'അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ്..., പൊന്നമ്മ ചേച്ചിയോടൊപ്പം മകനായി ജീവിക്കുക തന്നെയായിരുന്നു'
അമ്മ വേഷങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസിൽ നടി കവിയൂര്‍ പൊന്നമ്മ സ്ഥാനമുറപ്പിച്ചത്. സത്യൻ, പ്രേം നസീർ തുടങ്ങി ദിലീപ് അടക്കമുള്ള മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും അമ്മ വേഷം ചെയ്തിട്ടുണ്ടെങ്കിലും സ്ക്രീനിൽ ഏറ്റവും ഹിറ്റായിട്ടുള്ളത് മോഹൻലാലിന്റെ അമ്മ വേഷങ്ങൾ ചെയ്തപ്പോഴാണ്. ഇരുവരേയും സ്ക്രീനിൽ കാണുമ്പോൾ യഥാർത്ഥത്തിൽ ഇവർ അമ്മയും മകനും തന്നെയാണോയെന്ന് വെറുതെ തോന്നിപ്പോകും.
കവിയൂർ പൊന്നമ്മയുടെ വിയോഗ വാർത്ത പുറത്ത് വന്നപ്പോൾ യുവതാരങ്ങൾ മുതൽ മുതിർന്ന നടൻ മധുവരെയുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചും ഓർമകൾ പങ്കുവെച്ചും എത്തി. എന്നാൽ മോഹൻലാലിന്റെ പ്രതികരണത്തിനായാണ് പ്രേക്ഷകർ കാത്തിരുന്നത്. സഹതാരമെന്നതിലുപരിയായി തന്റെ യഥാർത്ഥ അമ്മ ശാന്തകുമാരിയോടുള്ള അതേ ആത്മബന്ധം കവിയൂർ പൊന്നമ്മയോടും ലാലിനുണ്ടായിരുന്നു.

താരം സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പിൽ ആ വേർപാടുണ്ടാക്കിയ വേദന നടനെ എത്രത്തോളം ബാധിച്ചുവെന്നത് വ്യക്തമാകുന്നു. അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ... പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്ന് തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മ ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു.
എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു. പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മ ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ.
മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ഹിസ് ഹൈനസ് അബ്ദുള്ളയിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മ ചേച്ചി എനിക്കും.. വിതുമ്പുന്ന വാക്കുകൾക്കൊണ്ട് ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞ് തുളുമ്പും എന്നായിരുന്നു അമ്മയുടെ വിയോഗത്തിൽ മകൻ്റെ വേദന നിറഞ്ഞ വാക്കുകൾ. ചിലരുടെ അഭാവം നികത്താനാകാത്ത നഷ്ടം തന്നെയായിരിക്കും.
അവർക്ക് പകരം മറ്റൊരാളെ സങ്കൽപിക്കാൻ പോലും കഴിയുക അസാധ്യം. സിനിമയിലെ അമ്മയെന്ന് പറയുമ്പോൾ തന്നെ ആളുകൾക്ക് ഓർമയിൽ വരുന്ന മുഖം കവിയൂർ പൊന്നമ്മയുടെ തന്നെയായിരിക്കും എന്നാണ് ആരാധകരിൽ ഒരാൾ മോഹൻലാലിന്റെ കുറിപ്പിന് താഴെ എഴുതിയ കമന്റ്. നിരവധി പേർ കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ നേർന്നു. മോഹൻലാലിന്റെ കുടുംബവുമായും ആത്മബന്ധം സൂക്ഷിച്ചിരുന്നു പൊന്നമ്മ.

മോഹൻലാലിന്റെ അമ്മയായി അഭിനയിക്കാനാണ് ഏറ്റവും ഇഷ്ടമെന്ന് കവിയൂർ പൊന്നമ്മ പറയുന്ന വീഡിയോ താരത്തിന്റെ വേർപാടിനുശേഷം സോഷ്യൽമീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. മോഹൻലാലിന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മയുടെ സഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഒരു പക്ഷേ ആ കഥാപാത്രങ്ങള്‍ ഇത്രയേറെ മിഴിവോടെ ലാലിന് അഭിനയിച്ച് ഫലിപ്പിക്കുവാന്‍ കഴിയുമായിരുന്നോവെന്ന് തന്നെ സംശയമാണെന്നുമെല്ലാം പ്രേക്ഷകർ കുറിക്കുന്നു.
ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്ന കവിയൂര്‍ പൊന്നമ്മ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍ കൂടിയാണ്.
ഭൗതികശരീരം നാളെ രാവിലെ ഒമ്പത് മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൾ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ആലുവ വീട്ടുവളപ്പിൽ വൈകിട്ട് നാല് മണിക്ക് നടക്കും.


Click it and Unblock the Notifications