ഷെെൻ മൂന്ന് ദിവസം ഭക്ഷണം കഴിച്ചില്ലെന്ന് ഉർവശിയോട് പറഞ്ഞപ്പോൾ; അന്ന് റഹ്മാൻ ചോദിച്ചത്; മുകേഷ്
സിനിമാ രംഗത്ത് വീണ്ടും സജീവ സാന്നിധ്യമാവുകയാണ് മുകേഷ്. ഫിലിപ്സ് എന്ന സിനിമയ്ക്ക് ശേഷം അയ്യർ ഇൻ അറേബ്യ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് മുകേഷ്. എംഎ നിഷാദ് സംവിധാനം ചെയ്ത ചിത്രത്തിൽ മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷെെൻ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉർവശിയും മുകേഷും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയാണ് പ്രേക്ഷകരെ ആകർഷിക്കുന്നത്.
കോമഡി സീനുകളിൽ ഒരു പോലെ തിളങ്ങുന്നവരാണ് മുകേഷും ഉർവശിയും. അതിനാൽ തന്നെ അയ്യർ ഇൻ അറേബ്യയിൽ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. സിനിമയെക്കുറിച്ചും സിനിമാ ലോകത്തെ സൗഹൃദങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മുകേഷിപ്പോൾ. ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

ഉർവശിക്കൊപ്പം അഭിനയിക്കുകയെന്നത് ഭയങ്കരമായ ചലഞ്ച് ആണെന്ന് മുകേഷ് പറയുന്നു. ഉർവശി എന്ത് പറയും എങ്ങനെ പെരുമാറും എന്നൊക്കെ കാണാൻ കൗതുകമാണെന്നും മുകേഷ് വ്യക്തമാക്കി. ഷൈൻ ടോം ചാക്കോയുടെ കാര്യത്തിൽ ഉർവശി കാണിച്ച ശ്രദ്ധയെക്കുറിച്ചും മുകേഷ് സംസാരിച്ചു.
കൂടുതലും ഫ്ലാറ്റിനകത്തും പരിസരത്തുമാണ് ഷൂട്ട്. അപ്പോൾ ഈ കാരവാന്റെ ശല്യം അധികമില്ല. എല്ലാവരും ഒന്നിച്ചിരുന്നുള്ള സംഭാഷണവും പഴയ കാലത്തെ പോലെ തമാശകളും ഉണ്ടായി. ഷൈൻ ടോം ചാക്കോ മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്ന് ഞാൻ ഉർവശിയോട് പറഞ്ഞു. ഉർവശി ഒരമ്മയെ പോലെ ഡാ, ഇരിയെടാ അവിടെ എന്ന് പറഞ്ഞ് ചോറും കറികളും എടുത്ത് വെച്ചു. കഴിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞു. വാരിക്കൊടുത്തു.

ഞങ്ങൾക്കെല്ലാം പഴയ കാലമാണ് ഓർമ്മ വന്നത്. ഷൈൻ ടോം ചാക്കോയ്ക്ക് അമ്മയെ പോലെയും മൂത്ത ചേച്ചിയെ പോലെയും ഉർവശിയെ ഇഷ്ടപ്പെടുന്നു. എന്തായാലും ദത്തെടുത്തേക്കെന്ന് ഞാൻ ഉർവശിയോട് പറഞ്ഞു. ഉർവശി ചിരിച്ചു. എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ ഓഫറുണ്ട്, ഷൈൻ ടോം ചാക്കോയെ ദത്തെടുത്താൽ അലൻസിയർ ഫ്രീയെന്ന് ഞാൻ. അലൻസിയർ അപ്പോൾ തന്നെ ഭാര്യയെ വിളിച്ചു.
ഉർവശി എന്നെ ദത്തെടുത്തോളാമെന്ന് പറയുന്നു നീ എന്ത് പറയുന്നു എന്ന് ചോദിച്ചപ്പോൾ പൊയ്ക്കോ പൊയ്ക്കോ എന്ന് ഭാര്യ. അന്യം നിന്ന് പോയ തമാശകളായിരുന്നു ഇവയെന്ന് മുകേഷ് ചൂണ്ടിക്കാട്ടി. ഹരിഹർ നഗറിൽ ഒരുമിച്ച് അഭിനയിച്ച മുകേഷ്, ജഗദീഷ്, അശോകൻ, സിദ്ദിഖ് എന്നിവരുമായുള്ള സൗഹൃദത്തെക്കുറിച്ചും മുകേഷ് സംസാരിച്ചു.
നടൻ റഹ്മാൻ ഒരിക്കൽ സിദ്ദിഖിനോട് നിങ്ങൾ നാല് പേരും സുഹൃത്തുക്കളായി അഭിനയിക്കുന്നുണ്ട്, പക്ഷെ സിനിമ കഴിഞ്ഞാൽ നിങ്ങളെ നാല് പേരെയും കാണാറില്ലല്ലോ എന്ന് ചോദിച്ചു. അപ്പോഴേക്കും സിദ്ദിഖിന് എന്റെ കോൾ വന്നു. ഞങ്ങൾ എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ സംസാരിക്കുകയും ഇടപഴകുകയും ചെയ്യാറുണ്ട്. നാല് പേർക്കും രാഷ്ട്രീയം വരെ നാലായിരിക്കും.
പക്ഷെ സൗഹൃദത്തിൽ ഒരു മാറ്റമില്ലെന്നും മുകേഷ് വ്യക്തമാക്കി. ഫെബ്രുവരി രണ്ടിനാണ് അയ്യർ ഇൻ അറേബ്യ റിലീസ് ചെയ്യുന്നത്. മുകേഷിനെ പോലെ ഉർവശിക്കും മലയാളത്തിൽ തുടരെ റിലീസുകളാണ്. ജലധാര പമ്പ്സെറ്റ്, റാണി എന്നീ സിനിമകൾക്ക് ശേഷമാണ് ഉർവശിയുടെ പുതിയ ചിത്രം അയ്യർ ഇൻ അറേബ്യ റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications