അവളുടെ വരവിനുശേഷം ലോകം പുതിയതായി തോന്നുന്നു; മോഹൻലാലിന്റെ റീൽ മകൾ ഐമ റോസ്മിക്ക് കുഞ്ഞ് പിറന്നു!
വിരലിലെണ്ണാവുന്ന സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ യുവനടിയാണ് ഐമ റോസ്മി. 2016 മുതൽ മലയാള സിനിമയിൽ ഐമ സജീവമാണ്. ആദ്യ സിനിമ ദൂരമായിരുന്നു. സഹോദരി ഐന എൽസ്മി ഡെൽസനും ചിത്രത്തിൽ ഐമയ്ക്കൊപ്പം നായിക വേഷം അഭിനയിച്ചിരുന്നു. മഖ്ബൂൽ സൽമാൻ, ഷൈൻ ടോം ചാക്കോ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചത്. കോമഡിയും റോമാൻസും എല്ലാം കലർന്ന സിനിമ പക്ഷെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.
ദുരത്തിനുശേഷം ഐമയുടെ ഇരട്ട സഹോദരി അഭിനയം ഉപേക്ഷിച്ചെങ്കിലും ഐമ സിനിമയിൽ തന്നെ തുടർന്നു. പിന്നീട് നടിയിലേക്ക് എത്തിയ സിനിമ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം ആയിരുന്നു. ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയുടെ വേഷമായിരുന്നു ഐമയ്ക്ക്.

സിനിമ മാത്രമല്ല ഐമയുടെ കഥാപാത്രവും നിവിനൊപ്പമുള്ള കോമ്പിനേഷൻ സീനുകളുമെല്ലാം വൈറലായിരുന്നു. അമ്മു ജേക്കബ് എന്നായിരുന്നു ഐമയുടെ കഥാപാത്രത്തിന്റെ പേര്. ശേഷം ഐമ അഭിനയിച്ചത് മോഹൻലാലിന്റെയും മീനയുടേയും മകളായി മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിലാണ്. ഈ ചിത്രത്തിൽ മുഴുനീള വേഷമായിരുന്നു ഐമയ്ക്ക്.
പിന്നീട് പടയോട്ടം എന്നൊരു സിനിമയിൽ കൂടി അഭിനയിച്ചശേഷം ഐമ അഭിനയത്തിൽ നിന്നും അപ്രത്യക്ഷമായി. ശേഷമായിരുന്നു നടിയുടെ വിവാഹം. മുന്തിരവള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ലൂർ ഡെയ്സ്, ആർഡിഎക്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവയ സോഫിയ പോളിന്‍റെ മകൻ കെവിൻ പോളാണ് ഐമയെ വിവാഹം ചെയ്തത്. മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേർസിന്‍റെ ഉടമയാണ് സോഫിയ പോൾ.
അക്കൗണ്ട്സ് മാനേജറാണ് കെവിൻ. ഇപ്പോഴിതാ ആറ് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഐമയ്ക്കും കെവിനും ഇടയിലേക്ക് ഒരു പുതിയ അതിഥി എത്തിയിരിക്കുകയാണ്. തനിക്കും ഐമയ്ക്കും കുഞ്ഞ് പിറന്ന വിവരം കെവിനാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ആശുപത്രി കിടക്കയിൽ കിടക്കുന്ന ഭാര്യയ്ക്ക് ചുംബനം നൽകുന്ന ചിത്രമാണ് കെവിൻ പങ്കുവെച്ചത്.
അരികിലായി ഇരുവരുടേയും മാലാഖ കുഞ്ഞിനേയും കാണാം. കുഞ്ഞിന്റെ പേരും കെവിൻ വെളിപ്പെടുത്തി. ഇരുവർക്കും പെൺകുഞ്ഞാണ് പിറന്നത്. മനോഹരമായ കുറിപ്പിനൊപ്പമാണ് മകൾ പിറന്ന വിവരം കെവിൻ പങ്കുവെച്ചത്. ഒമ്പത് മാസക്കാലം അവൾ ഒരു മിസ്റ്ററിയായിരുന്നു... ഒരു ഹൃദയമിടിപ്പ്, ഒരു സൗമ്യമായ കിക്ക്, ഇരുട്ടിൽ രൂപം കൊള്ളുന്ന ഒരു സ്വപ്നം.

ഇന്ന്... ആ സ്വപ്നം അവളുടെ കണ്ണുകൾ തുറന്നു, ഞങ്ങളെ നോക്കി... എന്റെ ലോകം ഇതാ!. ഒരു നിമിഷം കൊണ്ട് ലോകം പുതിയതായി തോന്നുന്നു... അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഒരു ജീവിതകാല കഥയിലേക്ക് സ്വാഗതം എലനോർ എന്നാണ് കെവിൻ കുറിച്ചത്. സിനിമാ താരങ്ങളും ആരാധകരുമെല്ലാം ഇരുവർക്കും ആശംസകൾ നേർന്ന് എത്തി. ഗർഭകാലം മറ്റുള്ള സെലിബ്രിറ്റികൾ ചെയ്യാറുള്ളതുപോലെ സോഷ്യൽമീഡിയയിൽ ഐമ പരസ്യപ്പെടുത്തിയിരുന്നില്ല.
അവിടെയും ഒരു സ്വകാര്യത സൂക്ഷിച്ചിരുന്നു. സിനിമയിൽ മാത്രമല്ല പരസ്യ ചിത്രങ്ങളിലും ഐമ സജീവമാണ്. വിവാഹശേഷം ഐമ അഭിനയത്തിലേക്ക് തിരികെ എത്തിയ സിനിമ ആർഡിഎക്സ് ആയിരുന്നു. സിനിമ വലിയ വിജയമായിരുന്നു. ആന്റണി വർഗീസ് പെപ്പെയുടെ നായിക വേഷമാണ് ഐമ ചെയ്തത്. ശേഷം ഷൈൻ നിഗം നായകനായ ലിറ്റിൽ ഹാർട്സിലും ഐമ ഭാഗമായിരുന്നു.
ഐമയും സഹോദരി ഐനയും ക്ലാസിക്കൽ നർത്തകരാണ്. വർഷങ്ങളോളം നൃത്തം അഭ്യസിച്ചിട്ടുണ്ട്. ഇരുവരും പഠിച്ചതും വളർന്നതുമെല്ലാം ദുബായിലാണ്. കെവിനുമായുള്ള വിവാഹശേഷമാണ് ഐമ കേരളത്തിൽ സെറ്റിൽഡായത്.


Click it and Unblock the Notifications











