ഇലക്ഷന് തൊട്ടു മുന്‍പ് ബയോപ്പിക്കുകള്‍ ഇറക്കുന്ന ഇന്ത്യന്‍ പ്രതിഭാസം! ട്രോളുമായി മുരളി ഗോപി
Recommended Video

രതീഷ് അമ്പാട്ടിന്റെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ദിലീപ് ചിത്രമായിരുന്നു കമ്മാരസംഭവം. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ചരിത്രം എങ്ങനെ വളച്ചൊടിക്കുന്നു വെന്നും ആ വളച്ചൊടിച്ച ചരിത്രം വെച്ച് എങ്ങനെ ജനങ്ങളെ പറ്റിക്കുന്നു എന്നുമാണ് ചിത്രം പറഞ്ഞത്. തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയില്ലെങ്കിലും ടിവിയില്‍ വന്നപ്പോള്‍ മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.
അവതരണംകൊണ്ടും കഥാസവിശേഷതകൊണ്ടും ചിത്രം വ്യത്യസ്ത അനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നത്. ചരിത്രത്തില്‍ നിറഞ്ഞ ചതിയുടെയും വഞ്ചനയുടെയും ആരോരുമറിയാത്ത കഥകള്‍ ഹാസ്യരൂപേണ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കമ്മാരസംഭവം സിനിമയെ പേരെടുത്തു പറഞ്ഞുകൊണ്ടുളള മുരളി ഗോപിയുടെ ട്രോള്‍ ശ്രദ്ധേയമായിരുന്നു. ഇലക്ഷന് മുന്‍പ് ബയോപിക്കുകള്‍ ഇറക്കുന്ന ഇന്ത്യന്‍ പ്രതിഭാസത്തെ ട്രോളിക്കൊണ്ടായിരുന്നു അദ്ദേഹം എത്തിയിരുന്നത്.

ഇലക്ഷനു മുന്‍പുളള ബയോപിക്കുകള്‍
അടുത്ത വര്‍ഷം എപ്രില്‍-മേയ് മാസത്തില്‍ രാജ്യത്ത് ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. തിരഞ്ഞെടുപ്പിനു മുന്നോടിയായി പല ഭാഷകളിലായി നാലോളം രാഷ്ട്രീയക്കാരുടെ ബയോപിക്കുകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. മമ്മൂട്ടി മുഖ്യവേഷത്തില്‍ എത്തുന്ന യാത്ര, നവാസുദ്ദീന്‍ സിദ്ധിഖിയുടെ താക്കറെ,അനുപം ഖേറിന്റെ ദ ആക്സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്റര്‍, നന്ദമുരി ബാലകൃഷ്ണയുടെ എന്‍ടിആര്‍ കഥാനായകഡു തുടങ്ങിയവയാണ് ഈ ചിത്രങ്ങള്‍. ബയോപിക്ക് ചിത്രങ്ങള്‍ ഒന്നിലധികം റിലീസ് ചെയ്യാനിരിക്കുന്ന വേളയിലാണ് മുരളി ഗോപി ഈ ചിത്രങ്ങളെ ട്രോളിക്കൊണ്ട് എത്തിയിരുന്നത്. തന്റെ സിനിമയായ കമ്മാരസംഭവത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമായി വരികയാണ് എന്ന് സൂചിപ്പിച്ചുകൊണ്ടാണ് മുരളി ഗോപി എത്തിയിരുന്നത്.
പോസ്റ്റ് കാണൂ

യാത്ര
ആന്ധപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് യാത്ര. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തെലുങ്കില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വൈഎസ്ആറിന്റെ 1999മുതല്‍ 2004വരെയുളള ജീവിതകാലഘട്ടമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ആന്ധ്രാപ്രദേശിന്റെ ഏകീകരണത്തിനായി വൈഎസ് ആര്‍ നടത്തിയ പദയാത്രയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

എന്‍ടിആര്‍ കഥാനായകഡു
ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും സൂപ്പര്‍ താരവുമായിരുന്ന എന്‍ടിആറിന്റെ ബയോപിക്ക് ചിത്രമാണ് എന്‍ടിആര്‍ കഥാനായകഡു. നന്ദമുരി ബാലകൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ചിത്രം റീലിസിങ്ങിനൊരുങ്ങുകകയാണ്. ക്രിഷ് സംവിധാനം ചെയ്ത ചിത്രം ജനുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വിദ്യാബാലനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാഷ്ട്രീയവും സിനിമയും കലര്‍ന്ന എന്‍ടി ആറിന്റെ ജീവിതമാണ് അണിയറക്കാര്‍ വെള്ളിത്തിരയില്‍ എത്തിക്കുന്നത്.

ദ ആക്‌സിഡന്‍ഷ്യല്‍ പ്രൈംമിനിസ്റ്റര്‍
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ദ ആക്സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്റര്‍. ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളിലൊരാളായ അനൂപം ഖേറാണ് ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങായി വേഷമിടുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കിയൊരുക്കിയ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളായിരുന്നു ആക്സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലറില്‍ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്.

താക്കറെ
ശിവസേനയുടെ തലവനായിരുന്ന ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന ചിത്രമാണ് താക്കറെ. നവാസുദ്ദീന്‍ സിദ്ധിഖി മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രവും റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. അഭിജിത്ത് പന്‍സെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബാല്‍ താക്കറെയുടെ സംഭവബഹുലമായ ജീവിതകഥയാണ് ചിത്രത്തില്‍ പറയുന്നത്.


Click it and Unblock the Notifications











