ഒടുവിൽ ഒന്നാമനെത്തി, ഇത് പൃഥ്വിരാജിന്റെ മാസ്റ്റർ പ്ലാൻ; അബ്രാം ഖുറേഷിയുടെ ക്യാരക്ടർ പോസ്റ്ററുമായി മോഹൻലാൽ
2025ൽ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളിൽ ഏറ്റവും ഹൈപ്പ് ലഭിച്ചിട്ടുള്ള സിനിമയാണ് എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത സിനിമ മാർച്ച് 27ന് പ്രേക്ഷകരിലേക്ക് എത്തും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി വരികയായിരുന്നു എമ്പുരാൻ ടീം. ഇപ്പോഴിതാ കഥയിലെ നായകൻ അബ്രാം ഖുറേഷിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
മോഹൻലാലിന്റെ സോഷ്യൽമീഡിയ പേജുകളിലൂടെയാണ് പോസ്റ്ററും വീഡിയോയും പുറത്ത് വന്നത്. സിനിമയുടെ ഒന്നാം ഭാഗമായ ലൂസിഫറിൽ മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയെ മാത്രമെ പ്രേക്ഷകർ കണ്ടിരുന്നുള്ളു. അതുകൊണ്ട് തന്നെ അബ്രാം ഖുറേഷിയുടെ ക്യാരക്ടർ പോസ്റ്ററും വീഡിയോയും എത്തിയപ്പോൾ ഞൊടിയിടയിൽ വൈറലായി.

അബ്രാം ഖുറേഷി മാത്രമല്ല രണ്ടാം ഭാഗത്തിൽ സ്റ്റീഫൻ നെടുമ്പള്ളിയേയും കാണാം. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയെന്നാണ് എമ്പുരാനെ മോഹൻലാൽ വിശേഷിപ്പിച്ചത്. ലൂസിഫര്‍ ഫ്രാഞ്ചൈസിയ്ക്ക് മൂന്നാം ഭാഗം ഉണ്ടാകുമെന്നും അതിലേക്ക് നയിച്ച് കൊണ്ടാകും എമ്പുരാന്‍ അവസാനിക്കുകയെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞു. ഖുറേഷി അബ്രാമിന്റെ ലോകമാണ് രണ്ടാം ഭാഗത്തിൽ കൂടുതൽ പരിചയപ്പെടാൻ പോകുന്നത്.
ഖുറേഷി എങ്ങനെ തന്റെ ലോകത്തിലെ പ്രശ്നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമ. ഖുറേഷി അബ്രഹാമിന്റെ അഥവ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ നിങ്ങൾക്ക് അറിയണമെങ്കിൽ ഈ ഫ്രാഞ്ചൈസിയുടെ ഈ കഥയുടെ മൂന്നാം ഭാഗവും കാണേണ്ടി വരും.
അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിന്റെ അവസാനത്തിൽ മൂന്നാം ഭാഗത്തിലേക്കുള്ള ലീഡ് കൂടി കാണാൻ സാധിക്കും. എന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് എമ്പുരാനെ കാണുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധയോടും വലിപ്പത്തിലും ചിത്രീകരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. അഭിനേതാക്കളും ലൊക്കേഷനുമെല്ലാം അത്രയും പ്രധാന്യത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
പൃഥ്വിരാജ് എന്ന സംവിധായകന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമയാകും എമ്പുരാൻ. ഖുറേഷി അബ്രാം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഒന്നാം ഭാഗത്തിൽ സ്റ്റീഫൻ പറഞ്ഞത് പോലെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് എങ്ങനെ തിരിച്ചുവരുന്നു എന്നുള്ളതാണ് എമ്പുരാൻ എന്നും പറഞ്ഞാണ് മോഹൻലാൽ അവസാനിപ്പിച്ചത്. വീഡിയോ ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു.

ലാലേട്ടന്റെ വാക്കുകളിലെ കോൺഫിഡൻസ് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് ഭൂരിഭാഗം കമന്റുകളും.
വലുത് എന്തോ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും ഖുറേഷി അബ്രാമിനെ പരിചയപ്പെടുത്തുന്ന വീഡിയോ പൃഥ്വിരാജിന്റെ മാസ്റ്റർ പ്ലാനാണെന്നും പ്രതീക്ഷ പതിന്മടങ്ങായിയെന്നും പൃഥ്വിരാജ് എന്ന സംവിധായകൻ നിരാശപ്പെടുത്തില്ലെന്ന വിശ്വാസമുണ്ടെന്നുമെല്ലാം കമന്റുകളുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എമ്പുരാന് പിന്നാലെയായിരുന്നു പൃഥ്വിരാജ്. 2019ലാണ് ലൂസിഫർ റിലീസ് ചെയ്തത്.


Click it and Unblock the Notifications