ഞാൻ കേണലായ ശേഷം ആർമിയിൽ ചേർന്നവരുടെ എണ്ണം കൂടി; എനിക്ക് വിരമിക്കൽ ഇല്ല: മോഹൻലാൽ
മോഹൻലാലിന് ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത് ഒരു കാലത്ത് വലിയ വാർത്തയായതാണ്. 2009 ലാണ് താരത്തിന് ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണലായി ബഹുമതി ലഭിക്കുന്നത്. പട്ടാള വേഷത്തിൽ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഉരുൾപ്പൊട്ടലിൽ തകർന്ന വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിൽ മോഹൻലാൽ ആർമി യൂണിഫോം ധരിച്ച് എത്തിയിരുന്നു. ഇന്ത്യൻ ആർമിയിൽ 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎ മദ്രാസ് ടീമിലെ അംഗമാണ് മോഹൻലാൽ.
ഇപ്പോഴിതാ ഇന്ത്യൻ ആർമിയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ. ഗലാട്ട ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. ഞാൻ ആർമിയിൽ കേണൽ ആണ്. ടെറിറ്റോറിയൽ ആർമി എന്ന് പറയും. ആർമിക്ക് വേണ്ടി ഒരുപാട് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഒരു ഗുഡ്വിൽ അംബാസിഡർ പോലെയാണ് എന്റെ സ്ഥാനം. ഞാൻ ആർമിയിൽ ചേർന്ന ശേഷം കേരളത്തിൽ നിന്നും ഒരുപാട് പേർ ആർമിയിൽ ചേർന്നു. 40 ശതമാനം വർധനവുണ്ടായി.

ഇതെന്റെ 17ാമത്തെ വർഷമാണ്. ആർമിക്ക് വേണ്ടി ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു. മെഡിക്കൽ വിംഗുണ്ട്. റെയിൽവേയുണ്ട്. സാമൂഹിത പ്രവർത്തനവുമെല്ലാമുണ്ട്. 122 ടിഎ ഇന്ത്യയിലെ ഏറ്റവും മികച്ച ബറ്റാലിയനുകളിൽ ഒന്നാണ്. ഞാൻ ജോയിൻ ചെയ്ത ശേഷം അറുപതോളം അവാർഡുകൾ ലഭിച്ചു. ആ യൂണിഫോം ധരിക്കുന്നത് എന്റെ ജീവിതത്തിലെ വലിയ നേട്ടമാണ്. എനിക്ക് വിരമിക്കൽ ഇല്ല. കൊവിഡിന്റെ സമയത്ത് പോയിട്ടില്ല.
അല്ലാതെ എല്ലാ വർഷവും പോയി എന്റെ ബോയ്സിനെ കാണും. എയർപോർട്ടിലും മറ്റും പോകുമ്പോൾ റിട്ടയർഡ് ആയ ആളുകൾക്ക് ഞാൻ ആർമി മാൻ ആണെന്ന് അറിയാം. അവർ തരുന്ന സ്നേഹവും ബഹുമാനവും വളരെ വലുതാണെന്നും മോഹൻലാൽ പറഞ്ഞു. അഞ്ച് മലയാള സിനിമകളിലാണ് മോഹൻലാൽ പട്ടാളക്കാരനായി അഭിനയിച്ചത്. കീർത്തിചക്ര, ദൗത്യം, കുരുക്ഷേത്ര, പിൻഗാമി, 1971 ബിയോണ്ട് ബോർഡേർസ് എന്നിവയാണ് ഈ സിനിമകൾ.

മോഹൻലാലിന്റെ ആർമി ചിത്രങ്ങൾ ഒരു ഘട്ടത്തിൽ മലയാള സിനിമാ ലോകത്ത് തുടരെ വന്നിരുന്നു. മോഹൻലാലിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ബറോസ് ആണ് താരത്തിന്റെ പുതിയ സിനിമ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. നിധി കാക്കുന്ന ഭൂതമായ ബറോസ് ആയാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.
മൈ ഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോയുടെ കഥയാണ് മോഹൻലാൽ ബിഗ് സ്ക്രീനിൽ എത്തിക്കുന്നത്. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് മോഹൻലാൽ. മമ്മൂട്ടിയുൾപ്പെടെയുള്ളവർ ബറോസിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. ഇക്കാലമത്രയും മോഹൻലാൽ നേടിയ അറിവും പരിചയവും ബറോസിന് ഉതകുമെന്നാണ് മമ്മൂട്ടി പറഞ്ഞത്. ബറോസിന് പിന്നാലെ തുടരും, എമ്പുരാൻ, കണ്ണപ്പ തുടങ്ങി മോഹൻലാലിന്റെ ഒന്നിലേറെ സിനിമകൾ റിലീസിന് തയ്യാറെടുക്കുന്നുണ്ട്. അടുത്ത വർഷമായിരിക്കും ഈ സിനിമകൾ റിലീസ് ചെയ്യുക.


Click it and Unblock the Notifications