ഖുർആനും ഞാൻ വായിച്ചു, പക്ഷെ...; ഭർത്താവും ക്രിസ്തു മതത്തിലേക്ക് മാറിയതിന് കാരണം: മോഹിനി പറയുന്നു
നടി മോഹിനിയുടെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ ഏറെ ചർച്ചയായതാണ്. മാനസികമായി തകർന്ന ഘട്ടത്തിലാണ് മോഹിനി ഹിന്ദു മതത്തിൽ നിന്നും ക്രിസ്തു മതത്തിലേക്ക് മാറുന്നത്. ഭർത്താവിന്റെ ബന്ധു ചെയ്ത കൂടോത്രമാണ് തന്നെ മാനസികമായി ബാധിച്ചതെന്നാണ് മോഹിനി പറയുന്നത്. ക്രിസ്തു മതത്തിലേക്ക് മാറിയപ്പോഴാണ് തനിത്ത് ആശ്വാസം ലഭിച്ചതെന്നും മോഹിനി വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹിനി. ടൂറിംഗ് ടാക്കീസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
ഒരിക്കലും മാതാപിതാക്കൾ അവരുടെ ആചാര അനുഷ്ഠാനങ്ങൾ എന്നെ കൺട്രോൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. മതം മാറുന്നെന്ന് പറഞ്ഞപ്പോൾ ഭർത്താവിന് കുഴപ്പമില്ലായിരുന്നു. അപ്പോൾ നീ ഇനി ചിക്കനും മട്ടനും പാകം ചെയ്യുമല്ലോ എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. ഭർത്താവായത് കൊണ്ട് എല്ലാത്തിലും എന്നെ നിയന്ത്രിക്കുന്ന ആളല്ല ഭരത്. ഇന്ന് വരെയും എന്റെ ബാങ്ക് അക്കൗണ്ട് ഏതെന്നോ എന്റെയടുത്ത് എത്ര പെെസയുണ്ടെന്നോ ആഭരണങ്ങളുണ്ടെന്നോ അദ്ദേഹത്തിന് അറിയില്ല.

ഞാൻ മരിച്ചാൽ നിങ്ങൾ ഇതെല്ലാം അറിയണമെന്ന് പറഞ്ഞപ്പോൾ അപ്പോൾ ബാങ്കിൽ നിന്നും ലെറ്റർ വന്നോളും ഇപ്പോൾ നീ ഒന്നും പറയേണ്ടെന്ന് പറഞ്ഞു. താൻ മതം മാറിയ ശേഷം കുറേക്കാലം കഴിഞ്ഞാണ് ഭരത് മതം മാറുന്നതെന്നും മോഹിനി പറഞ്ഞു. ഭരതിന് ജീസസിനെ ഇഷ്ടപ്പെട്ട ശേഷമാണ് മതം മാറിയത്. 11 വർഷമെടുത്തു. ചർച്ചിൽ എനിക്ക് ഒറ്റയ്ക്ക് പോകുന്നത് ഇഷ്ടമല്ല. ഞായറാഴ്ച എല്ലാവരും കുടുംബത്തോടൊപ്പമാണ് വരിക. ഞാൻ മാത്രം ഒറ്റയ്ക്ക് പോകും.
ഭരത് എനിക്കൊപ്പം വരാൻ തുടങ്ങി. ഭരതിന് ജീസസിനെ ഇഷ്ടമായി. നീ തെറ്റ് ചെയ്യാതിരിക്കൂ, ഉറപ്പായും നിന്നെ ഞാൻ കാക്കും എന്ന് ഉറപ്പിച്ച് പറയുന്ന ദെെവമാണ്. അങ്ങനെ അദ്ദേഹവും ക്രിസ്തു മതത്തിലേക്ക് മാറിയെന്നും മോഹിനി പറയുന്നു. എന്റെ സ്വഭാവം വെച്ച് എന്നിലെ ഒരു കാര്യം എടുത്ത് മാറ്റി പുതിയാരു കാര്യം സ്വീകരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള ഞാൻ പിറന്ന മതത്തെ പൂർണമായും മാറ്റിവെച്ച് പോകണമെങ്കിൽ അങ്ങനെ എന്തെങ്കിലും നടക്കണം. ഞാൻ രാമായണം, മഹാഭാരതം എന്നിവ വായിച്ചു. ഖുർആനും വായിച്ചു. എന്ത് പ്രശ്നത്തിലാണെങ്കിലും ഞാൻ നിന്നെ വന്ന് രക്ഷിക്കുമെന്ന് അവയിൽ പറയുന്നില്ല.

ഞാൻ പൂജ ചെയ്യും. എന്നാൽ രാത്രിയായാൽ ഭയമായിരിക്കും. ഇന്ന് എന്ത് ദുസ്വപ്നമാണ് കാണുക എന്ന ഭയം. ബെെബിളിൽ ഞാൻ മറ്റെവിടെയും വായിക്കാത്ത കാര്യങ്ങൾ വായിച്ചു. എന്ത് ചെയ്താലും നിന്നോട് ഞാൻ ക്ഷമിക്കുമെന്ന് അതിൽ പറയുന്നുണ്ട്. ഞാൻ വായിച്ചിടത്തോളം ദെെവം ഞാൻ നിന്റെ സുഹൃത്താണെന്ന് മറ്റൊരു മതഗ്രന്ഥത്തിലും പറയുന്നില്ല. ക്രിസ്തു മതത്തിലേക്ക് അടുത്തപ്പോൾ തന്റെ ഉള്ളിലെ ഭയങ്ങളും വിഷാദവും ഇല്ലാതായെന്നും മോഹിനി പറഞ്ഞു.
രാത്രി ഉറക്കമേ ഇല്ലായിരുന്നു. പ്രേത പിശാചുകൾ വരുന്നത് പോലെ തോന്നും. കഴുത്തിനടുത്ത് കീറുന്നത് പോലെ തോന്നും. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ അവിടെ ചുവന്നിരിക്കും. സെെക്യാട്രിസ്റ്റിനടുത്ത് പോയപ്പോൾ ക്ലിനിക്കൽ ഡിപ്രഷനില്ല എന്ന് പറഞ്ഞു. കുട്ടികളില്ല, പണമില്ല, ഭർത്താവ് ശരിയല്ല തുടങ്ങി ഒരു കാരണവും എനിക്ക് വിഷാദം വരാൻ ഇല്ലായിരുന്നു. എന്നാൽ എനിക്ക് മരിക്കാൻ തോന്നി. 7 തവണ ആത്മഹത്യക്ക് ശ്രമിച്ചു. യേശുവാണ് തന്നെ ആ വിഷമഘട്ടത്തിൽ നിന്നും രക്ഷിച്ചതെന്ന് മോഹിനി പറയുന്നുണ്ട്.


Click it and Unblock the Notifications











