വീട്ടിലെ ജോലിക്കാരിക്കുള്ള ശമ്പളം പോലുമില്ല; മുഖ്യമന്ത്രി മാത്രമേ ഇനി പറയാനുള്ളൂ എന്ന് ഞാൻ; മുകേഷ്
സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോകുകയാണ് മുകേഷ്. സിനിമാ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള മുകേഷ് ചെറിയൊരു കാലഘട്ടം മാത്രം നായകനായി തിളങ്ങിയിട്ടുണ്ട്. ഗോഡ്ഫാദർ ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളിൽ നായകനായ മുകേഷ് പക്ഷെ നായക വേഷം മാത്രം ചെയ്തില്ല. സഹനായക വേഷങ്ങളിലും നടൻ അഭിനയിച്ചു. താര പദവിയിലേക്ക് മുകേഷ് ഉയരാത്തതിന് ഇതും ഒരു കാരണമാണെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. ഇടക്കാലത്ത് രാഷ്ട്രീയ തിരക്കുകളിൽ മുഴുകിയ മുകേഷ് ഇപ്പോൾ സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്.
ഫിലിപ്സ് ആണ് മുകേഷിന്റെ പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ. കരിയറിലെ തുടക്ക കാലത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മുകേഷ്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുകേഷ് മനസ് തുറന്നത്. ഒരിക്കലും സിനിമ എന്റെ ജീവിത മാർഗമാകുമെന്ന് പ്രതീക്ഷിച്ചില്ല. ഒരു ഷൈനിംഗ് ആയിരുന്നു ഉദ്ദേശിച്ചത്. കൂടെ പഠിച്ചവർക്കിടയിൽ സിനിമാ നടൻ എന്ന പേരിൽ അറിയപ്പെടുക, ആ സമയത്ത് വലിയ നടൻമാർക്കൊപ്പം സഹവസിക്കുക എന്നൊക്കെയായിരുന്നു ഉദ്ദേശിച്ചത്.

എഴുപതുകളുെട അവസാനം സിനിമയോട് ആളുകൾക്ക് വലിയ ആവേശമായിരുന്നു. സിനിമാ നടനെ കാണുന്നതൊക്കെ വലിയ കാര്യമാണ്.
ആ കാലഘട്ടത്തിലാണ് സിനിമയിൽ വന്നത്. ഇത് അവസാന സിനിമയാകും, ഇനി എവിടെ നിന്നെങ്കിലും തട്ടിയെടുക്കണം എന്നൊക്കെയായിരുന്നു ഒരുപരിധി വരെ ചിന്തിച്ചത്. നാടകത്തിൽ നിന്ന് വന്നതിനാൽ ചാൻസ് ചോദിക്കുന്നത് വലിയ കുറവായാണ് അക്കാലത്ത് കണ്ടത്. പക്ഷെ ഇന്ന് പുതിയ തലമുറയിലെ എല്ലാവരോടും പറയുന്നത് ചാൻസ് ചോദിക്കണം എന്നാണ്. അത്രയും മത്സരമാണ്.
ഇത് ആരോഗ്യകരമായ കാര്യവുമാണ്. പണ്ടൊക്കെ ചാൻസ് ചോദിച്ച് നടക്കുന്നവരെ ചാൻസലേഴ്സ് എന്നാണ് പറയുന്നത്. ബോയിംഗ് ബോയിംഗ് കണ്ട് എന്റെ ഒരു സുഹൃത്ത് വിളിച്ച് സിനിമ കണ്ടു, ദിസ് ഈസ് യുവർ ടേക്ക് ഓഫ് എന്ന് പറഞ്ഞു. ശരിക്കും അത് കഴിഞ്ഞിട്ടാണ് ഇത് തന്നെയാണോ എന്റെ ജീവിത മാർഗം എന്ന് ചിന്തിച്ചത്. അതിന് മുമ്പ് ഒരു ടൂർ പോകുന്നത് പോലെയായിരുന്നെന്നും മുകേഷ് പറയുന്നു. പിന്നീട് കരിയറിനെ ഗൗരവമായി കണ്ടതിനെക്കുറിച്ചും മുകേഷ് സംസാരിച്ചു.

ബോയിംഗ് ബോയിംഗിനൊക്കെ ചെറിയ പ്രതിഫലമാണ് എനിക്ക് തന്നത്. വീട്ടിൽ നിൽക്കുന്ന ജോലിക്കാരിക്ക് ഇതിൽ കൂടുതൽ കൊടുക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ആ പ്രതിഫലം പോലും കുറയ്ക്കാൻ വേണ്ടി പ്രൊഡ്യൂസറും പ്രൊഡക്ഷൻ മാനേജരും വലിയ വലിയ ആളുകളെ വെച്ച് റെക്കമെന്റ് ചെയ്തിട്ടുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി മാത്രമേ എന്നോട് ഇനി പറയാനുള്ളൂ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഒന്ന് കുറയ്ക്കണമെന്ന് കാണുന്നവരെല്ലാം പറഞ്ഞു. ചില്ലറ പൈസയാണ്. പക്ഷെ അത് കുറച്ചാൽ അവർക്ക് ലാഭമാണെന്നും മുകേഷ് ചൂണ്ടിക്കാട്ടി.
പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങൾ ചെയ്യാതിരിക്കാൻ പിന്നീടിങ്ങോട്ട് ബോധപൂർവമായ ശ്രമങ്ങൾ നടത്തിയിരുന്നെന്നും മുകേഷ് വ്യക്തമാക്കി. കരിയറിൽ 41 വർഷം പൂർത്തിയാക്കുന്ന മുകേഷിന്റെ മുന്നൂറാമത്തെ സിനിമയാണ് ഫിലിപ്സ്. ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മൂന്ന് മക്കളുടെ അച്ഛന്റെ വേഷമാണ് മുകേഷ് അവതരിപ്പിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് മുകേഷിന്റേത്. അന്തരിച്ച നടൻ ഇന്നസെന്റ് അവസാനമായി അഭിനയിച്ച സിനിമകളിലൊന്നുമാണ് ഫിലിപ്സ്.


Click it and Unblock the Notifications