സംവിധായകൻ ഷോട്ട് പറയുമ്പോൾ ലിപ്സ്റ്റിക് ഇട്ട് കണ്ണാടി നോക്കൽ; ആ നടിയെ പാഠം പഠിപ്പിച്ചെന്ന് മുകേഷ്
സിനിമാ ലോകത്തെ പഴയ കഥകൾ പറയാൻ മുകേഷിന് പ്രത്യേക കഴിവുണ്ട്. സ്വതസിദ്ധമായ ശൈലിയിൽ മുകേഷ് പറയുന്നത് കേൾക്കാൻ നിരവധി കേൾവിക്കാരും ഉണ്ടാവാറുണ്ട്. ടെലിവിഷൻ പരിപാടി ആയ ബഡായി ബംഗ്ലാവിലൂടെയാണ് മുകേഷിന്റെ കഥകൾ ആദ്യം പ്രേക്ഷകർ കേട്ട് തുടങ്ങിയത്. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് മുകേഷ് കഥകൾ പറയുന്നത്. ഇപ്പോഴിതാ തന്റെ കൂടെ അഭിനയിച്ച ഒരു നടിയുടെ അലസ മനോഭാവത്തെ പറ്റി പറഞ്ഞിരിക്കുകയാണ് മുകേഷ്.

'മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ എന്ന സിനിമയിൽ അഭിനയിക്കുകയാണ്. ഷൊർണൂർ ആണ് ഷൂട്ടിംഗ്. അനിൽ ബാബു ആണ് സംവിധായകർ. കനകയാണ് നായിക. എന്റെ സഹോദരി ആയിട്ട് വേറെ ഭാഷയിൽ ഒക്കെ അഭിനയിക്കുന്ന പ്രശസ്ത ആയ നടിയാണ്'
'ആദ്യത്തെ പത്ത് പന്ത്രണ്ട് ദിവസം ഇവർ എന്റെ സഹോദരി ആയി അഭിനയിച്ച് കഴിഞ്ഞു. ഒരു ദിവസം ഒരു സീൻ എടുക്കുകയാണ്. കഥയിൽ ഞാൻ മന്നാടിയാർ തറവാട്ടിൽ നിന്ന് എന്റെ സഹോദരിയുമായിട്ട് ഇറങ്ങിപ്പോവുന്നു. ആ ഷോട്ട് റെഡി ആയി. ഡയരക്ടർ ഓടി വന്നു'

'ചേട്ടാ പോവണോ ഒന്നു കൂടെ ആലോചിച്ചിട്ട് പോരെ എന്ന് സഹോദരി പറയണം, ഇല്ല, ഇനിയാെരു നിമിഷം ഞാനിവിടെ നിൽക്കില്ലെന്ന് ഞാനും പറഞ്ഞാൽ നന്നായിരിക്കും എന്ന് സംവിധായകൻ പറഞ്ഞു. സംവിധായകൻ അനിൽ ഇതൊക്കെ വന്ന് പറയുമ്പോഴും ഈ കുട്ടിക്ക് ഒരു ശ്രദ്ധയും ഇല്ല. ലിപ്സ്റ്റിക്കുമിട്ട് ഫുൾ കണ്ണാടിയിൽ നോക്കുകയാണ്'
'ഞാൻ തന്നെ മനസ്സിൽ വിചാരിച്ചു സംവിധായകൻ പറയുമ്പോൾ ഈ കുട്ടി ശ്രദ്ധിക്കുന്നില്ലല്ലോയെന്ന്. പല സന്ദർഭങ്ങളിലും ഞാനത് കണ്ടു. സംവിധായകൻ പറയുമ്പോഴേക്കാണ് കണ്ണാടി നോക്കുന്നതും മേക്കപ്പ് ചെയ്യുന്നതും'

'ഷോട്ട് തുടങ്ങുന്നതിന് തൊട്ടു മുമ്പ് ഞാനാ കുട്ടിയോട് ചോദിച്ചു പറഞ്ഞത് കേട്ടിരുന്നോ എന്ന്. സർ സോറി നമ്മളെന്താ ചെയ്യേണ്ടതെന്ന് ചോദിച്ചു. നമ്മൾ അഭിനയിക്കാൻ വന്നാൽ പിന്നെ അതിനകത്ത് വിട്ടുവീഴ്ചയില്ല. പക്ഷെ കുട്ടി ഒട്ടും ശ്രദ്ധിച്ചില്ലല്ലോ, പല ദിവസങ്ങളിലായി നോക്കുന്നെന്ന് ഞാൻ പറഞ്ഞു. ആ സമയത്ത് ഞാൻ ഹെയർ നോക്കുകയായിരുന്നെന്ന് കുട്ടി പറഞ്ഞു'
'അതെല്ലാം അവർ നോക്കിക്കോളുമെന്ന് ഞാൻ പറഞ്ഞു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് നടി ചോദിച്ചു. പെട്ടെന്ന് ഞാനൊരു തമാശ ചെയ്തു. ഡയലോഗ് എന്ന് പറയുമ്പോൾ അപ്പോൾ കുട്ടി എന്നെ കെട്ടിപ്പിടിക്കണം. ചേട്ടാ നമുക്കെവിടെയെങ്കിലും പോവാം എന്ന് പറയണം എന്ന് ഞാൻ പറഞ്ഞു. ഇത്തിരി സെൻസുള്ള കുട്ടിയാണെങ്കിൽ അപ്പോൾ തന്നെ പൊളിയും. പക്ഷെ താങ്ക്യൂ സർ എന്ന് നടി പറഞ്ഞു'

'നമ്മൾ സഹോദരി സഹോദരൻമാരായി അഭിനയിച്ചതല്ലേ പറ്റിച്ചതാണെന്ന് ഞാൻ പറയാൻ വരുകയായിരുന്നു. അപ്പോഴേക്കും ക്യാമറ റണ്ണിംഗ് ആക്ഷൻ എന്ന് പറഞ്ഞു. അപ്പോൾ ഈ നടി നമുക്കെവിടെയങ്കിലും പോവാം ചേട്ടാ എന്ന് എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു. എന്താണീ ചെയ്യുന്നതെന്ന് ചോദിച്ച് സംവിധായകൻ ഓടി വന്നു'
ആ ഷോട്ട് എടുത്ത് കഴിഞ്ഞ് കുട്ടിയോട് ചോദിച്ചു എന്നോട് ദേഷ്യമുണ്ടല്ലേ എന്ന്. സർ എനിക്ക് ഒരു പരാതിയുമില്ല, എന്റെ തെറ്റാണ്, ഞാനിനി സംവിധായകൻ പറയുന്നത് വളരെ ശ്രദ്ധിച്ച് കേൾക്കുമെന്നാണ് കുട്ടി നൽകിയ മറുപടി എന്നും മുകേഷ് ഓർത്തു.


Click it and Unblock the Notifications