ആറാം തമ്പുരാനിലെ ആ പാട്ടുസീന്‍ ചെയ്തത് ഷാജി കൈലാസല്ല! മലയാളത്തിലെ മറ്റൊരു സംവിധായകന്‍! കാണാം
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് മോഹന്‍ലാലും ഷാജി കൈലാസും. പ്രേക്ഷക മനസുകളില്‍ നിന്നും മായാത്ത മികച്ച ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയിരുന്നു. 1997ലായിരുന്നു ഇവരുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആറാം തമ്പുരാന്‍ പുറത്തിറങ്ങിയിരുന്നത്. മോഹന്‍ലാലിന്റെ മികച്ച പ്രകടനംകൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമ 250 ലധികം ദിവസങ്ങളായിരുന്നു തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.
കൂടുതല്‍ ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനൊപ്പം തന്നെ മികച്ച കളക്ഷനും ചിത്രം തിയ്യേറ്ററുകളില്‍ നിന്നും നേടിയെടുത്തിരുന്നു. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ടെലിവിഷന്‍ ചാനലുകളില്‍ എപ്പോള്‍ വന്നാലും മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കാറുണ്ട്. സിനിമ ഇറങ്ങിയ സമയം വലിയ ഹിറ്റായി മാറിയിരുന്ന ചിത്രത്തിലെ ഗാനമായിരുന്നു ഹരിമുരളീരവം. യേശുദാസിന്റെ ആലാപനം കൊണ്ടും മോഹന്‍ലാലിന്റെ അഭിനയംകൊണ്ടുമായിരുന്നു പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ ഗാനരംഗം ചെയ്തത് ഷാജി കൈലാസിനു പകരം മലയാളത്തിലെ മറ്റൊരു സംവിധായകനായിരുന്നു.

ആറാം തമ്പുരാന്‍
മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യരും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ആറാം തമ്പുരാന്‍. ചിത്രത്തിലെ ഉണ്ണിമായ എന്ന കഥാപാത്രത്തെ അത്രത്തോളം മികവുറ്റതാക്കാന്‍ മഞ്ജുവിന് സാധിച്ചിരുന്നു. ലാലേട്ടനൊപ്പം നടി ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ ഇവര്‍ തമ്മിലുളള രംഗം പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നവയാണ്. ഇവര്‍ക്കൊപ്പം നരേന്ദ്രപ്രസാദ്,കൊച്ചിന്‍ ഹനീഫ, ഇന്നസെന്റ്, സായികുമാര്‍ ഉള്‍പ്പെടെയുളള താരങ്ങളുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഷാജി കൈലാസിന്റെ സംവിധാനം
സംവിധായകന്‍ രഞ്ജിത്തിന്റെ തിരക്കഥയിലായിരുന്നു ഷാജി കൈലാസ് ഈ ചിത്രമൊരുക്കിയിരുന്നത്. സുരേഷ് കുമാര്‍, സനല്‍കുമാര്‍ ചേര്‍ന്നായിരുന്നു നിര്‍മ്മാണം. ആറാം തമ്പുരാന്റെ വിജയത്തില്‍ ചിത്രത്തിലെ പാട്ടുകളും ഏറെ നിര്‍ണായകമായി മാറിയിരുന്നു. രവീന്ദ്രന്‍ മാഷായിരുന്നു മികച്ച ഗാനങ്ങള്‍ സിനിമയ്ക്കു വേണ്ടി ഒരുക്കിയിരുന്നത്. കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായിരുന്നത് ചിത്രത്തിലെ ഹരിമുരളീരവം എന്ന ഗാനം തന്നെയായിരുന്നു. കെജെ യേശുദാസിന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ഗാനം കൂടിയായിരുന്നു ഇത്.

ഗാനരംഗം ചിത്രീകരിച്ചത്
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കായിരുന്നു രവീന്ദ്രന്‍ മാസ്റ്റര്‍ ഈ ഗാനമൊരുക്കിയിരുന്നത്. ദാസേട്ടന്റെ ആലാപനത്തിനൊപ്പം മോഹന്‍ലാലിന്റെ അഭിനയവും ഗാനരംഗത്തില്‍ മികച്ചുനിന്നിരുന്നു. ഗാനരംഗത്തിലെ ലാലേട്ടന്റെ പ്രകടനത്തെ പുകഴ്ത്തിയും ചിത്രം കണ്ട ആളുകള്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഈ ഗാന രംഗം ചിത്രീകരിച്ചിരുന്നത് സംവിധായകനായ ഷാജി കൈലാസ് ആയിരുന്നില്ല.

പ്രിയദര്‍ശനായിരുന്നു
ഷാജി കൈലാസിന്റെ അസാന്നിദ്ധ്യത്തില്‍ സംവിധായകന്‍ പ്രിയദര്‍ശനായിരുന്നു ഈ ഗാനരംഗം ചിത്രീകരിച്ചിരുന്നത്. ഭാര്യ ആനിയുടെ പ്രസവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോവേണ്ടി വന്നതിനാലായിരുന്നു ഇത്. ഗാന ചിത്രീകരണത്തിനുളള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായ സമയത്തായിരുന്നു ഇത്. ആ സമയത്തായിരുന്നു അപ്രതീക്ഷിതമായി പ്രിയദര്‍ശന്‍ ആറാം തമ്പുരാന്റെ സെറ്റില്‍ മോഹന്‍ലാലിനെ കാണാനായി എത്തിയിരുന്നത്.

കടിഞ്ഞൂല്‍ കണ്‍മണിക്ക് ഷാജി കൈലാസ് ഇട്ട പേര്
വിവരമറിഞ്ഞ പ്രിയദര്‍ശന്‍ സോംഗ് ഒകെ താന്‍ എടുത്തോളാമെന്നു നീ ധൈര്യമായി പോയിട്ടൂ വരൂവെന്നും ഷാജി കൈലാസിനോട് പറഞ്ഞു. ഷാജി കൈലാസ് ആശ്വാസത്തോടെ അടുത്ത ഫ്ലൈറ്റിനു തന്നെ നാട്ടിലേക്ക് പറന്നു. അങ്ങനെ, പ്രിയദര്‍ശന്‍ ചിത്രീകരിച്ച ഗാനരംഗമാണ് ആറാം തമ്പുരാനിലെ 'ഹരിമുരളീരവം'. അന്ന് തന്നെ ഷാജി കൈലാസിനു ഒരു ആണ്‍കുഞ്ഞ് പിറന്നു. കടിഞ്ഞൂല്‍ കണ്‍മണിക്ക് ഷാജി കൈലാസ് ഇട്ട പേര് ജഗന്‍ എന്നായിരുന്നു.


Click it and Unblock the Notifications











