റിയാലിറ്റി ഷോ നടത്തി കടക്കാരനായി, മാസവരുമാനം രണ്ട് കോടി, 90 കോടി ആസ്തി; ആര്യയ്ക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത്?
കഴിഞ്ഞ രണ്ട് ദിവസമായി തമിഴ് നടൻ ആര്യയാണ് വാർത്തകളിൽ നിറയുന്നത്. നടന്റെ ചെന്നൈയിലുള്ള വീട്ടിലും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടന്നുവെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ആര്യയുടെ വ്യക്തി ജീവിതം വീണ്ടും ചർച്ചയാകുന്നത‍്. നികുതിവെട്ടിപ്പ്, വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം എന്നിവയിൽ നടന് എതിരെ പരാതി ഉയർന്നതോടെയാണ് റെയ്ഡ് നടന്നതെന്നാണ് വിവരം. എന്നാൽ വാർത്ത ആര്യ നിഷേധിച്ചു. നാൽപ്പത്തിനാലുകാരനായ ആര്യ ജന്മം കൊണ്ട് മലയാളിയാണ്.
കുടുംബവേരുകൾ എല്ലാം കാസർഗോഡ് ജില്ലയിലാണ്. തൃക്കരിപ്പൂരുകാരനായ ജംഷാദ് സിനിമയിൽ എത്തിയശേഷമാണ് സ്റ്റേജ് നെയിമായി ആര്യ എന്ന പേര് സ്വീകരിച്ചത്. നടൻ പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. മോഡലിങ്ങിലൂടെയാണ് ആര്യയും സിനിമയിലേക്ക് എത്തുന്നത്. തമിഴ് സിനിമ അറിന്തും അറിയാമലും ആയിരുന്നു ആദ്യ സിനിമ.

വിഷ്ണുവർധനൻ സംവിധാനം ചെയ്ത സിനിമയിലൂടെ മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയർ പുരസ്കാരം ആര്യയ്ക്ക് ലഭിച്ചു. തുടക്കകാലത്ത് ഏറെയും പ്രണയ ചിത്രങ്ങളിലാണ് ആര്യ അഭിനയിച്ചത്. അതുകൊണ്ട് തന്നെ ഒരു ചോക്ലേറ്റ് ബോയ് ഇമേജായിരുന്നു. നാൻ കടവുൾ സിനിമയുടെ റിലീസിനുശേഷമാണ് ആര്യയിലെ അഭിനേതാവിനെ ജനങ്ങൾ അംഗീകരിച്ച് തുടങ്ങിയത്. അതൊരു ടേണിങ് പോയിന്റെ തന്നെയായിരുന്നു.
ബാല സംവിധാനം ചെയ്ത സിനിമ ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ്. ദേശീയ ചലച്ചിത്ര പുരസ്കാരവും സിനിമ നേടിയിരുന്നു. നാൻ കടവുളിനുശേഷം മുൻനിര നായകനായി വളർന്ന ആര്യ 2015വരെ തമിഴിൽ തിരക്കുള്ള സൂപ്പർ താരമായിരുന്നു. ഈ കാലഘട്ടത്തിലാണ് മദ്രാസ്പട്ടണം പോലുള്ള സിനിമകൾ നടന്റെ ജീവിതത്തിൽ സംഭവിക്കുന്നത്. ഒരേ സമയം കൊമേഴ്സ്യൽ സിനിമകളിലും കണ്ടന്റിന് പ്രാധാന്യമുള്ള സിനിമകളിലും ആര്യ അഭിനയിച്ചിരുന്നു.
എന്നാൽ 2016നുശേഷം പറയത്തക്ക ഹിറ്റൊന്നും സൃഷ്ടിക്കാൻ നടന് കഴിഞ്ഞില്ല. ആര്യയുടെ കരിയർ അവസാനിച്ചുവെന്ന് പ്രേക്ഷകർ കരുതിയിരുന്ന സമയത്താണ് കൊവിഡ് കാലത്ത് സർപാട്ട പരമ്പരൈയുമായി നടൻ എത്തുന്നത്. തിയേറ്റർ റിലീസ് അനുവദനീയമല്ലാത്ത സാഹചര്യമായതുകൊണ്ട് തന്നെ ഒടിടി വഴിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. അതിനുശേഷം റിലീസ് ചെയ്ത നടന്റെ എനിമി, ക്യാപ്റ്റൻ, കാദർ ബാദ്ഷ എന്ന മുത്തുരാമലിംഗം തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം പരാജയപ്പെട്ടു.
ഇപ്പോൾ സർപ്പാട്ട പരമ്പരൈ രണ്ടാം ഭാഗം ഒരുക്കി ഒരു തിരിച്ച് വരവ് നടത്താനുള്ള ശ്രമത്തിലാണ് നടൻ. അതിനിടയിലാണ് വരവിൽ കവിഞ്ഞ സ്വത്തും ബിസിനസുമെല്ലാം ചർച്ചയായത്. സിനിമയിൽ വന്ന കാലം മുതൽ ഗോസിപ്പ് കോളങ്ങളിലും വിവാദങ്ങളിലും ആര്യയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. റെയ്ഡിന് മുമ്പ് ആര്യ വാർത്തകളിൽ നിറഞ്ഞത് എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായതിന്റെ പേരിലായിരുന്നു.

