ചെയ്തത് തെറ്റാണെന്ന് അറിയാം, ആളുകൾ കണ്ടതാണ്; ഇന്നും വിഷമമുണ്ട്; മോഹൻലാലിനൊപ്പം തിളങ്ങിയ മുംതാസ് പറയുന്നു
സിനിമാ കരിയർ വിട്ട് മതവിശ്വാസത്തിലൂന്നിയ ജീവിതം നയിക്കുകയാണ് മുൻ നടി മുംതാസ്. ഒരുകാലത്ത് ഗ്ലാമറസ് റോളുകളിലൂടെയും ഐറ്റം ഡാൻസിലൂടെയും തരംഗം സൃഷ്ടിച്ച മുംതാസ് താണ്ഡവം ഉൾപ്പെടെയുള്ള മലയാള സിനിമകളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ താണ്ഡവത്തിലെ മുംതാസിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സിനിമാ കരിയർ തെറ്റായിരുന്നെന്നാണ് മുംതാസിപ്പോൾ പറയുന്നത്. വിശ്വാസപ്രകാരം ജീവിക്കാനാണ് ഇനി താൽപര്യപ്പെടുന്നതെന്നും സിനിമകളിലേക്ക് ഇനി തിരിച്ച് വരവില്ലെന്നും മുംതാസ് വ്യക്തമാക്കിയിട്ടുണ്ട്.
തനിക്ക് പറ്റിയ തെറ്റുകളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് പുതിയ അഭിമുഖത്തിൽ മുംതാസ്. ലോകം എന്നെക്കുറിച്ച് എന്ത് പറയുന്നു എന്ന് ഞാൻ കാര്യമാക്കുന്നില്ല. ഞാൻ ചെയ്തത് തെറ്റായിരുന്നു. സമ്പാദിച്ച രീതി ഹറാമാണ്. അത് തെറ്റ് തന്നെയാണ്. അത് വെച്ച് ആൾക്കാർ പലതും ചിന്തിക്കുന്നു. അതൊന്നും ഞാൻ ഗൗനിക്കുന്നില്ല. എന്നെ ജഡ്ജ് ചെയ്യാനുള്ള അവകാശം ആർക്കുമില്ല. അങ്ങനെ ചെയ്താൽ അതിന് നിങ്ങൾ വില കൊടുക്കേണ്ടി വരും. എനിക്കത് വിഷയമല്ല. ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. അതിന് ഈ ജീവിത കാലം കൊണ്ട് പ്രായശ്ചിത്തം ചെയ്യാനാകുമെന്ന് കരുതുന്നില്ല. അതിന്റെ വിഷമം തനിക്കുണ്ടെന്നും മുംതാസ് പറയുന്നു.

ഇന്ന് ഞാനൊരു പബ്ലിക് സ്പേസിൽ നിൽക്കുമ്പോൾ ആരും എന്നെ തൊടാതിരിക്കാൻ എന്റെ ചേട്ടൻ ശ്രദ്ധിക്കുന്നു. മുമ്പ് നൂറ് പേരുടെ മുന്നിൽ ഡാൻസ് ചെയ്യുമ്പോൾ ഒപ്പം ഡാൻസ് ചെയ്യുന്നവർ എന്നെയെടുത്ത് ഉയർത്തും. എല്ലാവരും റെസ്പെക്ട്ഫുൾ ആയ ആളുകളാണ്. പക്ഷെ അവർക്കെന്നെ തൊടാൻ അനുവാദമില്ല. പക്ഷെ ഞാനതിന് സമ്മതിച്ചു. ഞാൻ ഹീറോകൾക്കൊപ്പം ഡാൻസ് ചെയ്തിട്ടുണ്ട്. എന്ത് തരത്തിലുള്ള ഗാനങ്ങളാണ് ഞാൻ ചെയ്തതെന്ന് ആളുകൾ കണ്ടതാണ്. അതെല്ലാം തന്നെ ഇപ്പോൾ വേട്ടയാടുന്നുണ്ടെന്നും മുംതാസ് തുറന്ന് പറഞ്ഞു.
ഹിജാബ് എന്ന ലിബറേറ്റ് ചെയ്തു. സ്വാതന്ത്ര്യവും ലിബറേഷനും രണ്ടാണ്. ലിബറേഷനിൽ ഉത്തരവാദിത്വമുണ്ടെന്നും മുംതാസ് പറയുന്നു. മുൻ ബോളിവുഡ് നടിമാരായ സെെറ വസിം, സന ഖാൻ എന്നിവരും ഇന്ന് വിശ്വാസത്തിന്റെ പാതയിലാണ്. തന്റെ മുഖം ഇന്ന് പുറം ലോകത്തെ കാണിക്കാൻ സൈറ വസീം ആഗ്രഹിക്കുന്നില്ല. തന്റെ ഫോട്ടോകളെല്ലാം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു.

സിനിമാ കരിയർ തെറ്റായിരുന്നെന്നാണ് സെെറ പറയുന്നത്. ദംഗൽ, സീക്രട്ട് സീക്രട്ട് സൂപ്പർ സ്റ്റാർ എന്നീ ഹിറ്റ് സിനിമകളിലൂടെ ബോളിവുഡിൽ വൻ പ്രശസ്തിയാർജിച്ചിരിക്കെയാണ് എല്ലാം ഉപേക്ഷിച്ച് സൈറ കരിയർ വിട്ടത്. സന ഖാനും ഇതേ പാത പിന്തുടർന്നു. അതേസമയം സോഷ്യൽ മീഡിയയിൽ സന ഖാൻ സജീവമാണ്.
ഗ്ലാമറസ് നടിയായി അറിയപ്പെട്ട സന ബിഗ് ബോസ് ഷോയിലുൾപ്പെടെ സാന്നിധ്യം അറിയിച്ചിരുന്നു. ജീവിതത്തിൽ വിഷമഘട്ടങ്ങളുണ്ടായതോടെ സന വിശ്വാസത്തിലേക്ക് അടുത്തു. സിനിമ വേണ്ടെന്ന് വെച്ച സന ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു.
ബിസിനസുകാരനുമായ അനസ് സയിദിനെയാണ് സന ഖാൻ വിവാഹം ചെയ്തത്. 2020 ലായിരുന്നു ഇരുവരുടെയും വിവാഹം.
അടുത്തിടെയാണ് സന ഖാന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. മുംതാസ് അവിവാഹിതയാണ്. അതീവ ഗ്ലാമറസായി അഭിനയിച്ചിരുന്നവരാണ് സനയും മുംതാസും. പിന്നീട് ഇത് തെറ്റാണെന്ന് തോന്നിയ ഇരുവരും ഇക്കാര്യം തുറന്ന് പറയാനും തയ്യാറായി. പഴയ ജീവിതത്തിൽ പേരും പ്രശ്സതിയും ഉണ്ടായിരുന്നു.
പക്ഷെ മനസിന് സന്തോഷമുണ്ടായിരുന്നില്ലെന്നാണ് സന ഖാൻ ഒരിക്കൽ പറഞ്ഞത്.


Click it and Unblock the Notifications











