'റിവ്യൂസിൽ അസ്വസ്ഥത തോന്നാറില്ല, തെറി പറയുമ്പോഴും അവർ എന്റർടെയ്നാവുകയല്ലേ, ഇഷ്ടമായില്ലെങ്കിൽ അവർക്ക് പറയാം'
സസ്പെൻസോ ട്വിസ്റ്റോ ഇല്ലാത്ത ത്രില്ലർ അല്ലാത്ത ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയുമായി ഡിസംബർ 21ന് ജീത്തു ജോസഫ് മോഹൻലാൽ ടീം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. സിനിമ തുടങ്ങി ആദ്യ പത്ത് മിനിറ്റിൽ തന്നെ കഥ പൂർണമായും പറയുന്ന പിന്നീട് കോടതിയിൽ നടക്കുന്ന വാദങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന ചെറിയ ചിത്രം അതാണ് നേര് എന്നാണ് ജീത്തു ജോസഫ് സിനിമയുടെ പ്രമോഷനെത്തിയപ്പോഴെല്ലാം ആവർത്തിച്ച് പറഞ്ഞത്.
സസ്പെൻസും ട്വിസ്റ്റും പ്രതീക്ഷിച്ച് ആരെങ്കിലും തിയേറ്ററിലേക്ക് വന്നാൽ നിരാശപ്പെടേണ്ടി വരുമെന്നാണ് ജീത്തു ജോസഫ് പറഞ്ഞത്. മോഹൻലാലിന്റെ ഒരു സിനിമ മലയാളത്തിൽ നല്ലൊരു പ്രകടനം കാഴ്ചവെച്ചിട്ട് നാളുകൾ ഏറെയായി. മലയാളത്തിൽ അവസാനമായി പുറത്തിറങ്ങിയ മോഹൻലാൽ സിനിമകളിൽ ബ്രോ ഡാഡിയും ട്വൽത്ത് മാനും മാത്രമാണ് മോശമില്ലാത്ത അഭിപ്രായം നേടിയത്.

എലോൺ, മോൺസ്റ്റർ, ആറാട്ട് തുടങ്ങിയവയെല്ലാം വലിയ വിമർശനം കേട്ട സിനിമകളായിരുന്നു. ജയിലറിലാണ് മോഹൻലാലിനെ മലയാളികൾ അവസാനമായി കണ്ടത്. രജിനികാന്ത് ചിത്രത്തിൽ മാത്യുവെന്ന ഗസ്റ്റ് റോളിൽ എത്തി ഗംഭീരപ്രകടനമാണ് മോഹൻലാൽ കാഴ്ചവെച്ചത്.
മമ്മൂട്ടി തുടരെ തുടരെ ഹിറ്റുകൾ തന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മോഹൻലാൽ സിനിമകൾ നിരന്തരമായി പരാജയപ്പെടുന്നത് ആരാധകരിലും നിരാശയുണ്ടാക്കിയിരുന്നു. മോൺസ്റ്റർ അടക്കമുള്ള സിനിമകളുടെ പ്രമോഷനെത്തിയപ്പോൾ സിനിമാ റിവ്യു ചെയ്യുന്നവരെ കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങളും വിവാദമായിരുന്നു. എഡിറ്റിങ് പോലും അറിയാത്തവരാണ് സിനിമയെ കുറ്റപ്പെടുത്തുന്നതെന്ന തരത്തിലാണ് മോഹൻലാൽ അന്ന് സംസാരിച്ചത്.
ഇപ്പോഴിതാ നേര് പ്രമോഷന്റെ ഭാഗമായി കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ റിവ്യു ബോംബിങിനെ കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. റിവ്യു ബോംബിങ് അസ്വസ്ഥതപ്പെടുത്താറുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് മോഹൻലാൽ മറുപടി പറഞ്ഞത്. 'റിവ്യു ബോംബിങ് അസ്വസ്ഥതപ്പെടുത്താറില്ല. വേറെ എന്തൊക്കെ കാര്യത്തിൽ അസ്വസ്ഥത പുലർത്താം.'
'ഞാൻ പത്ത് നാൽപ്പത്തിയാറ് വർഷമായി സിനിമയിൽ അഭിനയിക്കുകയാണ്. എനിക്കിനി വേറെ ഒന്നും ചെയ്യാൻ പറ്റില്ല. കാരണം എനിക്കിത് മാത്രമെ അറിയാവൂ. എല്ലാ സിനിമയും ഉഗ്രനായി മാറില്ലല്ലോ. എല്ലാവർക്കും അബദ്ധങ്ങൾ പറ്റാം. ഒരാൾക്ക് ഇഷ്ടമായില്ലെങ്കിൽ വേറെ പത്തുപേർക്ക് ഇഷ്ടമായിട്ടുണ്ടാകും. മാത്രമല്ല ഇഷ്ടപ്പെടാത്തവർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.'

'അത് അവർ പറഞ്ഞോട്ടെ അതിൽ സങ്കടമില്ല. വളരെ അധികം ഇഷ്ടമായിയെന്ന് പറഞ്ഞാൽ വളരെ സന്തോഷവുമില്ല. അതല്ലേ എപ്പോഴും നല്ലത്. നമുക്ക് ആ സമയം വേറെ എന്തൊക്കെ കാര്യങ്ങൾ ചിന്തിക്കാം', എന്നാണ് മോഹൻലാൽ പറഞ്ഞത്. റിവ്യു ബോംബിങിനെ കുറിച്ച് ഒരിക്കൽ താൻ മോഹൻലാലിനോട് സംസാരിച്ചപ്പോഴുണ്ടായ അനുഭവം നടൻ സിദ്ദീഖും അഭിമുഖത്തിൽ പങ്കുവെച്ചു.
'നമ്മൾ എന്റർടെയ്നേഴ്സാണെന്നും നമ്മളെ ആളുകൾ തെറി പറഞ്ഞാൽ അത് ചെയ്യുമ്പോഴും അവർ എന്റർടെയ്നാവുകയല്ലേ എന്നാണ് ലാൽ ചോദിച്ചതെന്നുമാണ് സിദ്ദീഖ് പറഞ്ഞത്. ഒരിക്കൽ ഞാൻ റിവ്യു ബോംബിങ് വിഷയം ലാലിന്റെ അടുത്ത് സംസാരിച്ചിരുന്നു. അണ്ണാ... നമ്മൾ എന്റർടെയ്നേഴ്സാണ്. നമ്മുടെ ജോലി ആളുകളെ എന്റർടെയ്ൻ ചെയ്യിക്കുക എന്നതാണ്.'
'നമ്മൾ എന്റർടെയ്ൻ ചെയ്യിക്കുന്നത് കണ്ട് അതിന് താഴെ ആളുകൾ തെറി പറയുമ്പോൾ അവർ എന്റർടെയ്ന്ഡ് ആവുകയല്ലേ', എന്നാണെന്നാണ് സിദ്ദീഖ് പറഞ്ഞത്. ദൃശ്യം ഫെയിം അഡ്വ.ശാന്തി മായാദേവി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ അഭിഭാഷകനായ വിജയമോഹന്‍ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച നേരില്‍ വലിയ ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിഭാഷകന്‍റെ കുപ്പായമിടുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ഗണേശ് കുമാർ തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നു.


Click it and Unblock the Notifications