യുവതികൾക്ക് വേണ്ടിയുള്ള റിയാലിറ്റി ഷോയായിരുന്നു ഇത്. ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ആര്യ റിയാലിറ്റി ഷോയുടെ ഭാഗമായത്. പക്ഷെ ഗ്രാന്റ് ഫിനാലെ എത്തിയപ്പോൾ തനിക്ക് ഒരാളെയായി തെരഞ്ഞെടുക്കാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞ് നടൻ ഒഴിഞ്ഞുമാറിയത് വിവാദമായി. ആര്യയ്ക്കും നല്ലൊരു തുക എങ്ക വീട്ട് മാപ്പിളൈ ഷോയിലൂടെ നഷ്ടമായതായും നടന് സാമ്പത്തിക ബാധ്യത വന്നതായും ആ സമയത്ത് പ്രചരിച്ചിരുന്നു.
വിവാദങ്ങൾ കെട്ടടങ്ങിയശേഷം നടി സയേഷയെ താരം വിവാഹം ചെയ്തു. ബിസിനസുകാരൻ കൂടിയായ ആര്യയ്ക്ക് സീ ഷെൽ എന്ന പേരിൽ റെസ്റ്റോറന്റ് സ്വന്തമായുണ്ട്. ചെന്നൈയിലെ അണ്ണാനഗറിലും വേളാച്ചേരിയിലുമായാണ് സീ ഷെൽ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. ഇതിന് പുറമെ ദി ഷോ പീപ്പിൾ എന്ന പേരിൽ ഒരു നിർമ്മാണ കമ്പനിയും ആര്യ നടത്തുന്നു. അമര കാവിയം, ജീവ, ക്യാപ്റ്റൻ, ഡിഡി നെക്സ്റ്റ് ലെവൽ തുടങ്ങിയ ചിത്രങ്ങൾ ആര്യ നിർമ്മിച്ചിട്ടുണ്ട്.
വലിയ ഹിറ്റ് സിനിമകൾ ഇല്ലാത്തതിനാൽ ആര്യയ്ക്ക് കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുന്നത്. നിലവിൽ ഒരു സിനിമയ്ക്ക് 10 മുതൽ 15 കോടി രൂപ വരെ മാത്രമാണ് പ്രതിഫലം. അദ്ദേഹത്തിന് ശേഷം സിനിമയിൽ അരങ്ങേറ്റം കുറിച്ച ശിവകാർത്തികേയൻ ഇപ്പോൾ ഒരു സിനിമയ്ക്ക് 50 കോടിയിലധികം രൂപ പ്രതിഫലമായി വാങ്ങുന്നുണ്ട്. ആര്യ ഇന്ന് കോടിക്കണക്കിന് സ്വത്തിന്റെ ഉടമയാണ്. പ്രതിമാസ വരുമാനം മാത്രം ഏകദേശം രണ്ട് കോടി രൂപയാണെന്ന് പറയപ്പെടുന്നു. ആസ്തി 90 കോടി രൂപയോളം വരും.


Click it and Unblock the Notifications