ഇനി ഏട്ടന്റെയും അനിയന്റെയും പൂരം; ആഘോഷമാക്കി ആരാധകർ; മഞ്ജുവിന്റെ ആശംസയും ശ്രദ്ധ നേടുന്നു
സിനിമാ ലോകത്തെ നിരവധി പേരാണ് നടൻ മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിക്കുന്നത്. മോഹൻലാൽ ആരാധകർക്ക് ഇത്തവണ താരത്തിന്റെ പിറന്നാളിന് ഇരട്ടി സന്തോഷമാണ്. തുടചരെ വന്ന പരാജയ സിനിമകൾക്ക് ശേഷം കരിയറിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം. 2025 ലെ ആദ്യ രണ്ട് റിലീസുകളും സൂപ്പർഹിറ്റ്. എമ്പുരാൻ, തുടരും എന്നീ സിനിമകളുടെ വിജയം മോഹൻലാലിന് മോളിവുഡിലുള്ള ജനപ്രീതിയെന്തെന്ന് വീണ്ടും വ്യക്തമാക്കുന്നു. എത്രയൊക്കെ പരാജയ സിനിമകൾ വന്നാലും ഒരു സിനിമ ഹിറ്റായാൽ മോഹൻലാലിനെ ഇരുകെെയും നീട്ടി സ്വീകരിക്കാൻ പ്രേക്ഷകർ തയ്യാറാണ്.
മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയ താരങ്ങളെല്ലാം മോഹൻലാലിന് പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്. നടൻ ദിലീപിന്റെ ആശംസാ പോസ്റ്റിന് താഴെ ആരാധകരുടെ ആഘോഷമാണ്. ദിലീപിന്റെ വരാനിരിക്കുന്ന ബ.ബ.ഭ എന്ന സിനിമയിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന്റെ സന്തോഷം നിരവധി പേർ പങ്കുവെച്ചു.

ഏട്ടനും അനിയനും കൂടി ഒരുമിച്ച് പൂരം നടത്താൻ പോകുന്നു, ഏട്ടന്റെയും അനിയന്റെയും സാമ്പിൾ വെടിക്കെട്ട് കഴിഞ്ഞു (തുടരും & പ്രിൻസ് ) ഇനി വരാൻ പോകുന്നത് തൃശൂർ പൂരമാണ് ( ഭ ഭ ബ ), തിയേറ്ററുകൾ പൂര പറമ്പ് ആകാൻ ബ.ബ.ഭ വരുന്നുണ്ട് ഒരു ഒന്നൊന്നര വരവ്. അനിയന്റെ വക ഏട്ടൻ പിറന്നാൾ ആശംസകൾ, അനിയന്റെ സ്വന്തം പിറന്നാൾ ആശംസകൾ ഗംഭീരം തിരിച്ച് വരവാണ് ഏട്ടനും അനിയനും കൂടി നടത്തിയത് ഇത് ഒരു സാബിൾ വെടിക്കെട്ട് മാത്രം ഇനിയാണ് യഥാർത്ഥ തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് ബ.ബ.ഭ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
നടി മഞ്ജു വാര്യരും മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. ഹാപ്പി ബർത്ത്ഡേ ലാലേട്ടാ, എപ്പോഴും സ്നേഹവും ബഹുമാനവും എന്നാണ് മഞ്ജു വാര്യർ നടനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് കുറിച്ചത്. എമ്പുരാനിൽ മോഹൻലാലിനൊപ്പം പ്രധാന വേഷത്തിലെത്തിയത് മഞ്ജു വാര്യരാണ്. ഇന്ന് മോഹൻലാലിന്റെ നായികയായി ആദ്യം പരിഗണിക്കുന്ന പേരുകളിലൊന്നാണ് മഞ്ജു വാര്യർ.

നടി കരിയറിലേക്ക് തിരിച്ച് വന്ന ശേഷം വില്ലൻ, എന്നും എപ്പോഴും, ഒടിയൻ, ലൂസിഫർ, എമ്പുരാൻ എന്നീ സിനിമകളിൽ മോഹൻലാലിനൊപ്പം അഭിനയിച്ചു. എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട കൂട്ടുകെട്ടാണ് ഇവരുടേത്. ആറാം തമ്പുരാൻ, കന്മദം എന്നീ സിനിമകളിലെ ഇവരുടെ കെമിസ്ട്രി ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു.
അക്കാലത്ത് വലിയ അവസരങ്ങൾ തേടി വരുമ്പോഴാണ് മഞ്ജു വാര്യർ ദിലീപിനെ വിവാഹം ചെയ്യുന്നതും കരിയർ വിടുന്നതും. തിരിച്ച് വരവിലും മോഹൻലാലിന്റെ നായികയാകാൻ മഞ്ജു വാര്യർക്ക് സാധിച്ചു. മറുവശത്ത് ദിലീപ് കരിയറിൽ വീണ്ടും സജീവമാകാനുള്ള ശ്രമത്തിലാണ്. നടന്റെ അടുത്ത കാലത്തിറങ്ങിയ മിക്ക സിനിമകളും പരാജയപ്പെടുകയാണുണ്ടായത്. അതേസമയം ഒടുവിൽ റിലീസ് ചെയ്ത പ്രിൻസ് ആന്റ് ഫാമിലിക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications