾഷിമേഴ്സ് ബാധിതനായ ഒരാളെ നോക്കേണ്ടതെന്ന് അമ്മയോട് ഒരു ഡോക്ടറും പറഞ്ഞുകൊടുത്തിരുന്നില്ല.
ഒന്നും ആരും പറഞ്ഞുകൊടുക്കാതെ തന്നെ അമ്മ ചെയ്തു. അച്ഛന് കുഞ്ഞിന് നൽകുന്ന പോലെയുള്ള സ്നേഹവും കരുതലും നൽകി എന്നാണ് അമ്മയെ കുറിച്ച് ഒരിക്കൽ മോഹൻലാൽ പറഞ്ഞത്. അതെല്ലാം കണ്ടുവളർന്നതുകൊണ്ടാകും എല്ലാവരോടും സൗമ്യമായി പെരുമാറാൻ മഹാനടന് കഴിയുന്നത്.


Click it and Unblock the Notifications











