'പൃഥ്വിരാജിന്റെ ചിരിയെ ബിജു മേനോൻ കളിയാക്കി, ഉക്രിയെന്ന് വിളിക്കരുതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു'; അശ്വന്ത്
സിനിമകൾ അതിന്റെ എല്ലാ പ്രെസ്പെക്ടീവിൽ നിന്നും കാണുന്നയാളാണ് താനെന്നും വിമർശിച്ച് കളയാൻ വേണ്ടി സിനിമ കാണാറില്ലെന്നും അശ്വന്ത് കോക്ക് പറഞ്ഞു
യൂട്യൂബിൽ പങ്കുവെക്കുന്ന സിനിമാ റിവ്യൂകളുടെ പേരിൽ വൈറലായ അധ്യാപകനും യൂട്യൂബറുമാണ് അശ്വന്ത് കോക്ക്. ആറാട്ട്, കാപ്പ സിനിമകളെ രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് അശ്വന്ത് കോക്ക് വാർത്തകളിൽ ഇടംപിടിച്ച് തുടങ്ങിയത്.
ഏറ്റവും കൂടുതൽ തർക്കം അശ്വന്ത് കോക്കുമായി നടത്തിയിട്ടുള്ള ബി.ഉണ്ണികൃഷ്ണൻ, അഖിൽ മാരാർ തുടങ്ങിയവരാണ്. ഇപ്പോഴും അശ്വന്ത് കോക്കിനെതിരെ സിനിമാക്കാർ രംഗത്ത് എത്തുന്നുണ്ട്.
ഒരിടയ്ക്ക് ഓൺലൈൻ റിവ്യു പറയൽ അവസാനിപ്പിക്കണമെന്ന ആവശ്യം വരെ സിനിമാക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.
ഇപ്പോഴിത എന്തുകൊണ്ടാണ് പൃഥവിരാജിനേയും ബിബിൻ ജോർജിനേയും ബി.ഉണ്ണികൃഷ്ണനേയുമെല്ലാം താൻ വിമർശിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വന്ത് കോക്ക്.

സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമാക്കാരുമായുള്ള പ്രശ്നങ്ങളെ കുറിച്ച് അശ്വന്ത് കോക്ക് സംസാരിച്ചത്.
സിനിമകൾ അതിന്റെ എല്ലാ പ്രെസ്പെക്ടീവിൽ നിന്നും കാണുന്നയാളാണ് താനെന്നും വിമർശിച്ച് കളയാൻ വേണ്ടി സിനിമ കാണാറില്ലെന്നും അശ്വന്ത് കോക്ക് പറഞ്ഞു. 'സിനിമകൾ അതിന്റെ എല്ലാ പ്രെസ്പെക്ടീവിൽ നിന്നും കാണുന്നയാളാണ് ഞാൻ.'
'വിമർശിച്ച് കളയാൻ വേണ്ടി സിനിമ കാണുന്നയാളല്ല ഞാൻ. പൃഥ്വിരാജിന്റെ ആ ചിരിയെ അനാർക്കലി സിനിമയിൽ പലവട്ടം ബിജു മേനോൻ തന്നെ കളിയാക്കുന്നുണ്ട്. ഒരു ഡയലോഗിൽ നിന്നും അടുത്തതിലേക്ക് പോകും മുമ്പാണ് പൃഥ്വിരാജ് ആ ചിരി ഉപയോഗിക്കുന്നത്.'
'നിരവധി സിനിമകളിൽ അത് റിപ്പീറ്റഡായി വരാറുണ്ട്. പൃഥ്വിരാജിന്റെ ഏറ്റവും നല്ല പെർഫോമൻസ് അവസാനമായി കണ്ടത് അയ്യപ്പനും കോശിയിലുമാണ്. പൃഥ്വിരാജ് ഗംഭീര ആക്ടറൊന്നുമല്ല. ശ്രമിച്ച് അഭിനയിക്കുന്നയാളാണ്' അശ്വന്ത് കോക്ക് പറഞ്ഞു.
സിനിമ മോശമായാലും അഭിനയിക്കാൻ അറിയാമെങ്കിൽ അതിലെ അഭിനേതാവ് മോശമാകില്ലെന്നും അതിന് മോഹൻലാലിന്റെ വാമനപുരം ബസ്റൂട്ട് സിനിമയിലെ പ്രകടനം ഉദാഹരണമാണെന്നും അശ്വന്ത് കോക്ക് പറഞ്ഞു.
'മികച്ച നടനെ കണ്ടെത്താൻ എളുപ്പമാണ്. സിനിമ മോശമായാലും അഭിനേതാവ് മോശമാകില്ല. ഫഹദിനെ എടുത്താൽ തന്നെ അദ്ദേഹത്തിന്റെ സിനിമകൾ മോശമായാലും അഭിനയം താഴ്ന്ന് പോകാറില്ല.'
'ബിബിൻ ജോർജ് തനിക്ക് ചെയ്യാൻ പറ്റാത്ത കഥാപാത്രം എടുത്ത് ചെയ്തതുകൊണ്ടാണ് വിമർശിച്ചത്. റൊമാൻസൊക്കെ ചെയ്ത് ഫലിപ്പിക്കാൻ പാടാണ്. ഫൈറ്റൊന്നും ബിബിൻ ചെയ്താൽ ഇംപാക്ടില്ല.'
'ബിബിൻ ചെയ്ത സിനിമയിൽ ബിബിൻ തന്നെ അഭിനയിച്ചുവെന്നാണ് വെടിക്കെട്ട് കണ്ടപ്പോൾ തോന്നിയത്. നമ്മുടെ നിലവാരം നോക്കി വേണ്ടെ അഭിനയിക്കാൻ. ഉക്രി എന്ന് വിളിച്ചെന്ന് പറഞ്ഞ് ഒഫന്റഡായി.'
'ബി. ഉണ്ണികൃഷ്ണൻ എനിക്ക് അറിയാവുന്ന കോമൺ ഫ്രണ്ട്സ് വഴി റിക്വസ്റ്റ് ചെയ്തിരുന്നു... ഞാൻ റിവ്യു ചെയ്താൽ കുഴപ്പമില്ല പക്ഷെ ഉക്രിയെന്ന് വിളിക്കുന്നത് പുള്ളിക്ക് ഭയങ്കര ട്രോമയായി ഫീൽ ചെയ്യുന്നുണ്ടെന്ന്.'

