'ഞാനും മമ്മൂട്ടിയും ശത്രുതയിലാണെന്ന് പറയാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെയും, ഞങ്ങൾ അത് കേട്ട് ചിരിക്കും'; മോഹൻലാൽ
എൺപത് കാലഘട്ടം മുതൽ മമ്മൂട്ടി-മോഹൻലാൽ എന്നീ താരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു വാണിജ്യപരമായി മലയാള സിനിമയുടെ നിലനിൽപ്പ്. ഇരുവർക്കും പിന്നിലായി പലരും വന്നുപോയെങ്കിൽ തന്നെയും ഇരുവരുടെയും സ്ഥാനം അചഞ്ചലമായി തുടരുകയാണ്. ഇരുവരുടെയും കരിയർ നിരവധി ഉയർച്ച താഴ്ച്ചകളിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും പ്രേക്ഷക പിന്തുണയിൽ മലയാളത്തിലെ ബിഗ് എംഎസുകൾ അധികം പിന്നോട്ട് പോയിട്ടില്ല എന്നതാണ് വാസ്തവം. ഇവരുടെ സമകാലികർ എന്ന് പറയാവുന്ന ദക്ഷിണേന്ത്യൻ താരങ്ങളെല്ലാം നിറം മങ്ങുകയോ പുതിയ തലമുറക്ക് വഴിമാറി കൊടുക്കുകയോ ചെയ്തപ്പോഴും മമ്മൂട്ടി-മോഹൻലാൽ താരജോടികൾ ഇന്നും തങ്ങളുടെ പ്രഭാവം നിലനിർത്തി പോരുന്നു.
ചിരഞ്ജീവി-നാഗാർജുന, രജനികാന്ത്-കമലഹാസൻ, ഷാരൂഖ് ഖാൻ-സൽമാൻ ഖാൻ, അമിതഭ് ബച്ചൻ-ധർമെന്ദ്ര തുടങ്ങി നായകരുടെ കൂട്ടമെടുത്താൽ ഇനിയും ഒരുപാട് താരദ്വയങ്ങളെ കാണാനാകുമെങ്കിലും ഇവരിൽ നിന്നെല്ലാം മമ്മൂട്ടി-മോഹൻലാൽ സൗഹൃദം വ്യത്യസ്തമാകുന്നത് അവർ ഓൺസ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും കാണിക്കുന്ന പരസ്പരബഹുമാനം കൊണ്ടാണ്. ഏകദേശം 55 ചിത്രങ്ങളിൽ ഇരുവരും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഊതിക്കാച്ചിയ പൊന്ന് മുതൽ കടൽ കടന്നൊരു മാത്തുകുട്ടി വരെയുള്ള സിനിമകൾ. നായകനും വില്ലനുമായും നായകനും സഹനയാകാനുമായും നായകനും നായകനുമായും നിരവധി സിനിമകൾ ഇരുവരും ഒന്നിച്ച് സമ്മാനിച്ചിട്ടുണ്ട്. ചെറുതെങ്കിലും അനിവാര്യമായ ഒത്തിരി കാമിയോ വേഷങ്ങളും ഇരുവരും ചെയ്തിട്ടുണ്ട്

