മാെട്ട രാജേന്ദ്രനെ ചതിച്ചത് മലയാളി; രൂപം തന്നെ മാറിപ്പോയി; ആ ഷൂട്ടിംഗിനിടെ സംഭവിച്ചത്
തമിഴ് സിനിമാ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ മൊട്ട രാജേന്ദ്രൻ. നാൻ കടവുൾ രാജേന്ദ്രൻ എന്ന പേരിലും സിനിമാ ലോകത്ത് ഇദ്ദേഹം അറിയപ്പെടുന്നു. 2005 ൽ പുറത്തിറങ്ങിയ നാൻ കടവുൾ എന്ന സിനിമയിൽ നടൻ ചെയ്ത വില്ലൻ വേഷം ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. ഈ സിനിമയ്ക്ക് ശേഷമാണ് നാൻ കടവുൾ രാജേന്ദ്രൻ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത്. സംഘട്ടന രംഗങ്ങളിലൂടെയാണ് തുടക്ക കാലത്ത് രാജേന്ദ്രൻ സിനിമകളിൽ സാന്നിധ്യം അറിയിച്ചത്.
വിവിധ ഭാഷകളിലായി 500 സിനിമകളിലോളം ഡ്യൂപ്പായും സ്റ്റണ്ട് സീനുകളിലും ഇദ്ദേഹം അഭിനയിച്ചു. മാെട്ട രാജേന്ദ്രനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. എംജിആറിന്റെ ആരാധകനായിരുന്ന രാജേന്ദ്രൻ സിനിമകളിലെ ഹീറോ ആകാനാണ് ആഗ്രഹിച്ചതെന്ന് ചെയ്യാറു ബാലു പറയുന്നു. ആഗായം തമിഴ് യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. ഹീറോയായി അവസരങ്ങൾ അന്വേഷിച്ചപ്പോൾ പലരും രാജേന്ദ്രനെ പരിഹസിച്ചു. ഹീറോയാകാനുള്ള ഭംഗി ഇല്ലെന്ന് തോന്നിയതോടെ രാജേന്ദ്രൻ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചു.
സ്റ്റണ്ട് യൂണിയനിൽ മെമ്പറായതോടെ നിരവധി അവസരങ്ങൾ വന്നു. പിതാമകൻ എന്ന സിനിമയിൽ സ്റ്റണ്ട് സീനിൽ അഭിനയിക്കാനെത്തിയപ്പോഴാണ് രാജേന്ദ്രന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. അഭിനയിച്ച് പോകുക എന്നതിനപ്പുറം ഷൂട്ടിംഗിന്റെ കാര്യങ്ങളിലെല്ലാം രാജേന്ദ്രൻ സഹകരിച്ചു. ഇത് സംവിധായകൻ ബാല ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചേട്ടാ നിങ്ങൾക്കെത്ര പ്രായമുണ്ടെന്ന് ചോദിച്ചു. 58 വയസെന്ന് പറഞ്ഞു. ബാല ഞെട്ടി. ആ പ്രായത്തിലും കൈയെല്ലാം ഉരുക്ക് പോലെയുണ്ടായിരുന്നു. ബാലയ്ക്ക് അദ്ദേഹത്തെ ഇഷ്ടമായി.

രാജേന്ദ്രനെ വെച്ച് ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചു. അങ്ങനെയാണ് നാൻ കടവുൾ എന്ന സിനിമയിലേക്ക് നടനെ പരിഗണിക്കുന്നതെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. സിനിമയുടെ ഓഫർ വന്നപ്പോൾ ആദ്യം മൊട്ട രാജേന്ദ്രൻ പേടിച്ചു. എനിക്ക് ഡയലോഗൊന്നും പറയാൻ പറ്റില്ലെന്ന് പറഞ്ഞു. എന്നാൽ ബാല അദ്ദേഹത്തിന് ധൈര്യം നൽകി. സിനിമയിൽ ഒരു ഷോട്ടിൽ നായികയെ അടിക്കണം. വടി ഡമ്മിയാണ്. പക്ഷെ അത് കൊണ്ട് അടിച്ചതിന് പോലും അദ്ദേഹം കരഞ്ഞു.
സിനിമ കണ്ട ശേഷം മൊട്ട രാജേന്ദ്രൻ പൊട്ടിക്കരഞ്ഞു. ബാലയുടെ കാലിൽ വീണു. ഇത്രയും നല്ലൊരു സിനിമയിൽ അവസരം തന്നതിന് അദ്ദേഹം നന്ദി പറഞ്ഞു. നാൻ കടവുളിന് ശേഷം സിനിമാ ലോകത്ത് മാെട്ട രാജേന്ദ്രൻ പ്രശസ്തനായെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. മൊട്ട രാജേന്ദ്രന്റെ മുടി കാെഴിഞ്ഞ് പോയതിനെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു.

നല്ല ചുരുണ്ട മുടിയും താടിയും ഉള്ളയാളായിരുന്നു മൊട്ട രാജേന്ദ്രൻ. മലയാളിയായ ഒരു ഫിലിം മേക്കറാണ് അദ്ദേഹത്തെ ചതിച്ചത്. ഒരു ഫൈറ്റ് സീനിൽ അഭിനയിക്കുമ്പോൾ സംഭവിച്ചതാണത്. സീൻ പ്രകാരം തല്ല് കൊണ്ട് ഒരു കുളത്തിലേക്ക് വീഴണം. സമീപത്തെ ഫാക്ടറിൽ നിന്നുള്ള വിഷാശം നിറഞ്ഞ മാലിന്യം ഒഴുകി വന്ന് കെട്ടിക്കിടക്കുന്ന കുളമാണിത്. പലരും ഈ സീനിൽ നിന്ന് പിൻമാറി. അങ്ങനെയാണ് മാെട്ട രാജേന്ദ്രനെത്തുന്നത്. ഒരു കുഴപ്പവുമുണ്ടാകില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അദ്ദേഹത്തെ കുളത്തിലേക്ക് ചാടിച്ചത്.
ആദ്യത്തെ ഷോട്ട് ശരിയായില്ലെന്ന് പറഞ്ഞ് ഒന്ന് കൂടെ കുളത്തിലേക്ക് ചാടിച്ചു. അതിന് ശേഷമാണ് മുടിയും താടിയും പോയത്. ഒരു ഡോക്ടറെ കാണിച്ചു. കെമിക്കൽ റിയാക്ഷനാണെന്ന് ഡോക്ടർ പറഞ്ഞു. പലരും അദ്ദേഹത്തെ പരിഹസിച്ചു. ആറ് മാസം നടൻ പുറത്തിറങ്ങിയില്ല. പിൽക്കാലത്ത് ഈ രൂപം മൊട്ട രാജേന്ദ്രനെ തുണച്ചെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. മലയാള സിനിമയുടെ ഷൂട്ടിംഗിനിടെ നടന്ന ഈ സംഭവത്തെക്കുറിച്ച് മുമ്പൊരിക്കൽ മൊട്ട രാജേന്ദ്രനും തുറന്ന് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