'അതുകൊണ്ട് ഒഴിവാക്കിയാൽ നന്നായിരുന്നുവെന്ന് പറഞ്ഞപ്പോൾ ഞാൻ ആ വിളി നിർത്തി. ഞങ്ങൾ നേരിട്ട് പരിചയക്കാരല്ല. ക്രിസ്റ്റഫർ ഇറങ്ങിയ ശേഷം ബി.ഉണ്ണികൃഷ്ണൻ ഹാപ്പിയാണ് എന്നാണ് അറിഞ്ഞത്.'
'കാരണം അദ്ദേഹത്തിന്റെ സംവിധാനം കൊള്ളാമെന്നാണ് അഭിപ്രയം വരുന്നത്' ബി ഉണ്ണികൃഷ്ണനുമായുള്ള പ്രശ്നത്തെ കുറിച്ച് സംസാരിച്ച് അശ്വന്ത് പറഞ്ഞു. ഒരു കാലത്ത് പ്രശ്നം മുഴുവൻ അശ്വന്ത് കോക്കും ബി. ഉണ്ണികൃഷ്ണനും തമ്മിലായിരുന്നു.
തനിക്ക് നിരവധി ഭീഷണികൾ വന്നിട്ടുള്ളതായി അശ്വന്ത് കോക്കും വെളിപ്പെടുത്തിയിരുന്നു. 'അഖിൽ മാരാർ എന്ന കക്ഷി നമ്മുടെ നാട്ടിലൊക്കെ പല ജോലികളും കാര്യങ്ങളും ചെയ്ത് നടക്കുന്നയാളെപ്പോലെയാണ്.'
'പുള്ളി തന്നെ ഒരു ലിസ്റ്റിട്ടിട്ടുണ്ട്... ആ ലിസ്റ്റ് വായിച്ച് ഞാൻ ചിരിച്ചു. ഇദ്ദേഹമാണോ ലാലേട്ടന് ബോട്ടക്സ് കൊടുത്തതെന്ന് പോലും എനിക്ക് സംശമുണ്ട്. ഇദ്ദേഹം ബോട്ടക്സിന്റെ കച്ചവടമോ എന്തോ നടത്തിയിട്ടുണ്ട്.'
'അഖിലിന് ബിഗ് ബോസിൽ കേറാൻ ലൈം ലൈറ്റ് വേണമല്ലോ... വിവാദങ്ങളും വേണം. അഖിൽ മാരാറെ തിരുത്താൻ പറ്റില്ല' അശ്വന്ത് കോക്ക് പറഞ്ഞു.
അടുത്തിടെ മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ യുട്യൂബറെ ചീത്ത വിളിച്ച ശേഷമാണ് സിനിമാ നിരൂപണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ മലയാള സിനിമയിൽ വലിയ ചർച്ചയായത്.


Click it and Unblock the Notifications