പടയോട്ടം സിനിമയിൽ അഭിനയിക്കാൻ എത്തുമ്പോഴാണ് മമ്മൂട്ടി മോഹൻലാലിനെ കാണുന്നത്. ആ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രമായ കമ്മാരന്റെ മകനായിട്ടാണ് ലാൽ അഭിനയിച്ചിരിക്കുന്നത്. അത് കഴിഞ്ഞ് അഹിംസ എന്ന ഐ.വി ശശി സിനിമയിലേക്ക് മമ്മൂട്ടി ലാലിന്റെ പേര് പറഞ്ഞതായും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. വലിയ സിനിമയായതിനാൽ പടയോട്ടത്തിന് മുന്നേ തന്നെ അഹിംസ റിലീസ് ചെയ്തു. പിന്നീട് ഒരു ഇൻഡസ്ട്രിയുടെ വിജയത്തിന്റെ കൈവഴികളിലെ പ്രധാനപ്പെട്ട രണ്ട് താരങ്ങളായി ഇരുവരും മാറി. മോഹൻലാലിൻറെ അഭിനയത്തെപ്പറ്റി മമ്മൂട്ടി ഒരിക്കൽ പറഞ്ഞത് തിക്കുറിശ്ശിക്ക് അടൂർ ഭാസിയിൽ ഉണ്ടായ മകൻ എന്നാണ്. അതിനർത്ഥം മലയാളത്തിലെ ആദ്യ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന തിക്കുറിശിയിലെ സീരിയസ് അഭിനയവും മലയാളം കണ്ട എക്കാലത്തെയും പ്രഗത്ഭനായ കോമേഡിയനായ അടൂർഭാസിയുടെ കുസൃതി നിറഞ്ഞ നർമ്മാഭിനയവും കൂടിയ അഭിനയ രീതിയാണ് മോഹൻലാലിന്റേത് എന്നാണ്.

പഴശ്ശിരാജ പോലെയുള്ള വേഷങ്ങൾ ഒക്കെ മമ്മൂട്ടി ചെയ്യുന്നതുപോലെ തനിക്ക് വഴങ്ങില്ല എന്നും തങ്ങളുടെ വേഷങ്ങളിൽ ഉള്ള താരതമ്യം ആവശ്യമില്ല എന്നും മോഹൻലാൽ ഒരിക്കൽ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. മമ്മൂട്ടിയെ തന്റെ സ്വന്തം സഹോദരനെ പോലെയാണ് മോഹൻലാൽ കാണുന്നത്. മമ്മൂട്ടിക്കും അത് അങ്ങനെ തന്നെയാണ്. ലാൽ മമ്മൂട്ടിയെ ഇച്ചാക്ക എന്നാണ് വിളിക്കുന്നത്. മമ്മൂട്ടിയുടെ സ്വന്തം സഹോദരങ്ങൾ അദ്ദേഹത്തെ ഇച്ചാക്ക എന്ന് വിളിക്കുന്നത് കേട്ടിട്ടാണ് മോഹൻലാലും അങ്ങനെ വിളിക്കാൻ തുടങ്ങിയത്. സിനിമയ്ക്ക് അപ്പുറം ഇരുവരും തമ്മിൽ നല്ല സൗഹൃദമുണ്ട്. മോഹൻലാലിനെ ലാലു, ലാൽ എന്നൊക്കെയാണ് മമ്മൂട്ടിയും വിളിക്കുന്നത്. ഇരുവരുടേയും ഫാൻസുകാർ തമ്മിൽ തർക്കമുണ്ടെങ്കിലും ഇവരുടെ വർഷങ്ങളായുള്ള സൗഹൃദത്തെ അത് തെല്ലും ബാധിച്ചിട്ടില്ല എന്നതാണ് സത്യം. ഇപ്പോൾ തങ്ങളുടെ സൗഹൃത്തിൽ വിള്ളലുകൾ ഉണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് മോഹൻലാൽ.

ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ നിലപാട് വ്യക്തമാക്കിയത്. താനും മമ്മൂട്ടിയും ശത്രുതയിലാണെന്ന് പറയാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെയുമെന്നാണ് മോഹൻലാൽ പറയുന്നത്. അത്തരം അടിസ്ഥാനമില്ലത്ത വാർത്തകൾ വരുമ്പോൾ വായിച്ച് ചിരിക്കുകയാണ് തങ്ങൾ ചെയ്യാറുള്ളതെന്നും മോഹൻലാൽ പറയുന്നു. 'ഞങ്ങൾ ഒരേ മേഖലയിൽ പ്രവർത്തിച്ച് വിജയം നേടിയവരായതിനാൽ ഞങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിനിഷ്ടം. ഒരേ മേഖലയിൽ പ്രവർത്തിക്കുകയും വിജയങ്ങൾ സൃഷ്ടിക്കുകയും ചെയ്തവരെ പരസ്പര ശത്രുക്കളായി കാണാനാണ് പലപ്പോഴും സമൂഹത്തിനിഷ്ടം. അവർ തമ്മിൽ എപ്പോഴും മത്സരവും കുതികാൽവെട്ടുമാണ് എന്ന് വെറുതെ നാമങ്ങ് ധരിച്ചുവെയ്ക്കും. അതിനെ പിന്തുടർന്ന് പല പല കഥകൾ ഉണ്ടാവും. അടിസ്ഥാനമില്ലാത്തവയാണെങ്കിൽ പോലും അവ സത്യമായി കരുതപ്പെടും. എന്റേയും മമ്മൂട്ടിയുടേയും കാര്യത്തിലും ഇത് ശരിയാണ്. ഇത്തരത്തിൽ പടച്ചുവിടുന്ന അടിസ്ഥാനരഹിതമായ കഥകൾ തങ്ങൾ ഒരുപാട് ആസ്വദിക്കാറുണ്ട്. ഇത്തരം കഥകൾ കേട്ട് ഏറ്റവും ഉച്ചത്തിൽ ചിരിക്കുന്നവർ ഞങ്ങളാണ് എന്നതാണ് സത്യം' മോഹൻലാൽ പറയുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ബാറോസിന്റെ പൂജ ചടങ്ങിലും മുഖ്യാതിഥിയായി പങ്കെടുത്തത് മമ്മൂട്ടിയായിരുന്നു.

മരക്കാർ അറബിക്കടിന്റെ സിംഹമായിരുന്നു ഏറ്റവും അവസാനം തിയേറ്ററിൽ റിലീസ് ചെയ്ത മോഹൻലാൽ സിനിമ. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിയിരുന്നു. കൊവിഡും ലോക്ക്ഡൗണും മൂലം പലതവണ റിലീസ് മാറ്റിവെച്ച ശേഷമാണ് ഇക്കഴിഞ്ഞ ഡിസംബറിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമയിൽ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ അഭിനയിച്ചിരുന്നു. മരക്കാറിന് ശേഷം ബ്രോ ഡാഡി എന്ന പൃഥ്വിരാജ് ചിത്രമാണ് മോഹൻലാൽ അഭിനയിച്ച് റിലീസ് ചെയ്തത്. ഒടിടി റിലീസായിരുന്ന സിനിമ ഫാമിലി എന്റർടെയ്നറായിരുന്നു. ചിത്രത്തിൽ കല്യാണി പ്രിയദർശൻ, പൃഥ്വിരാജ്, ലാലു അലക്സ്, മീന, കനിഹ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു. ആറാട്ട്, ട്വൽത്ത് മാൻ, എലോൺ എന്നിവയാണ് ഇനി റിലീസിനെത്താനുള്ള മോഹൻലാലിന്റെ മറ്റ് സിനിമകൾ.
Recommended Video

മമ്മൂട്ടിയുടേതായി ഏറ്റവും അവസാനം റിലീസിനെത്തിയ സിനിമ വൺ ആണ്. മുഖ്യമന്ത്രിയുടെ വേഷമായിരുന്നു ചിത്രത്തിൽ മമ്മൂട്ടിക്ക്. ഇനി പുറത്തിറങ്ങാനുള്ള മമ്മൂട്ടി സിനിമകൾ പുഴു, നൻപകൽ നേരത്ത് മയക്കം, ഭീഷ്മ പർവം തുടങ്ങിയവയാണ്. മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുഴുവിന്റെ ടീസർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഏറെ ദുരൂഹതകൾ നിറഞ്ഞ പ്രേക്ഷകരെ പടിച്ചിരുത്താൻ കഴിയുന്ന ഒരു ചിത്രമായിരിക്കും പുഴു എന്നാണ് ടീസർ നൽകുന്ന സൂചന. നവാഗതയായ റത്തീന ഷർഷാദാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്.ജോർജ്ജ് ആണ് നിർമാണം നിർവഹിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്.


Click it and Unblock the Notifications