അഭിനയിക്കാന്‍ കഴിയില്ലെങ്കില്‍ പ്രണവ് പുതിയ ജോലി കണ്ടെത്തുമെന്ന് മോഹന്‍ലാല്‍!
Recommended Video

അച്ഛന്‍ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണെങ്കിലും താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന് സിനിമയോട് വലിയ താല്‍പര്യമില്ലാത്ത ആളായിരുന്നു. യാത്രകളെ ഏറെ സ്‌നേഹിച്ചിരുന്ന പ്രണവ് ലളിത ജീവിതം നയിക്കുന്നതും മറ്റും വാര്‍ത്തകളില്‍ നിറയുന്നത് പതിവായിരുന്നു. താരജാഡകളില്ലാത്ത പ്രണവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ ജിത്തു ജോസഫിന്റെ സിനിമയിലൂടെ പ്രണവ് നായകനായി അരങ്ങേറ്റം നടത്തി.
പ്രണവിന് അഭിനയിക്കാന്‍ അത്ര താല്‍പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. പതിയെ സിനിമയിലേക്ക് വരികയാണ്. ഇനി ഇഷ്ടപ്പെട്ട് തുടങ്ങണമെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രണവ് അഭിനയത്തിലേക്ക് എത്തിയത് എന്റെ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണെന്ന രീതിയില്‍ വിലയിരുത്തേണ്ടന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് വന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് മോഹന്‍ലാല്‍ അക്കാര്യം പറഞ്ഞത്. പ്രണവ് സിനിമയില്‍ നില്‍ക്കുന്നത് അദ്ദേഹത്തിന്റെ പ്രതിഭയയെയും ദൈവാനുഗ്രഹത്തെയും ആശ്രയിച്ചിരിക്കും. അഭിനയത്തെ മുന്നോട്ട് കൊണ്ട് പോകാന്‍ പ്രണവ് പ്രാപ്തനാണെങ്കില്‍ അങ്ങനെ പോകട്ടെ. അതല്ലെങ്കില്‍ പ്രണവ് പുതിയ ജോലി കണ്ടെത്തുമെന്നും മോഹന്‍ലാല്‍ പറയുന്നു.
എല്ലാവരുടെയും നിര്‍ബന്ധപ്രകാരമാണ് പ്രണവ് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. അതിന് ശേഷം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ടാമതൊരു സിനിമയില്‍ കൂടി അഭിനയിച്ചിരിക്കുകയാണ്. അരുണ്‍ ഗോപി രചനയും സംവിധാനവും നിര്‍വഹിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ വീണ്ടും നായകനായി എത്തിയത്. റിലീസിനെത്തിയ സിനിമ നല്ല അഭിപ്രായം സ്വന്തമാക്കിയെങ്കിലും ബോക്‌സോഫീസില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല.


Click it and Unblock the Notifications