മരുമകൻ എന്റെ ഭർത്താവിന്റെ സുഹൃത്ത്, എങ്ങനെ നിന്റെ നായകനാകുമെന്ന് മമ്മൂക്ക, പ്രായം സമ്മതിക്കെന്ന് ഞാൻ: മോഹിനി
ഒരു കാലത്ത് നായിക നടിയായി തരംഗം സൃഷ്ടിച്ച താരമാണ് മോഹിനി. മലയാളത്തിലും തമിഴിലും മോഹിനി ശ്രദ്ധേയ സാന്നിധ്യമായി മാറി. മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം മികച്ച റോളുകൾ മോഹിനിക്ക് ലഭിച്ചു. മലയാളത്തിൽ മോഹിനിക്ക് ഹിറ്റുകൾ ഏറെയാണ്. വിവാഹ ശേഷമാണ് മോഹിനി അഭിനയ രംഗത്ത് സജീവമല്ലാതായത്. മലയാളത്തിൽ തനിക്കൊപ്പമഭിനയിച്ച താരങ്ങളെക്കുറിച്ച് മോഹിനി പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ടൂറിംഗ് ടാക്കീസിൽ സംസാരിക്കുകയായിരുന്നു നടി.
ദിലീപ് ഒരു സുഹൃത്തിനെ പോലെയാണ്. ഞങ്ങൾക്ക് പരസ്പരം വലിയ ബഹുമാനമൊന്നുമില്ല. നല്ല സുഹൃത്തുക്കളാണ്. മഞ്ജു വാര്യരും നല്ല സുഹൃത്തായിരുന്നു. മമ്മൂക്ക എന്നേക്കാൾ വളരെ സീനിയറാണ്. ഞങ്ങൾ ഒരുമിച്ച് ആദ്യ സിനിമ ചെയ്യുമ്പോൾ എന്റെ അമ്മ നിങ്ങളുടെ വലിയ ഫാനാണെന്ന് പറഞ്ഞു. അദ്ദേഹം അത് ഓർമയിൽ വെച്ച് പത്ത് വർഷം കഴിഞ്ഞ് ചോദിച്ചു. നിന്റെ അമ്മ എന്റെ ഫാനാണ് എന്ന് പറഞ്ഞത് കൊണ്ട് എന്താണുദ്ദേശിച്ചത്? നിങ്ങൾ എന്റെ അമ്മയുടെ പ്രായമുള്ള ഹീറോയെന്നല്ലേ എന്ന് ചോദിച്ചു.

അയ്യോ സർ ഞാൻ അങ്ങനെ വിചാരിച്ചിട്ട് കൂടിയില്ലെന്ന് ഞാൻ പറഞ്ഞു. അവരെല്ലാം എന്നെ തെറ്റിദ്ധരിക്കാതെ മനസിലാക്കി. ചെറിയ കുട്ടിയാണ്, അത്ര അറിവേയുള്ളൂ, എന്തെങ്കിലും സംസാരിച്ച് കൊണ്ടിരിക്കുമെന്ന് അവർക്കറിയാം. മമ്മൂക്കയെ അറിഞ്ഞവർക്ക് അറിയാം. ജോളിയായി തമാശ പറയും. എന്റെ ഭർത്താവിന്റെ സുഹൃത്ത് മമ്മൂക്കയുടെ മരുമകനാണ്. ഞാനെങ്ങനെ നിനക്കൊപ്പം പെയറായി അഭിനയിക്കുമെന്ന് അദ്ദേഹം ചോദിച്ചു. സർ, അതിന് ഒരു വഴിയേയുള്ളൂ, നിങ്ങളുടെ യഥാർത്ഥ പ്രായം സമ്മതിക്കെന്ന് ഞാൻ പറഞ്ഞു.
അതൊന്നും പറ്റില്ലെന്ന് അദ്ദേഹം. മമ്മൂക്കയുടെ പ്രായം മനസിലാകില്ലെന്നും മോഹിനി പറഞ്ഞു. അതേസമയം മോഹൻലാലിനോട് തനിക്ക് സംസാരിക്കാൻ ഭയമായിരുന്നന്നും മോഹിനി പറഞ്ഞു. അദ്ദേഹം പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുക. മനസിലാകാതെ ഞാനെന്തിലും പറഞ്ഞാലോ എന്ന് കരുതി ഞാനധികം സംസാരിക്കില്ല. അദ്ദേഹവും അധികം സംസാരിക്കില്ല. ഹൗ ആർ യു മോഹിനി, ആ സിനിമ എങ്ങനെയുണ്ടായിരുന്നു എന്നെല്ലാം ചോദിക്കും. നീ മലയാളം പഠിക്കണം, നിന്റെ അമ്മൂമ്മ കോട്ടയംകാരിയല്ലേ എന്ന് അദ്ദേഹം പറഞ്ഞ് കൊണ്ടിരിക്കുമായിരുന്നെന്നും മോഹിനി ഓർത്തു.

തനിക്ക് വീട് പോലെ തോന്നിയ ഇൻഡസ്ട്രി മലയാള സിനിമാ രംഗമാണെന്ന് മോഹിനി പറയുന്നുണ്ട്. ഗ്ലാമറസ് റോളുകൾ ചെയ്യുന്നത് എനിക്കിഷ്ടമല്ല. ഗോസിപ്പ് വരുമെന്ന് ഭയന്ന് ഞാൻ ആരോടും അധികം സംസാരിക്കാതെ പുസ്തകം വായിച്ചിരിക്കുമായിരുന്നു. അതൊന്നും മലയാളത്തിൽ കുഴപ്പമായില്ല. അവർ എന്നെ ഞാനായി അംഗീകരിച്ചു. അത് കൊണ്ട് മലയാള സിനിമാ രംഗം ഇഷ്ടമായിരുന്നെന്നും മോഹിനി വ്യക്തമാക്കി.
ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് മോഹിനി ഇന്ന്. ഭരത് എന്നാണ് ഭർത്താവിന്റെ പേര്. തന്നെ വളരെയധികം സ്നേഹിക്കുന്ന ഭർത്താവാണെന്ന് മോഹിനി പറയുന്നുണ്ട്. . കല്യാണം കഴിഞ്ഞ ശേഷം ഞാൻ കടുത്ത വിഷാദത്തിൽ ആയിരുന്നു. വേറെ ഏത് പുരുഷനാണെങ്കിലും ഈ ബന്ധം വിട്ട് പോയേനെ. എന്നാൽ കല്യാണത്തിന് മുമ്പ് മോഹിനി എങ്ങനെയായിരുന്നോ അത് പോലെയാകുന്നത് വരെയും എന്നെ ഒറ്റയ്ക്ക് വിടില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. അത്രയും നല്ല ആളാണ് തന്റെ ഭർത്താവെന്ന് മോഹിനി വ്യക്തമാക്കി. മാനസികമായി തകർന്ന നാളുകളിൽ മോഹിനി ക്രിസ്തു മതത്തിലേക്ക് മാറിയിരുന്നു.


Click it and Unblock the Notifications











