മരക്കാര്‍, ലുസിഫര്‍ 2, ബറോസ്സ മോഹന്‍ലാലിന് ബിഗ് ബജറ്റ് സിനിമകളുടെ മേളം!
കേരള ബോക്‌സോഫീസില്‍ വെടിച്ചില്ല് പ്രകടനം നടത്തി മോഹന്‍ലാല്‍ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പുലിമുരുകനിലൂടെ ആദ്യ നൂറ് കോടി സ്വന്തമാക്കിയ താരം ലൂസിഫറിലൂടെ അത് ഇരുന്നൂറ് കോടിയാക്കി. ശേഷം വേറെയും ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയാണ് മോഹന്‍ലാലിപ്പോള്‍. അതിനൊപ്പം സംവിധാനത്തിലേക്ക് കൂടിയുള്ള അരങ്ങേറ്റവും നടത്താനിരിക്കുകയാണ്.
ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തും. പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം കുഞ്ഞാലി മരക്കാരുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയതാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് മരക്കാരിനെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. റിലീസിനോടനുബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലൂസിഫര്‍ വലിയൊരു വിപ്ലവം സൃഷ്ടിച്ചിരുന്നു. പിന്നാലെ തന്നെ സിനിമയുടെ രണ്ടാം ഭാഗം വരുന്നതായിട്ടും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ബിഗ് ബജറ്റില്‍ ബ്രഹ്മാണ്ഡമായിട്ടായിരിക്കും എമ്പുരാന്‍ ഒരുങ്ങുന്നത്. ലൂസിഫര്‍ 200 കോടിയാണെങ്കില്‍ രണ്ടാം ഭാഗം അതിനപ്പുറം വലിയൊരു കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകളെല്ലാം സൂചിപ്പിക്കുന്നത്. ഇങ്ങനെ വമ്പന്‍ സിനിമകളുടെ നീണ്ട പട്ടികയാണ് മോഹന്‍ലാലിന്റേതായിട്ടുള്ളത്.
അഭിനയിക്കുന്ന സിനിമകള്‍ ഒരുപാട് ഉണ്ടെങ്കിലും അതിനൊപ്പമാണ് മോഹന്‍ലാലിന്റെ സംവിധാനത്തിലെത്തുന്ന സിനിമയും പ്രഖ്യാപിക്കുന്നത്. ബറോസ്സ് എന്നാണ് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബറോട് കൂടി ചിത്രീകരണം ആരംഭിക്കും. സ്‌ക്രിപ്റ്റ് നന്നായി അനലൈസ് ചെയ്തു എല്ലാ മേഖലയിലും നല്ല രീതിയില്‍ ഹോംവര്‍ക്ക് ചെയ്തു ഇറക്കിയാല്‍ മലയാളത്തില്‍ വെല്ലാന്‍ മറ്റൊരു സിനിമയും ഇല്ലെന്നുള്ള അവസ്ഥയായിരിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications











