എംജിആറുമായി യാതൊരു സാദൃശ്യവുമില്ല! എന്നെ എന്തിന് കാസ്റ്റ് ചെയ്തതെന്ന് ചോദിച്ചെന്ന് മോഹന്‍ലാല്‍
ഒരുപാട് വിശേഷങ്ങള്‍ സ്വന്തമാക്കിയ മോഹന്‍ലാല്‍ ചിത്രമാണ് ഇരുവര്‍. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പിറന്ന എക്കാലത്തെയും ഹിറ്റ് സിനിമകളിലൊന്നായ ഇരുവര്‍ തമിഴ്‌നാട്ടിലെ സിനിമാ- രാഷ്ട്രീയ ബന്ധങ്ങളെ ആസ്പദമാക്കി ഒരുക്കിയവയായിരുന്നു. അതിലും പ്രധാന കാര്യം തമിഴ്‌നാട് കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച രാഷ്ട്രീയ, സിനിമ ഇതിഹാസങ്ങളായിരുന്ന എംജിആര്‍, കരുണാനിധി, ജയലളിത എന്നിവരുടെ രാഷ്ട്രീയ വ്യക്തി ജീവിതത്തിനെ കുറിച്ചെല്ലാം സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രമായിരുന്നു.
മോഹന്‍ലാലും പ്രകാശ് രാജുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴ്‌സെല്‍വന്‍ എന്ന വേഷത്തില്‍ പ്രകാശ് രാജും ആനനന്ദനായി മോഹന്‍ലാലും അഭിനയിച്ചു. ഐശ്വര്യ റായി ആയിരുന്നു നായിക. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരറിലെ കഥാപാത്രത്തെ കുറിച്ച് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ദശാവതരാം സെഷനില്‍ മനസ് തുറക്കുകയാണ് മോഹന്‍ലാല്‍.

രണ്ട് സുഹൃത്തുക്കളുടെ കഥ എന്നാണ് മണിരത്‌നം എന്നോട് പറഞ്ഞത്. പിന്നീട് ആ സിനിമ എംജിആറിന്റെയും കരുണാനിധിയുടെയും ജീവിത കഥയായി വ്യാഖ്യാനിക്കപ്പെട്ടു. എംജിആറുമായി എനിക്ക് യാതൊരു സാദൃശ്യവുമില്ല. അത് കൊണ്ട് എന്തിനാണ് എന്നെ കാസ്റ്റ് ചെയ്തത് എന്ന് ഞാന്‍ ഒരിക്കല്‍ മണിരത്‌നത്തിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു, എംജിആറിന്റെ ജീവിതമല്ല നമ്മള്‍ കാണിക്കുന്നത്. അദ്ദേഹത്തിന്റെ വ്യക്തി ജീവിതമാണ്. സിനിമയിലേക്കുള്ള വരവ്, കഷ്ടപ്പാട്, രാഷ്ട്രീയ പ്രവേശം, മരണം തുടങ്ങിയവയാണ് ചര്‍ച്ച ചെയ്യുന്നത്.

ആ സിനിമയ്ക്ക് പില്‍ക്കാലത്ത് ഒരുപാട് കുഴപ്പങ്ങളുണ്ടായി. സെന്‍സറങ്ങില്‍ ഒരുപാട് സീനുകള്‍ വെട്ടികളഞ്ഞു. എന്നിരുന്നാലും ഒരുപാട് തലങ്ങളുള്ള കഥാപാത്രത്തെയാണ് എനിക്ക് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇന്ത്യയിലെ മികച്ച നൂറ് ചിത്രങ്ങള്‍ എടുത്താല്‍ അതിലൊന്ന് ഇരുവരാണ്. സിനിമ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാണാവുന്ന ഒരു സിനിമയാണത്.

ഇരുവര്‍ ചെയ്തതിന് ശേഷം എംജിആറുമായി സഹകരിച്ച ഒരുപാട് ആളുകളെ എനിക്ക് കാണാന്‍ അവസരമുണ്ടായി. ഒരുപാട് സാമ്യങ്ങള്‍ ഞങ്ങള്‍ തമ്മിലുണ്ടെന്ന് ചിലര്‍ പറഞ്ഞു. ഞാന്‍ എംജിആറിന്റെ ആരാധകനാണ്. എന്നാല്‍ അദ്ദേഹത്തിനെ അനുകരിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഇരുവര്‍ ഒരു അത്ഭുത സിനിമയാണോ അങ്ങനെ ആയി തീര്‍ത്തോ എന്നൊന്നും എനിക്ക് അറിയില്ല. എനിക്കത് ചെയ്യാന്‍ സാധിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ട്. മണിരത്‌നത്തിന് ഞാന്‍ നന്ദി പറയുന്നു.

മോഹന്‍ലാലും പ്രകാശ് രാജും ഒപ്പത്തിനൊപ്പം അരങ്ങ് തകര്‍ത്തപ്പോള്‍ നിരവധി താരങ്ങള്‍ വേറെയും സിനിമയില്‍ അണിനിരന്നു. ലോകസുന്ദരി പട്ടം നേടിയ ഐശ്വര്യ റായിയുടെ അരങ്ങേറ്റ സിനിമയായിരുന്നു ഇരുവര്‍. ഒപ്പം നാസര്‍, ഗൗതമി, തബു, രേവതി, തുടങ്ങി നടിമാരും ചിത്രത്തില്‍ നിറഞ്ഞാടി. സന്തോഷ് ശിവനായിരുന്നു സിനിമയുടെ ഛായാഗ്രഹകന്‍. ഒപ്പം ഹിറ്റ് ഗാനങ്ങളൊരുക്കി എആര്‍ റഹ്മാന്‍ സിനിമയെ വേറെ ലെവലിലെത്തിച്ചു. രണ്ട് ദേശീയ പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കിയ സിനിമ നിരവധി വേദികളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.


Click it and Unblock the Notifications











