ഡ്യൂപ്പുകളെല്ലാം പിന്മാറി, ഒടുവിൽ മോഹൻലാൽ ഇറങ്ങി; നരനിൽ താരം തയ്യാറായത് അപകടകരമായ സാഹസികതക്ക്
മോഹൻലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്ത സഹപ്രവർത്തകർ ചുരുക്കമാണ്. നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവിനെ നിരവധി പേർ പ്രശംസിച്ചിട്ടുണ്ട്. കരിയറിൽ ഇപ്പോൾ മോശം ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും മോഹൻലാലിന്റെ അഭിനയ മികവിനെ തള്ളിക്കളയാൻ പറ്റില്ലെന്ന് ഏവരും സമ്മതിക്കുന്നു. മോഹൻലാലിന്റെ കരിയറിലെ വൻ ഹിറ്റുകളിലൊന്നാണ് 2005 ൽ റിലീസ് ചെയ്ത നരൻ. വർഷങ്ങൾക്കിപ്പുറവും ഈ സിനിമയും സിനിമയിലെ കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ നിറഞ്ഞ് നിൽക്കുന്നു.
വേലായുധൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ നരനിൽ അവതരിപ്പിച്ചത്. മുള്ളൻകൊല്ലി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ കഥ ജനപ്രീതി നേടി. ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. ഇന്നസെന്റ്, സിദ്ദിഖ്, ദേവയാനി, ഭാവന, ജഗതി ശ്രീകുമാർ, സോന നായർ തുടങ്ങിയ നിരവധി താരങ്ങൾ സിനിമയിൽ അണിനിരന്നു. വേലായുധൻ എന്ന കഥാപാത്രത്തെ മോഹൻലാൽ അവിസ്മരണീയമാക്കി.

മറ്റാർക്കും ഈ കഥാപാത്രം ചെയ്ത് ഫലിപ്പിക്കാൻ പറ്റില്ലെന്നാണ് സിനിമ കണ്ട് പ്രേക്ഷകരെല്ലാം അന്ന് പറഞ്ഞത്. മോഹൻലാൽ നരേൻ സിനിമയ്ക്ക് വേണ്ടി ചെയ്ത സാഹസികതകളെക്കുറിച്ച് സംസാരിക്കുകയാണ് നരന്റെ സിനിമാട്ടോഗ്രാഫറായി പ്രവർത്തിച്ച ഷാജി കുമാർ. സഫാരി ടിവിയോടാണ് പ്രതികരണം.
ലാൽ സാർ കൈയിൽ ഒരു വേല് കുത്തുന്നുണ്ട്. പഴനിയിൽ നിന്ന് ഒരാളെ കൊണ്ടുവന്നതാണ്. ഇത് പോകുമോ എന്ന് ഞാൻ ചോദിച്ചു. ഒരു മാസത്തിനുള്ളിൽ പോകുമെന്നാണ് പറഞ്ഞതെന്ന് ലാൽ സർ. പക്ഷെ ഇന്നും ആ വേലിന്റെ പാട് അദ്ദേഹത്തിന്റെ കൈയിലുണ്ട്. മാഞ്ഞ് പോകുമെന്ന് വിശ്വസിച്ചാണ് ലാൽ കൈയിൽ വേല് കുത്തിയതെന്നും ഷാജി കുമാർ ചൂണ്ടിക്കാട്ടി. ഷൂട്ടിംഗിനിടെ മോഹൻലാൽ കാണിച്ച സാഹസികത എല്ലാവരെയും ആവേശത്തിലാക്കിയെന്നും ഷാജി കുമാർ ഓർത്തു.

നരൻ എന്ന സിനിമയിൽ ആളുകൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് വെള്ളത്തിന്റെ കുത്തൊഴുക്കും ഒഴുക്കിൽ വരുന്ന മരങ്ങൾ നീന്തിപ്പിടിക്കുന്ന ലാൽ സാറുമൊക്കെയാണ്. ഒതനക്കൽ എന്ന സ്ഥലത്താണ് അത് ഷൂട്ട് ചെയ്തത്. കേരളത്തിൽ മഴ വരുമ്പോൾ ഡാമുകൾ തുറന്ന് വിട്ട് വരുന്ന വെള്ളം ഈ പുഴ വഴിയാണ് സേലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നത്. ആ സമയത്താണ് സിനിമ ഷൂട്ട് ചെയ്തത്. ലാൽ സാറിന്റെ ഡ്യൂപ്പിന് വേണ്ടി പല സ്ഥലത്ത് നിന്നും ആളുകൾ വന്നു. വെള്ളത്തിന്റെ ഫോഴ്സ് കണ്ട് ആരും ഇറങ്ങിയില്ല. പറ്റില്ലെന്ന് പറഞ്ഞ് എല്ലാവരും പോയി.
അവിടെയാണ് മോഹൻലാലിനെ പോലൊരു നടൻ അവിടെയിറങ്ങി ചെയ്യുന്നത്. അതിലെ റിസ്ക് വളരെ വലുതായിരുന്നു. സാഹസിക രംഗങ്ങൾ അദ്ദേഹം വളരെ എളുപ്പമായി ചെയ്തു. ഒരു തെറ്റ് വന്നാൽ നേരെ വെള്ളച്ചാട്ടത്തിലേക്കാണ് പോകുക. അതിൽ പോയാൽ രക്ഷപ്പെടില്ല. എന്നിട്ടും ആ ധൈര്യം കാണിച്ചു. വേറെ ആരെങ്കിലും ആ ധൈര്യം കാണിക്കുമോയെന്ന് എനിക്കിന്നും തോന്നുന്നില്ല. അദ്ദേഹത്തിന് മാത്രം സാധിക്കുന്ന മഹത്തായ കാര്യമാണതെന്നും ഷാജി കുമാർ വ്യക്തമാക്കി.
54 ദിവസം കൊണ്ടാണ് സിനിമയുടെ ഷൂട്ട് ചെയ്തത്. ജോഷി സാർ അതുവരെയും സീനിയർ ക്യാമറാമാൻമാരുടെയൊപ്പമെ വർക്ക് ചെയ്തിട്ടുള്ളൂ. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ശക്തമായ ഇടപെടൽ കാരണമാണ് സിനിമയിലേക്ക് തനിക്ക് അവസരം ലഭിച്ചത്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും ഷൂട്ട് ചെയ്തത് പൊള്ളാച്ചി എന്ന സ്ഥലത്താണെന്നും ഷാജി കുമാർ വ്യക്തമാക്കി.


Click it and Unblock the Notifications











