സംവിധായകനായി മോഹന്‍ലാല്‍! ഗാമയുടെ കഥയുമായി ബാറോസ്, വിദേശത്ത് നിന്ന് വമ്പന്‍ താരങ്ങളും!
ലൂസിഫറിലൂടെ ബോക്‌സോഫീസില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് നടന്‍ മോഹന്‍ലാല്‍ എല്ലാവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിനായിരുന്നു കൂടുതല്‍ കൈയടി ലഭിച്ചിരുന്നതും. ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ മോഹന്‍ലാലും സംവിധായകനാവുന്നു എന്ന വാര്‍ത്ത പുറത്ത് വന്നു. ബറോസ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സംവിധായകനാവുന്നത്.
സംവിധാനം ചെയ്യുന്ന കന്നിച്ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിദേശ താരങ്ങളെ കുറിച്ചെല്ലാം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ മോഹന്‍ലാല്‍ സൂചിപ്പിച്ചിരിക്കുകയാണ്. ഈ വര്‍ഷം തന്നെ ബറോസ്സിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കും.

വാനപ്രസ്ഥത്തിലെ കഥാപാത്രത്തെ കാണിച്ചാണ് മോഹന്‍ലാല്‍ വീഡിയോ ആരംഭിച്ചത്. ഞാന്‍ മോഹന്‍ലാല്‍. കഴിഞ്ഞ നാല്‍പത് വര്‍ഷമായി ഇന്ത്യന്‍ സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നടനാണ് ഞാന്‍. 59 വയസുകാരനായ ഞാന്‍ ഇതിനകം മൂന്നുറ്റി നാല്‍പത് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ആദ്യമായി ഞാന്‍ സംവിധാനത്തിലേക്ക് ചുവട് വെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്റെ സിനിമയുടെ പേര് ബറോസ് എന്നാണ്. ഇത് കുട്ടികളെ ത്രസിപ്പിക്കുന്ന തരം ഫാന്റസി മൂവിയാണ്.

ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമസ് ട്രഷര്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും സുവര്‍ണനിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. സ്പാനിഷ് നടി പാസ് വേഗ, റാഫേല്‍ അമാര്‍ഗോ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബറോസ് എന്ന ഭൂതമായി അഭിനയിക്കുന്നത് മോഹന്‍ലാലാണ്. റാഫേല്‍ അമര്‍ഗോ വാസ്‌കോ ഡ ഗാമയുടെ റോളിലാണ് എത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷത്തിലെത്തുന്നത് പാസ് വേഗയും.

കാത്ത് സൂക്ഷിക്കാനായി ഗാമ നല്‍കിയ നിധി ദാമയുടെ പിന്‍ഗാമിയാണെന്നുറപ്പുള്ളയാള്‍ക്ക് മാത്രമേ ബറോസ് കൊടുക്കുകയുള്ളു. ഒരു ദിവസം തീരത്തേക്കൊരു കുട്ടി ഗാമയെ തേടി വന്നു. ഗാമയുടെ പിന്തുടര്‍ച്ചക്കാരന്‍ താനാണെന്ന് അവന്‍ പറയുമ്പോളാണ് ബറോസിന്റെ കഥ തുടങ്ങുന്നത്. കടലിലൂടെ കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം.

ത്രീഡി ചിത്രമായിട്ടൊരുക്കുന്ന ബാറോസിന് നവോദയ ജിജോ ആണ് തിരക്കഥ ഒരുക്കുന്നത്. ആശീര്‍വാസ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. വിദേശ താരങ്ങള്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ നിന്നും നിരവധി താരങ്ങളും ബാറോസില്‍ അണിനിരക്കും. മലയാളത്തില്‍ മാത്രമല്ല പല ഭാഷകളിലുമായി ഒന്നിച്ച് റിലീസിനെത്തിക്കാനാണ് തീരുമാനം. ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ ആരംഭിക്കും. ഗോവ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.


Click it and Unblock the Notifications











