'മോഹൻലാലിന്റെ മുഖച്ഛായ ഉള്ളതിനാൽ ആക്രമിക്കപ്പെട്ടു, വിനയൻ ഒറ്റയാനാണ് ആരെയും കൂസില്ല'; നടൻ മദൻലാൽ
സ്വന്തം പരിമിതികളെ ഏറ്റവും വലിയ കഴിവാക്കി മാറ്റിയ നടനാരെന്ന് ചോദിച്ചാൽ അത് മോഹൻലാലാണെന്ന് പറയേണ്ടി വരും. പരിമിതികളൊന്നുമില്ലാത്ത നടനെന്നുള്ള സത്യത്തിലേക്ക് മോഹൻലാൽ നടന്ന് കയറിയത് പല വിശ്വാസങ്ങളെയും മുൻധാരണകളെയും തല്ലി തകർത്ത് കൊണ്ട് തന്നെയാണ്. സ്വന്തം ശരീരവും ശബ്ദവും വലിയ പരിമിതിയാണ് അയാൾക്ക് എന്ന് സിനിമയിൽ വന്ന കാലം പലരും വിധിയെഴുതി. പിന്നീട് ഒരു കാലത്ത് അതുവരെ സ്വന്തമായിരുന്ന ശബ്ദം പോലും മോഹൻലാലിന് നഷ്ടമായി.
ഗൗരവമേറിയ ശബ്ദം ആവശ്യപ്പെടുന്ന കഥാപാത്രങ്ങളും സംഭാഷണങ്ങളും അയാൾക്ക് വഴങ്ങില്ലെന്ന് പലരും കരുതി. പക്ഷേ ഇന്ന് മലയാള സിനിമയിലെ ആണത്തം നിറഞ്ഞ കഥാപാത്രങ്ങളും എണ്ണം പറഞ്ഞ മാസ്സ് ഡയലോഗുകളും മോഹൻലാലിൻറെ കയ്യിലുള്ളതിൻറെ ഏഴയലത്ത് മറ്റൊരു നടനുമില്ല. മോഹൻലാൽ എന്ന അതുല്യപ്രതിഭയെകുറിച്ച് പറയുവാൻ ഏറെയുണ്ട്. എല്ലാം പറഞ്ഞുകൊണ്ട് പൂർണതയിൽ എത്തിക്കാൻ കഴിയില്ല. പക്ഷേ ഒന്നറിയാം കെട്ടിയാടിയ വേഷങ്ങളെക്കാൾ മികച്ചതാകും ഇനി ആ മഹാനടനിൽ നിന്നും ജനിക്കുക.

ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ അതിനിയും മോഹൻലാൽ അനശ്വരമാക്കും. മലയാള സിനിമയുടെ കിരീടം വെക്കാത്ത രാജാവിന്റെ രൂപവുമായുള്ള സാദൃശ്യം കൊണ്ട് പ്രശസ്തനായ വ്യക്തിയാണ് നടൻ മദൻലാൽ. ആദ്യ സിനിമ വിനയൻ സംവിധാനം ചെയ്ത സൂപ്പർസ്റ്റാർ ആയിരുന്നു. വിനയനെ പരിചയപ്പെടുന്നതിലും നടനായി മാറിയതിന് പിന്നിലും നിരവധി കഥകൾ മദൻലാലിന് പറയാനുണ്ട്. മോഹൻലാലുമായുള്ള രൂപ സാദൃശ്യം മൂലം റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരാധകർ ആക്രമിച്ച സ്ഥിതി വരെയുണ്ടായി എന്നാണ് മദൻലാൽ ഇപ്പോൾ വെളിപ്പെടുത്തുന്നത്. 'ഞാൻ ഒരിക്കൽ എറണാകുളത്ത് ട്രെയിനിൽ വന്നിറങ്ങി. നടൻ മോഹൻലാലുമായുള്ള രൂപസാദൃശ്യം മൂലം എല്ലാവരും എന്നെ ശ്രദ്ധിക്കാനും അടുത്ത് കൂടാനും തൊടാനും തുടങ്ങി. അപ്പോഴെല്ലാം ഞാൻ മോഹൻലാലല്ലെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു.'

