മോഹൻലാൽ സങ്കടത്തിൽ, പുള്ളി മാറിയപ്പോൾ സംഘടനയുടെ ഉയിര് പോയി, അക്കാര്യം ചോദിച്ചപ്പോൾ പൃഥ്വിരാജ് പറഞ്ഞത്..!
താരസംഘടനയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് മുൻ ഭാരവാഹിയും നടനും നിർമാതാവുമായ മണിയൻപിള്ള രാജു. സംഘടനയിൽ ആദ്യം അംഗത്വം സ്വീകരിച്ചവരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. സംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾ കാണുമ്പോൾ സങ്കടമുണ്ടെന്നും ന്യൂജെൻ കാലമായതുകൊണ്ട് ഒന്നും പറയാൻ താൽപര്യപ്പെടുന്നില്ലെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സിനിമാ അഭിനേതാക്കൾക്കായി ഒരു സംഘടന തുടങ്ങണമെന്ന് എന്നോടും ഗണേഷ് കുമാറിനോടും ആദ്യം പറഞ്ഞത് സുരേഷ് ഗോപിയാണ്. സംഘടനയ്ക്കുള്ള ആദ്യത്തെ ഫണ്ടായി 50000 രൂപ തന്നതും സുരേഷ് ഗോപിയാണ്. ഞാനും പതിനായിരം രൂപയിട്ടു. ഗണേഷും ഇട്ടു. ശേഷം ഞങ്ങൾ ഇവിടെ നിന്ന് കണ്ണൂർ വരെയുള്ള എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളിലും പോയി അഭിനേതാക്കളോട് സംഘടനയെ കുറിച്ച് പറഞ്ഞ് മനസിലാക്കി.

അങ്ങനെയാണ് 1994ൽ തിരുവനന്തപുരത്ത് ഒരു മീറ്റിങ് വിളിച്ച് ചേർത്തത്. 85 താരങ്ങൾ അന്ന് പങ്കെടുത്തു. മമ്മൂട്ടിയും മോഹൻലാലും ഒന്നും ആ മീറ്റിങിൽ പങ്കെടുത്തിരുന്നില്ല. മുരളിയാണ് അമ്മ എന്ന പേരിട്ടത്. പേരിട്ടതിനുശേഷവും ഒരു മീറ്റിങ് വിളിച്ച് ചേർത്തു. അന്നും ഒരുപാട് താരങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നു. നൂറിൽ കൂടുതൽ പേർ വന്നു. തൈക്കാട് ആയിരുന്നു ആദ്യം അമ്മയുടെ ഓഫീസ്. അംഗത്വ നമ്പറിൽ ആദ്യം സുരേഷ് ഗോപിയാണ്.
ഞാൻ പതിനെട്ട് കൊല്ലം അമ്മയുടെ എക്സിക്യൂട്ടീവ് മെമ്പറായിരുന്നു. രണ്ട് കൊല്ലം വൈസ് പ്രസിഡന്റുമായും പ്രവർത്തിച്ചിട്ടുണ്ട്. 1994ൽ സംഘടനയിലെ അംഗങ്ങൾ ചേർന്ന് ഷോ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഗാന്ധിമതി ബാലൻ ഫണ്ട് നൽകി. അങ്ങനെയാണ് ആദ്യമായി ആ സംഘടനയ്ക്ക് വലിയൊരു ഫണ്ട് ലഭിക്കുന്നത്. സംഘടനയുടെ നിലനിൽപ്പിനും ആ ഫണ്ട് സഹായകരമായിട്ടുണ്ട്.
ശരിക്കും പറഞ്ഞാൽ അമ്മയുടെ ഓഫീസിൽ വെക്കേണ്ടത് ഗാന്ധിമതി ബാലന്റെ ഫോട്ടോയാണ്. അന്ന് പ്രസിഡന്റ് എംജി സോമനും സെക്രട്ടറി ടിപി മാധവനും ആയിരുന്നു. അമ്മ സംഘടന ഒരു സിനിമ എടുക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചപ്പോൾ ആദ്യം എല്ലാവരും എതിരായിരുന്നു. എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് പറഞ്ഞപ്പോഴാണ് ട്വന്റി ട്വന്റി സിനിമ ഉണ്ടായത്. അതുവഴിയും രണ്ട് കോടി രൂപ സംഘടനയ്ക്ക് കിട്ടി. 120 ഓളം പേർക്ക് 5000 രൂപ വീതം സംഘടന എല്ലാ മാസവും കൈനീട്ടം നൽകുന്നുണ്ട്.
നൂറോളം പേർക്ക് മരുന്ന് എത്തിക്കുന്നുണ്ട്. സിനിമയില്ലാത്ത അവശരായ പല കലാകാരന്മാർക്കും സംഘടന ഉപകാരപ്രദമാകുന്നുണ്ട്. സംഘടനയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ ഭയങ്കരമായ പ്രയാസം എനിക്കും മോഹൻലാലിനുമെല്ലാമുണ്ട്. മോഹൻലാലൊക്കെ രാത്രിയും പകലും ഇല്ലാതെ പ്രാക്ടീസ് ചെയ്താണ് അമ്മയ്ക്ക് വേണ്ടി പല ഷോകളും ചെയ്തതും ഫണ്ട് ഉണ്ടാക്കിയെടുത്തതും ബിൽഡിങ് ഉണ്ടാക്കിയെടുക്കാൻ സഹായിച്ചതുമെല്ലാം.

