ഉർവശി വേണ്ടെന്ന് ആദ്യം തീരുമാനിച്ചതാണ്; പ്രശസ്തയായ നടിയെ വിളിച്ചു; ഒടുവിൽ സംഭവിച്ചത്; മുകേഷ് പറയുന്നു
മറ്റ് നടിമാരിൽ നിന്നും വ്യത്യസ്തയ്മായ കരിയർ ഗ്രാഫാണ് നടി ഉർവശിക്ക് അന്നും ഇന്നും ഉള്ളത്. നായികയായി തിളങ്ങി നിൽക്കുന്ന കാലത്ത് തന്നെ സെക്കന്റ് ഹീറോയിനായി അഭിനയിക്കാനും ഉർവശി തയ്യാറായി. ഇങ്ങനെ ചെയ്ത മിക്ക സിനിമകളും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. യോദ്ധ, മഴവിൽക്കാവടി തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. പിൽക്കാലത്ത് നായിക നിരയിൽ നിന്ന് മാറിയപ്പോഴും ഉർവശിയെ തേടി സുപ്രധാന കഥാപാത്രങ്ങൾ എത്തി. അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ മീര ജാസ്മിന്റെ അമ്മ വേഷം ചെയ്യാനുള്ള ഉർവശിയുടെ തീരുമാനം അന്ന് ചർച്ചയായതാണ്.
അമ്മ വേഷമായിരുന്നെങ്കിലും സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട വേഷം ഉർവശിയുടേത് ആയിരുന്നു. അച്ചുവിന്റെ അമ്മ മികച്ച വിജയം നേടി. പിന്നാലെ മമ്മി ആന്റ് മി എന്ന സിനിമയിൽ അർച്ചന കവിയുടെ അമ്മയായും ഉർവശി അഭിനയിച്ചു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ഈ സിനിമയും വൻ ഹിറ്റായിരുന്നു. മുകേഷ് ആണ് ഈ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തത്. ഇപ്പോഴിതാ മമ്മി ആന്റ് മീയിൽ ഉർവശിയെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മുകേഷ്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

മമ്മി ആന്റ് മീയിൽ പ്രധാനപ്പെട്ട അച്ഛൻ കഥാപാത്രമാണ് ചെയ്തത്. കഥ പറഞ്ഞ ശേഷം ജിത്തു ജോസഫ് എന്നോട് പറഞ്ഞത് ഈ കഥ മനസിൽ കൊണ്ട് നടന്നിട്ട് മൂന്ന് കൊല്ലമായി, മുകേഷേട്ടനെ അല്ലാതെ വേറെ ആരെയും ചിന്തിക്കാനില്ലെന്നാണ്. മമ്മിയുടെ റോളിലേക്ക് ശ്രീദേവി മുതൽ ഇങ്ങോട്ട് ശ്രമിച്ചു. പ്രധാനപ്പെട്ട ആളുകളെല്ലാം ടീനേജ് പെൺകുട്ടിയുടെ അമ്മയാകാനുള്ള മടി കാരണം മാറി. ചിലർ അത് തുറന്ന് പറഞ്ഞില്ല. ആ റോളിലേക്ക് ഉർവശി ആകരുതെന്ന് ആദ്യം തീരുമാനിച്ചതാണ്. കാരണം അച്ചുവിന്റെ അമ്മ എന്ന പടവുമായി സാമ്യത വരും.
ഉർവശി അല്ലാതെ വേറെ ആരെ വേണമെങ്കിലും നോക്കാം. അന്നത്തെ പ്രശസ്തയായ നടിക്ക് സ്ക്രിപ്റ്റ് അയച്ച് കൊടുത്തപ്പോൾ ഭയങ്കര അഭിപ്രായം പറഞ്ഞു. പക്ഷെ അഭിനയിക്കില്ല. ഒന്നുകൂടെ ആലോചിക്കണം എന്ന് പറഞ്ഞു. അവരെ വിളിച്ച് സംസാരിച്ചപ്പോൾ ഇതൊരു സൂപ്പർഹിറ്റ് പടമാകും, അത്രയ്ക്ക് നല്ല റോളാണ്, പക്ഷെ അഭിനയിക്കുന്നില്ല എന്ന് നടി. അവസാനം ഉർവശി തന്നെ വന്നു.

അഭിനയിച്ച് തുടങ്ങിയപ്പോൾ ഇത് വേറെ ആരെങ്കിലും ചെയ്തിരുന്നെങ്കിൽ കുളമായേനെ എന്ന് എല്ലാവരും പറഞ്ഞു. ഉർവശി ഗംഭീരമായി ചെയ്തു. അന്ന് സോഷ്യൽ മീഡിയ ഇല്ല. മമ്മി ആന്റ് മീ ഇറങ്ങിയപ്പോൾ തിരുവന്തപുരത്ത് പ്രസ് കോൺഫറൻസ് വെച്ച് സിനിമയെക്കുറിച്ച് സംസാരിച്ചു. പ്രസ് കോൺഫറൻസ് തുടങ്ങുന്നതിന് തൊട്ട് മുമ്പ് ജിത്തുവിന്റെയും എന്റെയും സുഹൃത്തായ പത്രപ്രവർത്തകൻ നാളത്തെ പേപ്പറിൽ എന്തെങ്കിലും വരുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ചോദിച്ചു.
വരണമെന്നുണ്ടെങ്കിൽ അമ്മ റോൾ ചെയ്യാൻ തയ്യാറാകാത്തതിന് നടിമാരെ ഒന്ന് ചീത്ത വിളിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. അന്നും ഇന്നും നെഗറ്റീവിന് ഒരു സ്ഥാനമുണ്ട്. ഞാനും ജിത്തുവും വെച്ച് കാച്ചി. സത്യസന്ധമായിട്ടാണ് പറഞ്ഞത്. വലിയ ന്യൂസ് വാല്യു വന്നു. പടം നൂറ് ദിവസത്തിൽ കൂടുതൽ ഓടിയെന്നും മുകേഷ് ചൂണ്ടിക്കാട്ടി. വിക്രമാദിത്യൻ എന്ന സിനിമ ചെയ്തപ്പോഴും തനിക്ക് അച്ഛൻ റോളുകൾ ഒരുപാട് വന്നിരുന്നു. എന്നാൽ പ്രാധാന്യമില്ലാത്ത വേഷങ്ങൾ താൻ ഒഴിവാക്കുകയായിരുന്നെന്നും മുകേഷ് വ്യക്തമാക്കി.


Click it and Unblock the Notifications