സംവിധായകന്റെ ഇന്റർവ്യു എടുക്കാൻ പോയ പത്രപ്രവർത്തകൻ പിന്നീട് വില്ലനായി, റാമി റെഡ്ഡിയുടെ ജീവിതം മാറിമറിഞ്ഞപ്പോൾ!
വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധനേടി വെള്ളിത്തിര വാണിരുന്ന നിരവധി താരങ്ങൾ ഇന്ത്യൻ സിനിമയിലുണ്ട്. അമ്രീഷ് പുരി, അംജദ് ഖാൻ, പ്രേം ചോപ്ര, മലയാളത്തിൽ ടി.ജി രവി, എൻ.എഫ് വർഗീസ്, രാജൻ പി ദേവ്, സായ്കുമാർ തുടങ്ങിയവരാണ് അവയിൽ പ്രധാനികൾ.
സോഷ്യൽമീഡിയ സജീവമാകുന്നതിന് മുമ്പ് വില്ലന്മാരായി അഭിനയിക്കുന്ന താരങ്ങൾ ജീവിതത്തിലും ക്രൂരന്മാരാണ് ജനങ്ങൾ വിശ്വസിച്ചിരുന്ന കാലഘട്ടമുണ്ടായിരുന്നു. പിന്നീട് സോഷ്യൽമീഡിയയുടെ വരവോടെയും താരങ്ങളുടെ ജീവിതം അഭിമുഖങ്ങളിലൂടെയും മറ്റും അടുത്തറിയാൻ സാധിച്ചതോടെയുമാണ് വില്ലൻ വേഷങ്ങൾ ചെയ്യുന്നവരോടുള്ള ആളുകളുടെ സമീപനത്തിലും മാറ്റം വന്നത്.
ഒരു ഡയലോഗും കൂടാതെ പ്രേക്ഷകരുടെ മനസിൽ ഭയം ജനിപ്പിച്ചിരുന്ന വില്ലന്മാർ വരെ തൊണ്ണൂറുകളിൽ ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിന്നിരുന്നു. അത്തരത്തിൽ ഒരാളാണ് നടൻ റാമി റെഡ്ഡി. മോഹൻലാൽ സിനിമ അഭിമന്യു കണ്ടവർ റാമി റെഡ്ഡിയെ മറക്കാൻ ഇടയില്ല. ബോംബെ വാല വില്ലനായി റാമി റെഡ്ഡി അഭിമന്യുവിൽ കസറി. റാമി റെഡ്ഡി ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിയാണ്.

ഗംഗാസാനി റാമി റെഡ്ഡി എന്നായിരുന്നു റാമി റെഡ്ഡിയുടെ മുഴുവൻ പേര്. സിനിമ വിദൂര സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്ന ഒരാളായിരുന്നു റാമി റെഡ്ഡി. അപ്രതീക്ഷിതമായി നടനായി മാറിയതാണ്. റാമി ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ നിന്ന് മാസ് മീഡിയയിൽ ജേർണലിസം ബിരുദം പൂർത്തിയാക്കി.
ബിരുദം നേടിയ ഉടൻ തന്നെ ഒരു പത്രത്തിൽ മുഴുവൻ സമയ പത്രപ്രവർത്തകനായി ജോലി ചെയ്യാൻ തുടങ്ങി. റാമി സിനിമാ രംഗത്തെ പ്രമുഖരുടെ അഭിമുഖങ്ങൾ എടുക്കാറുണ്ടായിരുന്നു. അങ്ങനെ ഇരിക്കെ ഒരിക്കൽ പ്രശസ്ത തെലുങ്ക് സംവിധായകൻ കോടി രാമകൃഷ്ണയുടെ അഭിമുഖം എടുക്കാൻ റാമി പോയി.
റാമിയുടെ ലുക്കിലും വ്യക്തിത്വത്തിലും ഒരു അഭിനേതാവിനെ രാമകൃഷ്ണ കണ്ടെത്തി. തുടർന്ന് അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമയിൽ അദ്ദേഹത്തിന് ഒരു നെഗറ്റീവ് റോൾ വാഗ്ദാനം ചെയ്തു. റാമി ഈ ഓഫർ സ്വീകരിച്ചു. അങ്ങനെ അദ്ദേഹം അങ്കുസം എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കാലെടുത്ത് വെച്ചു. അങ്കുസം ബ്ലോക്ക്ബസ്റ്റർ വിജയം നേടി.
ഒപ്പം റാമിക്ക് ഒരു കരിയർ പുതിയതായി തുറന്ന് കിട്ടി. കൂടാതെ അങ്കുസത്തിന്റെ ഹിന്ദി റീമേക്കായ ചിരഞ്ജീവി അഭിനയിച്ച പ്രതിബന്ധ് എന്ന ചിത്രത്തിലും അദ്ദേഹം തന്റെ വേഷം വീണ്ടും ചെയ്തു. പ്രതിബന്ധവും ബോക്സ് ഓഫീസിൽ വിജയമായിരുന്നു. ഹിന്ദി പതിപ്പിലെ റാമിയുടെ പ്രകടനം പ്രശംസിക്കപ്പെടുകയും അദ്ദേഹത്തിന്റെ കഥാപാത്രമായ സ്പോട്ട് നീലാകാന്തം എന്ന റോൾ ജനപ്രിയമായി മാറുകയും ചെയ്തു.

പിന്നീടങ്ങോട്ട് നടന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, ബോജ്പുരി ഭാഷകളിൽ നിരവധി സിനിമകൾ ചെയ്തു. നരേൻ നായകനായ പന്തയക്കോഴി എന്ന മലയാള സിനിമയിലാണ് അവസാനം റാമി റെഡ്ഡി അഭിനയിച്ചത്. തന്റെ അവസാന ശ്വാസം വരെ പ്രേക്ഷകരെ രസിപ്പിക്കാൻ അഭിനയിക്കണമെന്ന് റാമി റെഡ്ഡി ആഗ്രഹിച്ചു.
എന്നാൽ സങ്കടകരമെന്ന് പറയട്ടെ... 2010ൽ റാമിയുടെ ആരോഗ്യം വഷളായി തുടങ്ങി. റാമി ഒരു ഡോക്ടറെ സമീപിച്ചപ്പോൾ കരളിൽ അർബുദം ഉണ്ടെന്ന് തിരിച്ചറിഞ്ഞു.
അത് വൃക്കയെയും ബാധിച്ചു. ഓരോ ദിവസം ചെല്ലുന്തോറും അദ്ദേഹത്തിന്റെ ആരോഗ്യം വഷളായിക്കൊണ്ടിരുന്നു. അവസാന നാളുകളിൽ അദ്ദേഹത്തെ തിരിച്ചറിയാൻ സാധിക്കുമായിരുന്നില്ല. ശരീരഭാരം വല്ലാതെ കുറഞ്ഞ് മെലിഞ്ഞ് മറ്റാരോ ആയിതീർന്നിരുന്നു റാമി. തന്റെ ഇച്ഛാശക്തികൊണ്ട് കാൻസറിനോട് ധീരതയോടെ പോരാടിയ റാമി 2011 ഏപ്രിൽ 14ന് ഹൈദരാബാദിൽ വെച്ച് അന്തരിച്ചു. മരിക്കുമ്പോൾ റാമി റെഡ്ഡിക്ക് 52 വയസായിരുന്നു പ്രായം.


Click it and Unblock the Notifications