അടുത്ത സീനിന് വിളിച്ചപ്പോൾ ഇതേത് സിനിമയാണെന്ന് നടൻ; ലഹരി ഉപയോഗത്തെക്കുറിച്ച് എംആർ ഗോപകുമാർ
മലയാള സിനിമാ ലോകത്തെ ലഹരിക്കേസുകൾ കഴിഞ്ഞ കുറേ നാളുകളായി ചർച്ചയിലാണ്. നടൻമാരായ ഷെെൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവരെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തു. ലഹരി ഉപയോഗിക്കാറുണ്ടെന്ന് രണ്ട് പേരും സമ്മതിച്ചിട്ടുമുണ്ട്. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷറഫ് ഹംസ, റാപ്പർ വേടൻ തുടങ്ങിയവരെയും പിന്നീട് ലഹരി കെെവശം വെച്ചതിന് പിടികൂടി. കൊച്ചി സിനിമാ ലോകത്തിന് നേരെ വ്യാപക വിമർശനമാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്ന് വരുന്നത്.
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ സംസാരിക്കുകയാണ് നടൻ എംആർ ഗോപകുമാർ. ലഹരി ഉപയോഗിച്ച് ഷൂട്ടിനെത്തുന്നത് തെറ്റാണെന്ന് നടൻ പറയുന്നു. ഡിഎൻഎ ന്യൂസ് മലയാളത്തോടാണ് പ്രതികരണം. മദ്യവും മയക്ക് മരുന്നും കഴിച്ച് ഒരു ജോലിയും ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം. ജോലി കഴിഞ്ഞ് വീട്ടിൽ പോയി മദ്യപിക്കുന്നത് വേറെ കാര്യം. മദ്യപിച്ചിട്ട് ഏത് ജോലി ചെയ്താലും ആ ജോലി നേരെ ചെയ്യാൻ പറ്റില്ല. പണ്ടും മദ്യപിക്കുന്നവരുണ്ടായിരുന്നു.
എന്നാൽ സീൻ എടുക്കുന്നതിനിടെ മദ്യപിക്കില്ല. അത് കഴിഞ്ഞിട്ടാണ്. കാരവാൻ സൗകര്യമൊക്കെ ചിലപ്പോൾ ആവശ്യമാണ്. പക്ഷെ ഇപ്പോൾ പലരും ദുരുപയോഗം ചെയ്യുന്നു. അത് തെറ്റാണ്. ഒരു ഷോട്ട് എടുത്ത് കഴിഞ്ഞ് ഒരു നടൻ കാരവാനിൽ കയറി. അടുത്ത സീനിന് ലെെറ്റപ്പ് ചെയ്ത് വിളിച്ചപ്പോൾ ഇയാൾ ഇറങ്ങി വന്ന് ചോദിക്കുന്നത് ഇതേത് സിനിമയാണെന്നാണ്.
അപ്പോൾ കാരവാനിനകത്ത് എന്താണ് ചെയ്തതെന്ന് ആലോചിച്ച് നോക്കൂ, രാമായണം വായിച്ച് ഇറങ്ങി വരുമ്പോൾ ഇങ്ങനെ ചോദിക്കാൻ പറ്റില്ലല്ലോ. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾക്കൊന്നും ഇത്തരക്കാരെ നിയന്ത്രിക്കാൻ പറ്റില്ലെന്ന് ഗോപകുമാർ പറയുന്നു. അവർ പറയുന്നത് ബാക്കിയുള്ളവർ കേൾക്കുമെന്നാണ് നമ്മൾ വിചാരിക്കുന്നത്. അങ്ങനെയില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ഏതറ്റം വരെയും പോകുമെന്നും എംആർ ഗോപകുമാർ പറഞ്ഞു.

ഷെെൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് ആണ് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി എന്ന ആരോപണം ആദ്യം ഉന്നയിച്ചത്. പിന്നീട് ഈ വിഷയം ഒത്തുതീർപ്പാക്കി. എന്നാൽ അപ്പോഴേക്കും ആലപ്പുഴ ഹെെബ്രിഡ് കഞ്ചാവ് കേസിലുൾപ്പെടെ ഷെെനിന്റെ പേര് ഉയർന്ന് വന്നു. എന്നാൽ ഹെെബ്രിഡ് കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നാണ് ഷെെൻ പറയുന്നത്. മെത്താംഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളത്. ആലപ്പുഴ ഹെെബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി തനിക്ക് ഇടപാടുകൾ ഇല്ലെന്നും ഷെെൻ ടോം ചാക്കോ ചോദ്യം ചെയ്യലിൽ മൊഴി നൽകി.
ചോദ്യം ചെയ്യലിന് ശേഷം ഷെെനിനെ ലഹരി വിമോചന കേന്ദ്രത്തിലേക്ക് കൊണ്ട് പോയി. ഷെെൻ ടോം ചാക്കോയുടെ ലഹരി ഉപയോഗം പല തവണ സിനിമാ ലോകത്ത് ചർച്ചയായതാണ്. കേരളത്തിലെ ആദ്യ കൊക്കെയിൻ കേസിൽ ഷെെൻ ടോം ചാക്കോ അറസ്റ്റിലായിരുന്നു. 2015 ലായിരുന്നു ഇത്. അടുത്തിടെയാണ് കേസിൽ ഷെെൻ ടോമിനെ കുറ്റവിമുക്തനാക്കിയത്.
കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലാണ് ഷെെൻ ടോം ചാക്കോയും മോഡലുകളും പിടിയിലായത്. തുടരെ സിനിമകൾ ചെയ്ത് കൊണ്ടിരിക്കുന്ന കാലത്താണ് ഷെെൻ ടോം ചാക്കോ വീണ്ടും ലഹരിക്കേസിൽ ചോദ്യം ചെയ്യപ്പെട്ടത്. അതേസമയം ഷെെൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും ആലപ്പുഴ ഹെെബ്രിഡ് കഞ്ചാ്വ കേസിൽ സാക്ഷിയാക്കാനാണ് തീരുമാനം. പ്രതി ചേർക്കാനുള്ള തെളിവുകൾ ഇല്ലെന്ന് എക്സെെസ് വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











