പതിവ് തെറ്റിക്കാതെ താരങ്ങൾ, 2020 ൽ താരങ്ങളുടെ വീട്ടിലെത്തിയ പുതിയ അതിഥികൾ
കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയായിരുന്നു സിനിമ മേഖല. വർഷാരംഭത്തിൽ ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ ഇവയിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് പ്രദർശനത്തിനെത്തിയത്. ഇവയിൽ പല ചിത്രങ്ങളും വേണ്ടവിധത്തിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനും കഴിഞ്ഞിരുന്നു. 2020 പ്രതിന്ധിയിലൂടെയാണ് നീങ്ങിയതെങ്കിലും ചില സന്തോഷകരമായ വാർത്തകൾ താരങ്ങളിൽ നിന്ന് പുറത്തെത്തിയിരുന്നു.
താരങ്ങളുടെ സിനിമാഭ്രമം എല്ലാവർക്കും അറിയാവുന്നതാണ്. വർഷാ വർഷം ഇവർ പുതിയ വാഹനങ്ങൾ വാങ്ങുകയും ചെയ്യും. ഈ വർഷവും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല. കൊവിഡ് പ്രതിസന്ധികൾക്കിടയിലും താരങ്ങൾ പുതിയ കാറുകൾ സ്വന്തമാക്കിയിരുന്നു. ഇക്കൊല്ലം സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ ഇടയിലും ചർച്ചയായ താരങ്ങളുടെ കാറുകൾ കാണാം

മോഹൻലാൽ - ടൊയോട്ട വെൽഫെയർ
ടൊയോട്ട വെൽഫെയറാണ് മോഹൻലാൽ ഈ വർഷം വാങ്ങിയ വാഹനം കൊവിഡ് പ്രതിസന്ധി ഇന്ത്യയിൽ രൂക്ഷമാകുന്നതിന് മുൻപാണ് ഈ കാർ ഇന്ത്യയിലെത്തിയത്. മാർച്ച് ആദ്യ വാരം തന്നെ കേരള വിപണിയിലും എത്തിയിരുന്നു. മോഹൻലാലാണ് കേരളത്തിൽ ഈ കാർ ആദ്യമായി സ്വന്തമാക്കിയിരിക്കുന്നത്. വെള്ളനിറത്തിലുള്ള ടൊയോട്ട വെൽഫെയറാണ് ലാലിന്റേത്.L.07.CU.2020 എന്ന ഫാൻസി നമ്പറും താരം സ്വന്തമാക്കിയിട്ടുണ്ട്. 79.5 ലക്ഷം രൂപയാണ് ടൊയോട്ട വെല്‍ഫയറിന്റെ എക്‌സ്-ഷോറൂം വില.

മോഹൻലാലിന് പിന്നാലെ നടൻ സുരേഷ് ഗോപിയും ടൊയോട്ട വെൽഫെയർ സ്വന്തമാക്കിയിട്ടുണ്ട്. ഗോകുൽ സുരേഷാണ് പുതിയ അതിഥിയെ ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്.വെള്ള നിറത്തിലുള്ള വെൽഫെയർ തന്നെയാണ് സുരേഷ് ഗോപിയും വാങ്ങിയിരിക്കുന്നത്. മകൻ ഗോകുൽ സുരേഷും പുത്തൻ കാർ സ്വന്തമാക്കിയിട്ടുണ്ട്. മഹീന്ദ്ര ഥാർ എസ്‌യുവിയാണ് ഗോകുൽ വാങ്ങിയിരിക്കുന്നത്. കേരളത്തിലെ ആദ്യ സെലിബ്രിറ്റി മഹീന്ദ്ര ഥാർ ഉടമ ഗോകുലാണ്. മകന് അച്ഛൻ സുരേഷ് ഗോപിയുടെ സമ്മാനമാണിത്.