വിഷമമുണ്ടെങ്കിലും പ്രതികരിക്കുന്നില്ല. ന്യൂജെൻ കാലമാണല്ലോ. അതുകൊണ്ട് ഞങ്ങൾ ഒന്നും പറയുന്നില്ല. ഞാൻ കൈനീട്ടം വാങ്ങിക്കുന്നില്ല. സംഘടന നിന്ന് പോകരുതെന്ന് ആഗ്രഹമുണ്ട്. ടാർഗെറ്റോടെ വന്ന് സംഘടനയെ തകർക്കാൻ നോക്കിയാൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. മോഹൻലാലിന്റെയും സങ്കടം അവശകലാകാരന്മാർക്ക് കിട്ടുന്ന സഹായങ്ങൾ നിന്ന് പോകുമോയെന്നാണ്. അമ്മ നശിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല.
പുള്ളിയൊക്കെ ഭാരവാഹിത്വത്തിൽ മാറിയപ്പോൾ തന്നെ സംഘടനയുടെ ഉയിര് പോയി. ഇന്നസെന്റ് 18 കൊല്ലം ഇരുന്നു. മമ്മൂട്ടിക്ക് തലപ്പത്ത് ഇരിക്കണമെന്ന ആഗ്രഹമില്ല. പക്ഷെ എല്ലാ സപ്പോർട്ടും തരാറുണ്ട്. ഞങ്ങൾ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാറുമുണ്ട്. അമ്മ സംഘടന തിരിച്ച് വരണമെന്ന് പ്രാർത്ഥിക്കുന്നു. തമ്മിലടിച്ച് എന്ത് സംഭവിക്കുമെന്ന് അറിയില്ല. സുരേഷ് ഗോപിയുടേത് പടല പിണക്കമായിരുന്നു.
അദ്ദേഹവും സംഘടനയിലേക്ക് തിരിച്ച് വന്നു. ഒരു ഒറ്റ ഹീറോസ് കഴിഞ്ഞ ജനറൽ ബോഡിയിൽ വന്നില്ല. പ്രസിഡന്റായി നിൽക്കാമോയെന്ന് ലാൽ ഒരിക്കൽ പൃഥ്വിരാജിനോട് ചോദിച്ചിരുന്നു. കാലം കിടക്കുകയല്ലേ മുന്നോട്ട് പിന്നൊരിക്കലാകാമെന്നാണ് അദ്ദേഹം പറഞ്ഞത് എന്നും മണിയൻപിള്ള രാജു പറഞ്ഞു.


Click it and Unblock the Notifications


