'കിടപ്പിലായപ്പോൾ അച്ഛന് നിരാശയും ദേഷ്യവും; കണ്ട് നിൽക്കാനെ കഴിഞ്ഞുള്ളൂ; അമ്മ ആയിരുന്നു ജീവിതത്തിലെ നായകൻ'
മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത കലാകാരനാണ് ഭരത് ഗോപി. അവിസ്മരണീയമായ നിരവധി സിനിമകളിലൂടെ പ്രേക്ഷകരിലേക്കെത്തിയ ഭരത് ഗോപി 2008 ലാണ് മരണപ്പെടുന്നത്.
കൊടിയേറ്റം എന്ന സിനിമയിലെ അഭിനയത്തിനാണ് 1978 ൽ ഇദ്ദേഹത്തിന് ഭരത് അവാർഡ് ലഭിക്കുന്നത്. അതിനാൽ കൊടിയേറ്റം ഗോപി എന്നും നടൻ സിനിമാ ലോകത്ത് അറിയപ്പെടുന്നു.
ഇദ്ദേഹത്തിന്റെ മകൻ മുരളി ഗോപി ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന നടനും തിരക്കഥാകൃത്തുമാണ്. ഇപ്പോഴിതാ അച്ഛനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുരളി ഗോപി.
അച്ഛൻ അഭിനയത്തോട് പുലർത്തിയ താൽപര്യവും കൃത്യതയും തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് മുരളി ഗോപി പറയുന്നു. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

'അച്ഛനാണ് ഏറ്റവും വലിയ പ്രചോദനം. സ്വാധീനമല്ല. സ്വാധീനം നല്ല കാര്യമല്ല. ഇൻസ്പിരേഷൻ ആണ്. അച്ചന്റെ ഫോക്കസ് ആണ് എന്നെ സ്വാധീനിച്ചത്. ഒരു റിയൽ ആർട്ടിസ്റ്റ് അദ്ദേഹത്തിന്റെ ആർട്ട്ഫോമിൽ എൻഗേജ് ചെയ്യുമ്പോൾ അത് കാണുന്നവർക്ക് വേറൊരു ആർട്ട് ഫോമിലാണ് കഴിവെങ്കിൽ ഇതിൽ നിന്നും പ്രചോദനം ഉൾക്കൊള്ളാൻ പറ്റും'
'അങ്ങനെ ഒരു ക്വാളിറ്റി അച്ഛന്റെ ആക്ടിംഗിൽ എപ്പോഴും കണ്ടിട്ടുണ്ട്. അത് കണ്ടിട്ട് എഴുതാനാണ് തോന്നുന്നതെങ്കിൽ എഴുത്തിലോട്ട് കയറാൻ തോന്നും'

'ഞാൻ ഷൂട്ടിംഗ് സെറ്റിൽ അങ്ങനെ പോയിട്ടില്ല. ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛന് സ്ട്രോക്ക് വരുന്നത്. അദ്ദേഹത്തിന്റെ പ്രോസസിംഗ് ഒറ്റ സിനിമയിലേ ഞാൻ കണ്ടിട്ടുള്ളൂ'
'അച്ഛൻ അസുഖം വരുന്നതിന് മുമ്പ് അഭിനയിച്ചിട്ടുള്ള എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് എനിക്ക് ഇഷ്ടമാണ്. എടുത്ത് പറയുകയാണെങ്കിൽ കൊടിയേറ്റം, പെരുവഴിയമ്പലം, ഓർമ്മയ്ക്കായി, യവനിക, സന്ധ്യ മയങ്ങും നേരം, ആഘാതം തുടങ്ങി ഒരുപാടുണ്ട്'

'അഭിനയത്തിൽ അച്ഛന് അച്ഛന്റേതായ പ്രോസസ് ഉണ്ട്. ഞാൻ അദ്ദേഹത്തിന് അഭിനയത്തിലുള്ള ശ്രദ്ധ ആണ് നോക്കിയത്. അച്ഛന് ഇപ്പോഴും ഒരു ഫാൻ ഫോളോയിംഗ് ഉണ്ട്'
'ഒരു ആക്ടറിന്റെ ആയുധം എന്നത് അദ്ദേഹത്തിന്റെ ശരീരം തന്നെയാണ്. ആ ശരീരം വീക്ക് ആവുമ്പോൾ സ്വാഭാവികമായും അച്ഛൻ നിരാശനാവുമല്ലോ. കരിയറിൽ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് അച്ഛന് അസുഖം വരുന്നത്'

'അന്ന് ഹിന്ദിയിൽ നിന്ന് വരെ അവസരങ്ങൾ വരുന്നുണ്ടായിരുന്നു. അതിന്റെ ദേഷ്യങ്ങൾ കുറച്ച് നാൾ ഉണ്ടായിരുന്നു. പിന്നീട് അഡ്ജസ്റ്റ് ചെയ്തു. അച്ഛൻ ഭൂരിഭാഗം സമയവും കിടക്കയിൽ ആയിരുന്നു. അന്ന് നമുക്ക് കണ്ട് നിൽക്കാനെ പറ്റൂ. അമ്മയാണ് എല്ലാം നോക്കിയത്. അമ്മയ്ക്ക് എല്ലാം ബാലൻസ് ചെയ്യാനായി'
'അച്ഛന്റെ കഥയിലെ നായകൻ അമ്മയാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. അത്രയും മനോഹരമായി അമ്മ അത് കൈകാര്യം ചെയ്തു. ഞാൻ കണ്ട ഏറ്റവും ഗ്രേസ്ഫുൾ ആയ ആളാണ് അമ്മ. തൃപ്തി എന്ന് പറയുന്നതിന്റെ ആൾരൂപമാണ് അമ്മ. അമ്മയാണ് നമ്മുടെ ശക്തി,' മുരളി ഗോപി പറഞ്ഞു.
നിലവിൽ എമ്പുരാൻ എന്ന മുരളി ഗോപിയുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. പൃഥിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.


Click it and Unblock the Notifications