'എന്നാൽ ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. തിരക്കിലും തിരക്കിലും ഷർട്ട് കീറി. സ്ഥിതി ഗുരുതരമായപ്പോൾ പൊലീസ് വന്ന് എന്നെ കൂട്ടികൊണ്ടുപോയി കൺട്രോൾ റൂമിലിരുത്തി. ശേഷം ബന്ധുവന്നപ്പോഴാണ് എന്നെ വിട്ടയച്ചത്. ഈ സംഭവം നടക്കുമ്പോൾ വിനയന്റെ സഹായി റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നു. അയാൾ വഴിയാണ് വിനയൻ സംഭവം അറിയുന്നത്. അന്ന് അദ്ദേഹത്തിന് തോന്നിയ ചിന്തയാണ് സൂപ്പർസ്റ്റാർ എന്ന പേരിൽ സിനിമയായത്. ചിത്രീകരണം ആരംഭിക്കാൻ ഞാൻ ചെന്നപ്പോൾ അദ്ദേഹം മോഹൻലാലിനെ അനുകരിക്കാൻ പറഞ്ഞില്ല. നിന്റേതായ ശൈലിയിൽ ചെയ്യാനാണ് പറഞ്ഞത്. ഷൂട്ടിങിന് വേണ്ടി തങ്ങിയ ഇടത്ത് മോഹൻലാലുമുണ്ടായിരുന്നു. പോയി കാണാമെന്ന് എല്ലാവരും പറഞ്ഞിരുന്നു. പക്ഷെ വിനയൻ സാർ സമ്മതിച്ചില്ല. അതിന്റെ ആവശ്യമില്ലെന്നാണ് അന്ന് വിനയൻ സാർ പറഞ്ഞത്. ഞാൻ ഇന്നേ വരെ മോഹൻലാലിനെ നേരിൽ കണ്ടിട്ടില്ല. കാണാൻ ആഗ്രഹമുണ്ടായിരുന്നു.'
Recommended Video

'സൂപ്പർസ്റ്റാറിൽ ജഗതിയൊക്കെ അഭിനയിച്ചിട്ടുണ്ട്. അതിനാൽ ഇങ്ങനൊരു സിനിമയെ കുറിച്ച് അദ്ദേഹം തീർച്ചയായും കേട്ടിട്ടുണ്ടാകും. അല്ലെങ്കിൽ ണ്ടുകാണും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മോഹൻലാലുമായുള്ള സാമ്യത്തെ കുറിച്ച് നിരവധി പേർ പറഞ്ഞിട്ടുണ്ടെങ്കിലും എനിക്ക് അത് ഇന്നേവരെ തോന്നിയിട്ടില്ല. ഞാൻ എന്റേതായ രീതിയിൽ ചെയ്യുവെന്ന് മാത്രം. വിനയൻ സാർ ഒരു ഒറ്റയാനാണ്. ഒന്നിനെ കുറിച്ചും കൂസലില്ലാത്ത വ്യക്തിയായിട്ടാണ് അദ്ദേഹത്തെ കുറിച്ച് തോന്നിയിട്ടുള്ളത്. അതെപോലെ തന്നെയാണ് ഞാനും അങ്ങോട്ട് പോയി കാലുപിടിക്കുന്നതിനോട് താൽപര്യമില്ല. ഉദയ സ്റ്റുഡിയോയിലൊക്കെ ഷൂട്ടിങിനായി പോകുമ്പോൾ സംവിധായകർ അടക്കം മോഹൻലാൽ ആണെന്ന് കരുതി വന്ന് സംസാരിക്കാറുണ്ട് മദൻലാൽ പറയുന്നു. സിനിമകൾ ചെയ്യുന്നതിന് പുറമെ 1990 മുതൽ നിരവധി പരിപാടികളിൽ മോഹൻലാലായി വേഷപകർച്ച നടത്തി വിസ്മയിപ്പിക്കാനും' മദൻലാലിന് സാധിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാറിന് ശേഷം പ്രവാചകൻ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications