രാവും പകലും മുരളി മദ്യപാനമായിരുന്നു; സെറ്റിൽ വെച്ച് മദ്യപിച്ച തിലകന് നേരിടേണ്ടി വന്നത്; ശ്രദ്ധ നേടി വാക്കുകൾ
മലയാള സിനിമാ ലോകത്തെ ലഹരി ഉപയോഗമാണ് കഴിഞ്ഞ കുറേ നാളുകളായി ചർച്ചാ വിഷയം. പ്രമുഖ താരങ്ങൾ നേരെയുൾപ്പെടെ ലഹരിക്കേസ് വന്നു. സിന്തറ്റിക് ഡ്രഗുകൾ ഉപയോഗിക്കുന്ന സിനിമാ താരങ്ങൾക്ക് നേരെ വിമർശനവും വരുന്നുണ്ട്. അതേസമയം ലഹരി സിനിമാ ലോകത്ത് പുതിയ കാര്യമല്ലെന്ന് ഏവരും സമ്മതിക്കുന്നുണ്ട്. മദ്യം ജീവിതം തകർത്ത കലാകാരൻമാർ ഏറെയാണ്. പ്രതിഭകളായിരുന്ന പലരുടെയും ജീവിതത്തിൽ വില്ലനായത് മദ്യമാണ്. ഇതേക്കുറിച്ച് അന്തരിച്ച നടൻ മാമുക്കോയ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
നടൻ മുരളി രാവും പകലും മദ്യപാനമായിരുന്നു അവസാന ഘട്ടത്തിൽ. മരിക്കുന്നത് വരെ. എന്താണ് കാരണമെന്നറിയില്ല. മാനസികമായി എന്തോ ചില പ്രയാസങ്ങൾ ഉണ്ടായിക്കാണും. ജീവിതത്തോട് വെറുപ്പും നെെരാശ്യവും വന്ന് കാണും. അങ്ങനെയായിരിക്കും അതിന് അടിമപ്പെട്ട് പോയത്. ചിലർ അടിമപ്പെട്ട് നിർത്താൻ പറ്റാതായവരുണ്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാനായ ആർട്ടിസ്റ്റായിരുന്നു കൊട്ടാരക്കര ശ്രീധരൻ നായർ. അത് പോലെയൊരു നടൻ മലയാളത്തിൽ ഇതുവരെ ജനിച്ചിട്ടില്ല. ഇനി ജനിച്ച് വന്നിട്ടുണ്ടെങ്കിൽ നിഷേധിക്കാൻ പറ്റില്ല. അദ്ദേഹം മദ്യം കൊണ്ട് നശിച്ച് പോയതാണ്. പലരും മദ്യം വാങ്ങിക്കൊടുത്ത് പ്രതിഫലം കൊടുക്കാതെ അദ്ദേഹത്തെ ഒതുക്കിയിട്ടുണ്ടെന്നും മാമുക്കോയ അന്ന് ഓർത്തു.

തിലകൻ ചേട്ടൻ സത്യന്റെ ഒട്ടുമിക്ക പടങ്ങളിലും ഉണ്ടായിരുന്നു. അവസാനം വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയ്ക്ക് ശേഷം ഇല്ലാതായി. കാരണം അയാൾ ആ സെറ്റിൽ വെച്ച് മദ്യപിച്ചു. ഷോട്ട് റെഡി എന്ന് പറഞ്ഞ് അസിസ്റ്റന്റ് ഡയരക്ടർ വിളിക്കാൻ വന്നപ്പോൾ ഇയാൾ മദ്യം ഒഴിച്ച് കഴിച്ച് കൊണ്ടിരിക്കുകയാണ്. സെറ്റിൽ മദ്യപിക്കുന്നത് സത്യന് ഭയങ്കര പ്രശ്നമാണ്.
ഒരിക്കൽ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുമ്പോൾ ശങ്കരാടി ചേട്ടന് വർക്കില്ല. വർക്കില്ലല്ലോ എന്ന് വിചാരിച്ച് ഊണ് കഴിക്കുന്നതിന് മുമ്പ് ഒരു പെഗ് അടിച്ചു. ഉച്ചയ്ക്ക് ശേഷം സീനെടുക്കാമെന്ന് സത്യന് തോന്നി. ശങ്കരാടി ചേട്ടനെ വിളിച്ചു. സെറ്റിലെത്തി സ്ക്രിപ്റ്റ് വായിച്ച് കൊടുക്കുമ്പോൾ ചെറിയൊരു മണം ശങ്കരാടി ചേട്ടനിൽ നിന്ന് വന്നു. സത്യൻ ഒരു നോട്ടം നോക്കി പാക്കപ്പ് എന്ന് പറഞ്ഞു.

അങ്ങനെയുള്ള സത്യന്റെ സെറ്റിൽ വെച്ചാണ് തിലകൻ ചേട്ടൻ മദ്യപിച്ച് ഷോട്ടിന് വരില്ലെന്ന് പറഞ്ഞത്. സത്യൻ നേരിട്ട് വന്നു. ചേട്ടാ ഇതിലും ഭേദം എന്നെ ഒരു കത്തിയെടുത്ത് കുത്തുന്നതായിരുന്നെന്ന് സത്യൻ പറഞ്ഞു. പിന്നീട് വീണ്ടും ചില വീട്ടുകാര്യങ്ങൾ സിനിമയിലെ തിലകൻ ചേട്ടന്റെ ഒഴിച്ച് കൂടാൻ പറ്റാത്ത സീനുകൾ നിർത്തി ബാക്കിയെല്ലാം ഒഴിവാക്കുകയായിരുന്നെന്ന് മാമുക്കോയ അന്ന് വ്യക്തമാക്കി.
കൊച്ചിൻ ഹനീഫ മരിച്ച് പോയി. അയാൾ മദ്യം തൊടാത്ത ആളായിരുന്നു. സിനിമയിലുള്ള ആളുകളെ എല്ലാവരും ശ്രദ്ധിക്കുന്നത് കൊണ്ടാണ് സിനിമയിലേ മദ്യപാനമുള്ളൂ എന്ന് കരുതുന്നത്. സിനിമയ്ക്ക് പുറത്ത് അതിനേക്കാളും മദ്യപിച്ച് നശിച്ച് പോകുന്നവരുണ്ടെന്നും മാമുക്കോയ അന്ന് പറഞ്ഞു. ഒരിക്കൽ സഫാരി ടിവിയിൽ സംസാരിക്കവെയാണ് മാമുക്കോയ ഓർമകൾ പങ്കുവെച്ചത്. 2009 ലാണ് മുരളി മരിച്ചത്. 55 വയസിലായിരുന്നു വിയോഗം. 2012 ൽ 77ാം വയസിൽ തിലകൻ ലോകത്തോട് വിട വാങ്ങി. 2023 ൽ തന്റെ 76ാം വയസിലാണ് മാമുക്കോയ മരിക്കുന്നത്.


Click it and Unblock the Notifications











