പരാതിയിലെ സത്യം എനിക്കറിയാം, ഒരുപാട് പറയാനുണ്ട്; സമ്മതം വിവാഹ ബന്ധത്തിൽ പോലും പ്രധാനമെന്ന് മേതിൽ ദേവിക
ലെെംഗികാതിക്രമക്കേസിൽ അകപ്പെട്ടിരിക്കുന്ന നടനും എംഎൽഎയുമായ മുകേഷ് വിവാദങ്ങളുടെ നടുവിലാണ്. മുകേഷ് എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ നിലവിൽ രാജി വെക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസമാണ് മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് മുകേഷിന്റെ മുൻ ഭാര്യ നർത്തകി മേതിൽ ദേവിക.
മുകേഷിനെതിരെ വന്നിരിക്കുന്ന പരാതിയുടെ സത്യാവസ്ഥ തനിക്കറിയാമെന്ന് മേതിൽ ദേവിക പറയുന്നു. എനിക്കൊരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷെ ഞാൻ പറയുന്നില്ല. ഇപ്പോൾ വന്ന ആരോപണത്തിന്റെ സത്യം എനിക്കറിയാം. അദ്ദേഹത്തിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. ഇപ്പോൾ വന്ന ആരോപണത്തിന്റെ ലക്ഷ്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കോടതിയുണ്ടല്ലോ.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഗൗരവം പോകരുത്. റിപ്പോർട്ട് വന്നതിന്റെ ഉദ്ദേശ്യം ഉണ്ട്. നെയിമിംഗും ഷെയിമിംഗും ആണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. സത്യവും വ്യാജവും മനസിലാക്കാൻ പറ്റുന്നില്ല. കോടതിയാണ് അവസാന വിധി. ഇന്ന് ആർക്ക് വേണമെങ്കിലും വീട്ടിലിരുന്ന് ആർക്കെതിരെയും ആരോപണം ഉന്നയിക്കാവുന്ന സമയമാണ്. ആരോപണത്തിൽ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ കുറ്റം ചെയ്തവർക്ക് ശിക്ഷ ലഭിക്കണം.
ഇല്ലെങ്കിൽ അതിനേക്കാൾ വലിയ ശിക്ഷ ആരോപിക്കുന്ന ആൾക്ക് കൊടുക്കണം. അത് സ്ത്രീയായാലും പുരുഷനായാലും. ചുമ്മാ പറയുന്നത് അപകടകരമാണ്. വലിയൊരു ഉദ്ദേശ്യ ശുദ്ധിയോടെ കൊണ്ട് വന്ന കാര്യമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അതിജീവിതമാർ ഉണ്ട്. ട്രോമയിലൂടെ കടന്ന് പോയവർ. അവരല്ല സംസാരിക്കുന്നതെങ്കിൽ ഇവർക്കെതിരെ നടപടി വേണം. സിനിമ കേരളത്തിൽ ഒരു റിലീജിയൻ ആണ്.

സിനിമാ താരങ്ങൾ ദൈവവും. ആ മനോഭാവം ഇപ്പോഴത്തെ വിവാദങ്ങളോടെ മാറിക്കിട്ടുമെന്നും മേതിൽ ദേവിക അഭിപ്രായപ്പെട്ടു. ലൈംഗികാതിക്രമങ്ങളെക്കുറിച്ചും മേതിൽ ദേവിക സംസാരിച്ചു. ഇത് ശരിയല്ലെന്ന് പോലും പലപ്പോഴും ഇവർ അറിയുന്നില്ല. പരസ്പര സമ്മതത്തോടെയുള്ള ബന്ധം വേറെയാണ്, റേപ്പ് വേറെയാണ്. മുമ്പ് സമ്മതം നൽകിയിട്ടുണ്ടാവും.
പക്ഷെ പിന്നീട് പിന്നീട് സമ്മതിച്ചില്ലെങ്കിലോ. വിവാഹത്തിൽ പോലും അത് സാധ്യമല്ല. അതേസമയം നിയമവ്യവസ്ഥയിൽ എനിക്ക് വലിയ ആത്മവിശ്വാസമുണ്ടെന്നും മേതിൽ ദേവിക വ്യക്തമാക്കി. 2013 ലാണ് മേതിൽ ദേവിക മുകേഷിനെ വിവാഹം ചെയ്തത്. 2021 ൽ ഇരുവരും വേർപിരിഞ്ഞു.
വേർപിരിയലിന് കാരണം എന്തെന്ന് മുകേഷോ സരിതയോ തുറന്ന് പറഞ്ഞിട്ടില്ല. നടി സരിതയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തത്. വിവാഹ മോചന സമയത്ത് മുകേഷിനെതിരെ ഗുരുതര ആരോപണങ്ങൾ സരിത ഉന്നയിച്ചിരുന്നു.
മുകേഷ് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ഗർഭിണിയായിരിക്കുമ്പോൾ വയറിന് ചവിട്ടിയെന്നും സരിത ആരോപിച്ചു. മുകേഷിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നപ്പോൾ സരിതയുടെ പഴയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചു. വ്യാപക വിമർശനവും നടനെതിരെ വന്നു. അതേസമയം മേതിൽ ദേവിക മുകേഷിനെതിരെ പരസ്യ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല.


Click it and Unblock the Notifications