twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണവിനേയും വിസ്മയേയും കുറിച്ച് അന്ന് സുചിത്ര പറഞ്ഞതാണ്! പക്ഷേ, തുറന്നുപറച്ചിലുമായി മോഹന്‍ലാല്‍!

    |

    മലയാളത്തിന്റെ നടനവിസ്മയമായ മോഹന്‍ലാല്‍ കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അഭിനയത്തിനും അപ്പുറത്ത് നല്ലൊരു എഴുത്തുകാരാണ് താനെന്ന് അദ്ദേഹം നേരത്തെ തന്നെ അറിയിച്ചിരുന്നു. ബ്ലോഗുമായി അദ്ദേഹം ഇടയ്്ക്ക് എത്താറുണ്ട്. പളുങ്കുമണികള്‍ എന്ന കോളവുമായും താരം എത്തിയിരുന്നു. മക്കളെക്കുറിച്ചും അവരുടെ വളര്‍ച്ച ആസ്വദിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞുള്ള കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സിനിമാതിരക്കുകളുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ത്തന്നെ സുചിത്ര ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെന്ന് മോഹന്‍ലാല്‍ കുറിച്ചിട്ടുണ്ട്.

    അഭിനയ ജീവിതത്തില്‍ നിരവധി തവണ റീടേക്കുകളുണ്ടായിട്ടുണ്ടെങ്കിലും കുടുംബ ജീവിതത്തില്‍ അതിന് കഴിയില്ലെന്ന് മനസ്സിലാക്കിയിരുന്നുവെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഒന്നും അധികം ശ്രദ്ധിക്കാനായിട്ടില്ല. തന്റെ മക്കളടക്കമുള്ള പുതിയ തലമുറയെ ഒരുപാട് ആദരവോടെയാണ് കാണുന്നതെന്നും താരം പറയുന്നു. എല്ലാ കാര്യങ്ങളിലു അവര്‍ക്ക് അറിവുണ്ട്. കൂടുതല്‍ സ്വതന്ത്രമാണ് അവരുടെ ജീവിതമെന്നും താരം കുറിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

    മൂന്നര വയസ്സ് വ്യത്യാസം

    മൂന്നര വയസ്സ് വ്യത്യാസം

    എന്റെ മക്കളായ പ്രണവും വിസ്മയയും തമ്മിൽ മൂന്നരവയസ്സിന്റെ വ്യത്യാസമുണ്ട്. ഇരുവരും പഠിച്ചത് ഊട്ടിയിലെ ഹെബ്രോൺ സ്‌കൂളിലാണ്പ്രണവ് അവിടത്തെ പഠനം കഴിഞ്ഞ് തത്ത്വചിന്ത പഠിക്കാനായി ഓസ്‌ട്രേലിയയിലേക്ക് പോയി; വിസ്മയ തിയേറ്റർ പഠിക്കാനായി പ്രാഗ്, ലണ്ടൻ, യുഎസ്. എന്നിവിടങ്ങളിലേക്കും. മക്കൾ എന്നതിലുപരി അവരിപ്പോൾ എന്റെ നല്ല സുഹൃത്തുക്കളാണ്. പലപ്പോഴും അവരെന്നെ പലതും പഠിപ്പിക്കുന്നു.

    റീടേക്കുകളില്ല

    റീടേക്കുകളില്ല

    മക്കൾ വളരുന്നതും സ്‌കൂളിൽ പോവുന്നതുമൊന്നും കാണാൻ എനിക്ക് യോഗമുണ്ടായിട്ടില്ല. ഒരു നടൻ എന്നനിലയിൽ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നെത്തന്നെ മറന്ന് അധ്വാനിച്ചിരുന്ന കാലം. സെറ്റുകളിൽനിന്ന് സെറ്റുകളിലേക്ക് ഓടിയിരുന്ന വർഷങ്ങൾ. കഥകളും കഥാപാത്രങ്ങളുംകൊണ്ട് മനസ്സ് നിറഞ്ഞുതുളുമ്പിയിരുന്ന സുന്ദരഭൂതകാലം. എന്റെയീ ഓട്ടംകണ്ട് ഭാര്യ സുചിത്ര എപ്പോഴും പറയുമായിരുന്നു: ''ചേട്ടാ, കുട്ടികളുടെ വളർച്ച, അവരുടെ കളിചിരികൾ എന്നിവയ്ക്ക് റീട്ടേക്കുകളില്ല. നാൽപ്പതു വർഷമായി സിനിമയിൽ എത്രയോ റീടേക്കുകൾ എടുത്ത എനിക്ക് ഇതുവരെ എന്റെ കുഞ്ഞുങ്ങളുടെ വളർച്ചയുടെയും കളിചിരികളുടെയും രംഗങ്ങളുടെ റീട്ടേക്കുകൾക്ക് സാധിച്ചിട്ടില്ല. പലരും എന്നെപ്പോലെ ഈ ദുഃഖം പങ്കുവെക്കുന്നുണ്ടാവാം.

    സ്നേഹവും കൗതുകവും

    സ്നേഹവും കൗതുകവും

    പ്രണവിനെ ഞാൻ അപ്പു എന്ന് വിളിക്കുന്നു; വിസ്മയയെ മായ എന്നും. അപ്പു ഇപ്പോൾ രണ്ടു സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. ഞാൻ എപ്പോഴും സ്നേഹത്തോടൊപ്പം കൗതുകത്തോടെയും ആണ് അപ്പുവിനെ നോക്കിക്കണ്ടിട്ടുള്ളത്. വളർന്നതുമുതൽ അവന് ഏറ്റവും പ്രിയപ്പെട്ട രണ്ടു കാര്യങ്ങൾ വായനയും യാത്രയുമായിരുന്നു; ഇപ്പോഴും ആണ്. അവന്റെ ലൈബ്രറിയിലെ പുസ്തകങ്ങളുടെ വ്യത്യസ്തതയ്ക്കുമുന്നിൽ ആദരവോടെയും അല്പം അസൂയയോടെയുമാണ് ഞാൻ നിൽക്കാറുള്ളത്.

