For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ അവിവാഹിതനായി കഴിയുന്നു എന്നതായിരുന്നു അമ്മയുടെ വിഷമം! അമ്മയെ കുറിച്ച് പറഞ്ഞ് ഇടവേള ബാബു

  |

  ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ഇടവേള ബാബു. ആഗസ്റ്റ് 26 നായിരുന്നു താരത്തിന്റെ അമ്മയുടെ വിയോഗ വാര്‍ത്ത പുറത്ത് വരുന്നത്. അതിന് തലേ ദിവസം ജന്മദിനം ആഘോഷിച്ച അമ്മയെ കുറിച്ച് ഓര്‍മ്മിക്കുകയാണ് താരമിപ്പോള്‍. കലയെ അത്രത്തോളം സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു എന്റെ അമ്മ.

  കലയ്ക്ക് കണക്ക് പറയരുതെന്ന് പഠിപ്പിച്ച അമ്മയെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇടവേള ബാബു തുറന്ന് സംസാരിച്ചത്. ഒപ്പം പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ വിളിച്ച് വിശേഷം പങ്കുവെച്ചതിനെ കുറിച്ചും അവിവാഹിതനായ തന്നെ കുറിച്ചുള്ള അമ്മയുടെ ആശങ്കകളും താരം പറയുന്നു.

  മരണത്തിന്റെ തലേ ദിവസമായിരുന്നു അമ്മയുടെ പിറന്നാള്‍. ഞങ്ങള്‍ മക്കള്‍ക്കും കൊച്ചു മക്കള്‍ക്കുമൊപ്പം കേക്കൊക്കെ മുറിച്ച് ആഘോഷത്തോടെയാണ് ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ ഒരു മണിയോടെ ടോയിലെറ്റില്‍ പോയി തിരിച്ച് വരുമ്പോള്‍ കട്ടിലിനരികില്‍ കുഴഞ്ഞ് വീണു. ശബ്ദം കേട്ട് സഹോദരന്‍ ജയചന്ദ്രന്‍ ഓടിയെത്തി. പത്ത് മിനുറ്റിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴെക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. അമ്മയായിരുന്നു എന്റെ ലോകം.

  അമ്മയുടെ ആകെയുള്ള വിഷമം ഞാനിങ്ങനെ അവിവാഹിതനായി കഴിയുന്നു എന്നതായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ അത് സംഭവിക്കാതെ പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്നാലും അമ്മയ്ക്ക് ഞാന്‍ നല്ല മകനായിരുന്നു എന്നാണ് എന്റെ വിശ്വാസം. അടുത്തിടെയായി ഞാന്‍ എപ്പോഴും അടുത്ത് വേണം എന്ന് അമ്മ ആഗ്രഹിച്ചിരുന്നു. ലോക്ഡൗണ്‍ ആയതോടെ അമ്മയുടെ ആ ആഗ്രഹവും നിറവേറ്റാന്‍ കഴിഞ്ഞു. പിറന്നാള്‍ ആഘോഷം കഴിഞ്ഞാണ് അമ്മ പോയത്. ഇത്തവണ അമ്മയുടെ ജന്മദിനാഘോഷത്തിന് പതിവില്‍ കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു.

  Sandra Thomas Exclusive Interview | FilmiBeat Malayalam

  ഇനി ഒരു പിറന്നാള്‍ ആഘോഷത്തിന് അമ്മ ഉണ്ടായില്ലെങ്കിലോ എന്നൊരു തോന്നല്‍ എന്റെ മനസില്‍ ഉണ്ടായിരുന്നു. അത് സത്യമായപ്പോള്‍ മനസില്‍ വല്ലാത്തൊരു വിങ്ങല്‍. 25-ാം തീയ്യതിയായിരുന്നു അമ്മയുടെ പിറന്നാള്‍. അന്നായിരുന്നു അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി. അതിനാല്‍ എനിക്ക് അമ്മയോടൊപ്പം ഊണ്‍ കഴിക്കാന്‍ സാധിച്ചില്ല. ഇക്കാര്യം പങ്കുവെച്ചപ്പോള്‍ അമ്മയെ കണക്ട് ചെയ്യാന്‍ ലാലേട്ടന്‍ പറഞ്ഞു. വീഡിയോ കോളില്‍ ലാലേട്ടനും ജയസൂര്യയും ഹണി റോസും രചന നാരായണന്‍കുട്ടിയും അമ്മയുമായി സംസാരിച്ചു. അമ്മയ്ക്ക് വലിയ സന്തോഷമായി. ലോക്ഡൗണ്‍ കാലത്തും അമ്മയുമായി ലാലേട്ടന്‍ സംസാരിച്ചിട്ടുണ്ട്.

  അതുപോലെ ദാസേട്ടനും സുജാത ചേച്ചിയുമൊക്കെ എനിക്ക് അയച്ച വോയിസ് ക്ലിപ്പ് കേട്ട് ഒരു സംഗീത അധ്യാപക എന്ന നിലയില്‍ അമ്മയ്ക്ക് എന്നെ കുറിച്ച് വലിയ അഭിമാനം തോന്നിയെന്നും പറഞ്ഞിരുന്നു. എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു എല്ലാം. അമ്മ എല്ലാവരെയും മനസ് തുറന്ന് സ്‌നേഹച്ചിരുന്ന ആളാണ്. അച്ഛനും കലാസ്‌നേഹിയായിരുന്നു. പോലീസില്‍ ആയിരുന്ന അച്ഛന്‍ പിന്നീട് പന്ത്രണ്ട് വര്‍ഷത്തോളം പാറമേക്കാവ് ദേവസ്വത്തിന്റെ മാനേജരായിരുന്നു. ആനയും പൂരവും ഒക്കെയായി കലാകാരന്മാര്‍ നിറഞ്ഞ് നിന്ന വീടാണ് എന്റേത്.

  ഗുരുനാഥന്മാരെ ബഹുമാനിക്കാന്‍ ഞാന്‍ പഠിച്ചത് അമ്മയില്‍ നിന്നുമാണ്. കല ഒരിക്കലും സാമ്പത്തിക നേട്ടത്തിനായി അമ്മ ഉപയോഗിച്ചിട്ടില്ല. അടുത്ത കാലം വരെ അമ്മ ഡാന്‍സ് പഠിപ്പിച്ചിരുന്നത് വെറും അഞ്ച് രൂപ കൈനീട്ടം വാങ്ങിയാണ്. ഞാന്‍ ചില സിനിമകളുടെ പ്രതിഫലക്കാര്യം സംസാരിക്കുമ്പോള്‍, കലയ്ക്ക് കണക്ക് പറയരുത് മക്കളേന്ന് അമ്മ പറയും. അതിനാല്‍ പലപ്പോഴും ഞാനും തര്‍ക്കിക്കാറില്ല. ലോക്ഡൗണ്‍ കാലത്ത് കഴിഞ്ഞ ആറേഴ് മാസമായി അമ്മയോടൊപ്പമായിരുന്നു. അതിനിടെ വല്ലപ്പോഴും ചില യാത്രകള്‍ക്കിറങ്ങുമ്പോള്‍ 'നീ എപ്പോള്‍ തിരിച്ച് വരും' എന്ന് അമ്മ ചോദിക്കുമായിരുന്നു. ഞാന്‍ അമ്മയോടൊപ്പം വേണമായിരുന്നു എന്ന് അമ്മ ആഗ്രഹിച്ചിരുന്നു എന്ന പോലെ....

  English summary
  Mohanlal's Call On My Mother's Birthday Make Her Happy, Idavela Babu Recall His Mother Memories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X