മോഹൻലാലിന്റെ സീനുകൾ ഒഴിവാക്കി; കുതിരവട്ടം പപ്പു തിരിച്ച് പോയി; സമ്മർ ഇൻ ബത്ലഹേമിന് പിന്നിലെ കഥകൾ
മലയാളികൾക്ക് മറക്കാനാകാത്ത സിനിമയാണ് 1998 ൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബത്ലഹേം. വർഷങ്ങൾക്കിപ്പുറവും ഈ സിനിമയും ഗാനങ്ങളും അനശ്വരമായി നിലനിൽക്കുന്നു. ഡെന്നിസ്, അഭിരാമി, നിരഞ്ജൻ, രവിശങ്കർ, മോനായി തുടങ്ങി മനസ്സിൽ പതിഞ്ഞ ഒരുപിടി കഥാപാത്രങ്ങളെ സമ്മർ ഇൻ ബത്ലഹേം സമ്മാനിച്ചു. മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായാണ് സമ്മർ ഇൻ ബത്ലഹേം വിലയിരുത്തപ്പെടുന്നത്. മോഹൻലാലിന്റെ അതിഥി വേഷവും സിനിമയുടെ പ്രധാന മേൻമകളിലൊന്നാണ്.
മലയാള സിനിമ ഇന്നോളം കണ്ട അതിഥി വേഷങ്ങളിൽ മുൻപന്തിയിൽ സമ്മർ ഇൻ ബത്ലഹേമിലെ നിരഞ്ജനുണ്ട്. നിരഞ്ജൻ എന്ന കഥാപാത്രത്തെ മോഹൻലാൽ അവിസ്മരണീയമാക്കിയെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ഇപ്പോഴിതാ സിനിമയുടെ അണിയറയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. നിരഞ്ജൻ എന്ന കഥാപാത്രത്തിലേക്ക് മോഹൻലാലിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ചും സിനിമയിൽ നിന്ന് നീക്കിയ രംഗങ്ങളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. കൗമുദി മൂവീസിനോടാണ് പ്രതികരണം.

നിരഞ്ജൻ എന്ന കഥാപാത്രത്തെ പ്രേക്ഷകരിൽ നിന്ന് ഒളിപ്പിച്ച് വെക്കാൻ കഴിഞ്ഞു എന്നതാണ് സന്തോഷം. തിയറ്ററിലെത്തുന്നത് വരെ ഇത്രയും വലിയൊരു നടൻ സിനിമയിലുള്ളത് പ്രേക്ഷകർ അറിഞ്ഞില്ല. സോഷ്യൽ മീഡിയ കാരണം ഒരുപക്ഷെ ഇന്നത്തെ കാലത്ത് അത് സാധിക്കില്ല. സ്ക്രിപ്റ്റിൽ ക്ലെെമാക്സിനോട് അടുപ്പിച്ചുള്ള ജയിലിലെ സീൻ കഴിഞ്ഞാൽ വലിയൊരു സീൻ ഉണ്ടായിരുന്നു. മഞ്ജുവും ലാലും ഫാന്റസിയിൽ കാണുന്ന ഒരു രംഗമുണ്ടായിരുന്നു.
അത് കൂടാതെ ഡെന്നിസിലേക്ക് അടുക്കാൻ അഭിരാമിയെ കുടുംബാംഗങ്ങൾ പ്രേരിപ്പിക്കുന്ന ഒരു സീനും ഉണ്ട്. അത് ചിത്രീകരിക്കുകയും ചെയ്തു. അതിന് ശേഷമാണ് ട്രെയ്നിലെ സീൻ വരുന്നത്. തിയറ്ററിലെത്തി ആദ്യത്തെ ഷോയിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ വരവോടെ പ്രേക്ഷകർ വല്ലാത്ത രീതിയിൽ സിനിമ ഏറ്റെടുത്തു. ആ കഥാപാത്രം വരുന്നതോടെ സിനിമ വേറൊരു ലെവലിൽ ഉയർന്നു. സിനിമയുടെ എല്ലാ രസങ്ങൾക്കും അപ്പുറത്ത് വലിയ ആവേശമായിരുന്നു പ്രേക്ഷകർക്കെന്നും സിബി മലയിൽ ഓർത്തു.

അഭിരാമിയെ കൺവിൻസ് ചെയ്യുന്ന രംഗമുൾപ്പടെയുള്ള സീനുകൾ ലാഗ് തോന്നിയത് കാരണം റിലീസ് ചെയ്ത ദിവസം രാത്രി തന്നെ ഒഴിവാക്കിയെന്നും സിബി മലയിൽ വ്യക്തമാക്കി. മോഹൻലാൽ ചെയ്ത കഥാപാത്രത്തിലേക്ക് ആദ്യം നടൻ കമൽഹാസനെയും രജിനികാന്തിനെയും പരിഗണിച്ചിരുന്നെന്ന് സിബി മലയിൽ വ്യക്തമാക്കി. ജയറാമിന്റെയും സുരേഷ് ഗോപിയുടെയും മുകളിൽ നിൽക്കുന്ന നടൻ ആ വേഷം ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. ഒടുവിൽ മോഹൻലാൽ മതിയെന്ന് ധാരണയായി.
മോഹൻലാൽ ആയുർവേദ ചികിത്സയ്ക്ക് ബാംഗ്ലൂരിലാണ്. ബാംഗ്ലൂരിൽ ചെന്ന് കഥ പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. രണ്ട് ദിവസമാണ് ലാൽ സിനിമയിൽ അഭിനയിച്ചത്. രണ്ടാമത്ത ദിവസം ഷൂട്ട് ചെയ്തത് സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും സിബി മലയിൽ ചൂണ്ടിക്കാട്ടി. കലാഭവൻ മണി ചെയ്ത മോനായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം തീരുമാനിച്ചത് കുതിരവട്ടം പപ്പുവിനെയാണ്.
ഗാനരംഗത്തിൽ അഭിനയിക്കാൻ റിഹേഴ്സൽ ചെയ്യവെ അദ്ദേഹത്തിന് തണുപ്പ് കാരണം ശ്വാസതടസ്സം വന്നു. ഈ തണുപ്പ് എനിക്ക് പറ്റുന്നില്ല ഒന്ന് ഒഴിവാക്കി തരണം എന്ന് പപ്പു ചേട്ടൻ പറഞ്ഞു. ഇതോടെയാണ് കലാഭവൻ മണി സിനിമയിലേക്ക് എത്തുന്നതെന്ന് സിബി മലയിൽ വ്യക്തമാക്കി. കലാഭവൻ മണിയുടെ കരിയറിലെ ശ്രദ്ധേയ വേഷങ്ങളിൽ ഒന്നായിരുന്നു സമ്മർ ഇൻ ബത്ലഹേമിലെ മോനായി. സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും പിന്നീട് ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നില്ല.


Click it and Unblock the Notifications