    അവന്‍റെ യാത്രകള്‍

    അവന്‍റെ യാത്രകള്‍

    അവന്റെ യാത്രകൾ വിദൂരങ്ങളും പലപ്പോഴും ദുർഘടങ്ങളുമാണ്. ചിലപ്പോൾ ഋഷികേശിൽ, ജോഷിമഠിൽ, ഹരിദ്വാറിൽ, പൂക്കളുടെ താഴ്വരയിൽ; മറ്റുചിലപ്പോൾ ആംസ്റ്റർഡാമിൽ, പാരീസിൽ, നേപ്പാളിലെ പൊഖാറയിൽ; വേറെ ചിലപ്പോൾ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിയിൽ. ഇവിടെയൊക്കെ എന്താണ് അവൻ അന്വേഷിക്കുന്നത് എന്ന് ഞാൻ ചോദിച്ചിട്ടില്ല; അവൻ പറഞ്ഞിട്ടുമില്ല. ഒരുപക്ഷേ, ആ അന്വേഷണം പറഞ്ഞുമനസ്സിലാക്കാൻ സാധിക്കുന്നതായിരിക്കില്ല. അവനിപ്പോഴും യാത്ര തുടരുന്നു; വായനയും. ഞാൻ കണ്ടുനിൽക്കുന്നു.

    പുതുതലമുറയെ നോക്കിക്കാണുന്നത്

    പുതുതലമുറയെ നോക്കിക്കാണുന്നത്

    അപ്പുവിലൂടെ, മായയിലൂടെ ഞാൻ ഏറ്റവും പുതിയ തലമുറയെ കാണുന്നു. അവരുടെ കാഴ്ചപ്പാടുകൾ, സമീപനങ്ങൾ, ജീവിതതീരുമാനങ്ങൾ, രുചികൾ, അഭിരുചികൾ എന്നിവയെല്ലാം തിരിച്ചറിയുന്നു. എന്റെ കാലവുമായി ഞാൻ അവയെ താരതമ്യപ്പെടുത്തിനോക്കുന്നു. അധികം ലഗേജുകൾ ഇല്ല എന്നതാണ് ഏറ്റവും പുതിയ തലമുറയുടെ വലിയ പ്രത്യേകത എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ലഗേജ് എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് ബാഗും ചുമക്കുന്ന വസ്തുവകകളും എന്നു മാത്രമല്ല. ഒരു സമീപനം കൂടിയാണ്. അവരുടെ ജീവിതം കൂടുതൽ സങ്കീർണമല്ല.

    മോഹന്‍ലാലിന്‍റെ മക്കളല്ലേ

    മോഹന്‍ലാലിന്‍റെ മക്കളല്ലേ

    സങ്കീർണമാക്കാൻ അവർ ആഗ്രഹിക്കുന്നുമില്ല. സമ്പാദിച്ച് കൂട്ടിവെക്കുന്നതിൽ താല്‍പര്യം കാണുന്നില്ല. വലിയ വിജയങ്ങൾക്കുവേണ്ടി യാതനപ്പെട്ട് ചേസ് ചെയ്തുപോകുന്നതിലെ പൊരുൾ അവർക്ക് പിടികിട്ടുന്നുണ്ടോ എന്ന കാര്യത്തിൽ എനിക്ക്സംശയമുണ്ട് (മോഹൻലാലിന്റെ മക്കളല്ലേ, അവർക്കതിന്റെയൊന്നും ആവശ്യമില്ലല്ലോ. എന്ന പതിവ് വിമർശനം ഞാൻ കേൾക്കുന്നുണ്ട്. പണം ഏറ്റവും ചുരുക്കി ചെലവാക്കുന്ന ഒരാളാണ് അപ്പു.

    ആഡംബരങ്ങളോട് ഭ്രമമില്ല

    ആഡംബരങ്ങളോട് ഭ്രമമില്ല

    അവനിപ്പോഴും ബസിലും ട്രെയിനിലും യാത്രചെയ്യുന്നു; ഏറ്റവും വാടകകുറഞ്ഞ മുറികളിൽ താമസിക്കുന്നു; ആവശ്യങ്ങൾ പരിമിതമാണ്; ആഡംബരങ്ങളിൽ കമ്പം കണ്ടിട്ടില്ല). തീർച്ചയായും അവരിൽപ്പലരും പൂർണമായും വർത്തമാനകാലത്താണ് ജീവിക്കുന്നത്. അതിന് അവർക്ക് അതിന്റേതായ ന്യായീകരണങ്ങളുണ്ടാവാം.
    എന്റെയച്ഛൻ ഒന്നുമാവാൻ എന്നെ നിർബന്ധിച്ചിട്ടില്ല. സൗഹൃദവും അതിന്റെ കൂട്ടായ ആലോചനയും യാത്രയുമായിരുന്നു അക്കാലം ഞങ്ങളെ നയിച്ചിരുന്നതെന്നും മോഹന്‍ലാല്‍ കുറിച്ചിട്ടുണ്ട്.

    English summary
    Mohanlal's write up about Pranav and Vismaya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X