ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി, ഞങ്ങൾ ഒന്നായപ്പോഴും സാക്ഷി!
ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിൽ പങ്കെടുക്കാൻ എത്തി മോഹൻലാൽ. ട്രസ്റ്റിന്റെ ആറ്റുകാൽ അംബാ പുരസ്കാരം നടൻ ഏറ്റുവാങ്ങി. കാലപരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ നടൻ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജീവിച്ചിരിപ്പുണ്ടായിരുന്നവെങ്കിൽ ഇന്ന് ഏറ്റവും കൂടുതൽ സന്തോഷിക്കുമായിരുന്നത് തന്റെ അമ്മയായിരുന്നുവെന്ന് നടൻ പറഞ്ഞു. ഒപ്പം ആറ്റുകാൽ ദേവിക്ക് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെ കുറിച്ചും താരം വാചാലനായി.
ജന്മംകൊണ്ട് പത്തനംതിട്ടക്കാരനാണെങ്കിലും മോഹൻലാൽ വളർന്നത് തിരുവനന്തപുരത്തിന്റെ മണ്ണിലാണ്. തന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിൽ എല്ലാം ആറ്റുകാൽ ദേവിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും നടൻ പറഞ്ഞു. വാക്കുകൾ അപ്രസക്തമാകുന്നൊരു വൈകാരിക മദ്ധ്യേയാണ് ഞാൻ.

അകം നിറയെ അമ്മയാണ്. സാക്ഷാൽ ദേവി. പിന്നെ ഈയിടെ എന്നെ വിട്ടുപോയ എന്റെ സ്വന്തം അമ്മയുടെ നിറവാർന്ന ഓർമകളും മനസിൽ നിറഞ്ഞ് നിൽക്കുകയാണ്. എന്റെ അമ്മ ആറ്റുകാൽ ദേവിയുടെ കറതീർന്ന ഒരു ഭക്തയായിരുന്നു. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഇന്ന് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അമ്മയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എത്രയോ വർഷങ്ങൾ അമ്മ പൊങ്കാല സമർപ്പിച്ചു.
ഏറെ ആരാധിക്കുന്ന ആറ്റുകാൽ അമ്മയുടെ തിരുമുറ്റത്ത് ഈ ചടങ്ങിനായി നിൽക്കുന്നത് സുകൃതമായി തന്നെ അമ്മ കാണക്കാക്കുമായിരുന്നു. നമ്മൾ തിരുവനന്തപുരത്തുകാർക്ക് ആറ്റുകാൽ ഒരു വികാരമാണല്ലോ. ആറ്റുകാൽ പൊങ്കാല തലസ്ഥാനത്തിന്റെ തിരുവോണമാണ്. ഏതൊരു തിരുവനന്തപുരത്തുകാരനേയും പോലെ എന്റെ കൗമാരവും ആറ്റുകാൽ അമ്പല ദർശനവും പൊങ്കാല അനുഭവവുമായി നിറഞ്ഞ് നിൽക്കുന്നതാണ്.
എന്റെ കുട്ടിക്കാലത്ത് ആറ്റുകാൽ ക്ഷേത്രം ഇത്രയും വികസിച്ചിട്ടില്ല. ദേവി കല്യാണ മണ്ഡപം പോലും പിന്നീടാണ് വന്നത്. ബാക്കി ചുറ്റുപാടും വയലുകളായിരുന്നു. പൊങ്കാല ദിവസമാകുമ്പോൾ ചുറ്റുപാടും ഭക്തരും അടുപ്പുകളുമാകും. വിളക്ക് കെട്ട് ഘോഷയാത്രകൾ ഞങ്ങൾക്ക് അന്ന് ഉത്സവം പോലെയായിരുന്നു. അങ്ങനെ ഒരുപാട് ഗൃഹാതുര സ്മരണകൾ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് എനിക്കുണ്ട്.
അന്നൊക്കെ പൊങ്കാല ദിവസം പോലും നടന്ന് ആറ്റുകാൽ വരെ വരാൻ ആകുമായിരുന്നു. കുറേ കഴിഞ്ഞപ്പോൾ പുരുഷന്മാർക്ക് പാസും നൽകി തുടങ്ങി. എന്റെ ചില അന്യഭാഷ സിനിമ സുഹൃത്തുക്കളോടൊക്കെ ആറ്റുകാൽ പൊങ്കാലയെ പറ്റി സംസാരിക്കുമ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒരു ദിവസം ഒന്നിച്ച് കൂടുന്ന ഉത്സവമാണെന്ന് കേട്ട് അവർ അത്ഭുതപ്പെടുന്നത‍് ഞാൻ കണ്ടിട്ടുണ്ട്.

അതുപോലെ അഭിമാനത്തോടെ ഞാൻ അവരോട് പറയുമായിരുന്നു ഇതുപോലൊരു ക്ഷേത്രവും ഉത്സവവും എന്റെ നാട്ടിലെ ഉള്ളൂവെന്ന്. ഞാൻ ആദ്യമായി മുഖം കാണിച്ച തിരനോട്ടം എന്ന സിനിമയുടെ പൂജയും ഈ ക്ഷേത്ര സന്നിധിയിൽ വെച്ചായിരുന്നു. അതിനുശേഷം ആദ്യത്തെ ഷോട്ട് എടുത്തത് മുടവൻമുകളിലെ എന്റെ വീടിന്റെ മുന്നിലെ റോഡിൽ വെച്ചായിരുന്നു.
അത് കഴിഞ്ഞ് 1988 ഏപ്രിൽ 28ന് ഞാൻ എന്റെ ഭാര്യ സുചിത്രയുടെ കഴുത്തിൽ താലി കെട്ടിയതും ഈ പരിപാവന ക്ഷേത്രത്തിന്റെ തിരുനടയിൽ വെച്ചാണ്. മുപ്പത്തിയാറ് വർഷം പിന്നിട്ടിരിക്കുന്നു ഞങ്ങളുടെ ദാമ്പത്യത്തിന്. എല്ലാം ആറ്റുകാൽ അമ്മയുടെ അനുഗ്രഹമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രെസ്റ്റ് ഉത്സവത്തോട് അനുബന്ധിച്ച് ക്ഷണിക്കാൻ തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായി.
എന്നാൽ പലവിധ കാരണങ്ങളാൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും നടൻ പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബർ 30നാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി ലാൽ സംസാരിച്ചിട്ടുണ്ട്. അച്ഛനേയും സഹോദരനേയും നഷ്ടപ്പെട്ടശേഷം താരത്തിന് എല്ലാമെല്ലാം അമ്മയായിരുന്നു.


Click it and Unblock the Notifications

