ഗോകുലും ഇന്ദ്രജിത്തും സ്വന്തമാക്കി മഹീന്ദ്ര ഥാർ
ഗോകുൽ സുരേഷ് മാത്രമല്ല നടൻ ഇന്ദ്രജിത്തും മഹീന്ദ്രയുടെ ഥാർ സ്വന്തമാക്കിയിട്ടുണ്ട്. ഭാര്യയും നടിയും, ഫാഷൻ ഡിസൈനറും, അവതാരകയുമായ പൂർണിമയോടൊപ്പമാണ് ഇന്ദ്രജിത്ത് കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്ന് വാഹനം വാങ്ങിയത്. ചേട്ടന്റെ വണ്ടി അടിപൊളിയാണെന്ന് ട്വീറ്റ് ചെയ്ത് നടൻ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. വോൾവോയുടെ XC90, ബിഎംഡബ്ള്യു 5 സീരീസ്, ഹാർലി ഡേവിഡ്സൺ ഫാറ്റ്ബോബ് എന്നിവയാണ് ഇന്ദ്രജിത്തിന്റെ മറ്റുള്ള വാഹനങ്ങൾ.

നടൻ ഫഹദ് ഫാസിലും നസ്രിയയും പുതിയ വാഹനം സ്വന്തമാക്കിയിട്ടുണ്ട്. പോർഷയുടെ 911 സ്പോർട്സ് കാറാണ് താരങ്ങൾ പുതുതായി വാങ്ങിയത്.പൈത്തൺ ഗ്രീൻ നിറത്തിലുള്ള വാഹനമാണ് ഫഹദും നസ്രിയയും സ്വന്തമാക്കിയത്. 1.84 കോടിയാണ് 911 എസ് മോഡലിന്റെ എക്‌സ്-ഷോറൂം വില. പക്ഷെ പ്രത്യേകം തയ്യാറാക്കിയ നിറവും, കസ്റ്റമൈസേഷനും കൂടെ ചേർന്ന് 2.65 കോടി രൂപയ്ക്കാണ് താരങ്ങൾ വാഹനം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. മിനി കൺവർട്ടബിൾ സൈഡ്‌വാക്ക് എഡിഷനാണ് ഈ വർഷം ടൊവിനോ സ്വന്തമാക്കിയ വാഹനം. മിനി കൺവർട്ടബിൾ സൈഡ്‌വാക്ക് എഡിഷന് 44.90 ലക്ഷം ആണ് എക്‌സ്-ഷോറൂം വില.

നടൻ ജയസൂര്യയും പുതിയ കാർ സ്വന്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ്31 തിരുവോണ ദിനത്തിലായിരുന്നു നടൻ പുതിയ കാർ സ്വന്തമാക്കിയത്. 44.9 ലക്ഷം ആണ് ക്ലബ്മാൻ ഇന്ത്യൻ സമ്മർ റെഡ് എഡിഷന്റെ ലോവർ സ്പെക് പതിപ്പിന്റെ വില. അതെ സമയം ജയസൂര്യ സ്വന്തമാക്കിയത് 67 ലക്ഷം രൂപ ഓൺറോഡ് വില വരുന്ന ടോപ്-സ്പെക് മോഡൽ ആണ്. ഈ പതിപ്പ് സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യത്തെ വ്യക്തിയാണ് ജയസൂര്യ. മിനി കൂപ്പർ എസ് 60 യിയേർസ് എഡിഷനാണ് ചാക്കോച്ചൻ സ്വന്തമാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ IV എന്ന പ്രത്യേകം തയ്യാറാക്കിയ പെയിന്റ് ആണ് കൂപ്പർ എസ് 60 ഇയേർസ് എഡിഷന്റെ പ്രധാന ആകർഷണം. 40 ലക്ഷം രൂപയാണ് ചാക്കോച്ചന്റെ പുത്തൻ കാറിന്റെ എക്‌സ്-ഷോറൂം വില


Click it and Unblock the Notifications











