അച്ഛന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ പുരസ്‌കാരമോ? യഥാര്‍ത്ഥ അനുസ്മരണം ഇങ്ങനെയാവണമെന്ന് മുരളി ഗോപി
നടനും നിര്‍മാതാവും എഴുത്തുകാരനുമൊക്കെയായ മുരളി ഗോപിയെ എല്ലാവര്‍ക്കും അറിയാം. അതിനെക്കാളും മുന്‍പേ നടന്‍ ഭരത് ഗോപിയുടെ മകനെന്ന ലേബലിലാണ് താരം അറിയപ്പെട്ടിരുന്നത്. വര്‍ഷങ്ങളോളം മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടനും സംവിധായകനും നിര്‍മാതാവുമൊക്കെയായിരുന്നു ഭരത് ഗോപി.
അച്ഛന്റെ കഴിവുകള്‍ കിട്ടിയ മകന്‍ മുരളി ഗോപിയും സിനിമയില്‍ തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. അതേ സമയം തന്റെ പിതാവിന്റെ ജന്മദിനത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. അച്ഛന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ പുരസ്‌കാരം ഏര്‍പ്പാടാക്കിക്കൂടെ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ മുരളി പറയുന്നത്.

'ഇന്ന്, അച്ഛന്റെ ജന്മദിനം. ഒരുപാട് അവസരങ്ങളില്‍ ഒരുപാട് പേര്‍ എന്നോട് ചോദിക്കാറുള്ള ഒരു ചോദ്യമാണ് 'അച്ഛന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍' ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിക്കൂടേ എന്ന്. ഓര്‍മ്മകള്‍ പുരസ്‌കാര വിതരണത്തിലൂടെയാണ് നിലനിര്‍ത്തേണ്ടത് എന്ന ആംഗലേയ സങ്കല്‍പ്പത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ് ഈ ചോദ്യം.
ഒരു കലാകാരന്റെ ഓര്‍മ്മകളെ നിലനിര്‍ത്തേണ്ടത് സത്യത്തില്‍ അയാളുടെ സൃഷ്ടികളെ തുടച്ച് മിനുക്കി കാലാകാലങ്ങളില്‍ ജനസമക്ഷം അവതരിപ്പിക്കുന്നതിലൂടെ ആയിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഈയിടെ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ വച്ച് നടത്തിയ ഒരു കെ ജി ജോര്‍ജ്ജ് അനുസ്മരണത്തില്‍ പങ്കെടുത്തപ്പോള്‍, എന്നെ ശരിക്കും സന്തോഷിപ്പിച്ചത് ആ ചടങ്ങിന് ശേഷം അതിന്റെ സംഘാടകര്‍ നടത്തിയ ഒരു ചലച്ചിത്ര പ്രദര്‍ശനമാണ്.
'യവനിക'യുടെ ഒരു റീസ്‌റ്റോര്‍ഡ് പ്രിന്റ് ആണ് അന്നവിടെ പ്രദര്‍ശിപ്പിച്ചത്. ആ റീസ്റ്റോറിങ്ങിനായി പ്രവര്‍ത്തിച്ചത് ചലച്ചിത്ര അക്കാദമി ആണെന്ന് പിന്നീടറിഞ്ഞു. ഇതുപോലുള്ള archiving പ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥത്തില്‍ അക്കാദമി പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ പ്രസക്തമാകുന്നത് തന്നെ.
ക്ലാസിക്കുകളെ, പൊടിതട്ടിയെടുത്ത്, പുത്തന്‍ സഹൃദയര്‍ക്കായി പുതിയതാക്കി അവതരിപ്പിക്കുന്നതിലൂടെ മാത്രമേ മണ്മറഞ്ഞ മഹാകലാകാരന്മാരുടെ യഥാര്‍ത്ഥ അനുസ്മരണം സാധ്യമാകൂ.

ഏതൊരു കലാകാരനും പൊതുസമക്ഷം അവശേഷിപ്പിച്ചു പോകുന്നത് അയാളെന്ന വ്യക്തിയുടെ ഓര്‍മ്മകളേക്കാള്‍ അയാളുടെ സൃഷ്ടിയുടെ ഓര്‍മ്മകളെയാണ്.
വ്യക്തിസത്തയെക്കാള്‍ സൃഷ്ടിസത്തയാണ് കലാകാരന്മാരുടെ ബാക്കിപത്രം എന്നിരിക്കെ, അവരുടെ വ്യക്തിത്വത്തെ ആഘോഷിക്കലാണോ അവരുടെ സൃഷ്ടികളെ ആഘോഷിക്കലാണോ യഥാര്‍ത്ഥ അനുസ്മരണം എന്ന നാം നമ്മോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു'... എന്നാണ് മുരളി ഗോപി പറയുന്നത്.
മുരളി ഗോപിയുടെ അഭിപ്രായത്തോട് യോജിച്ച് കൊണ്ടാണ് ആരാധകരും എത്തുന്നത്. ഇന്ത്യന്‍ സിനിമയില്‍ മികച്ച നടന്മാരില്‍ ഒരാളായിരുന്നു ശ്രീ ഭാരത് ഗോപി സാര്‍. അഭിനയിച്ച കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം ഇനി നിറഞ്ഞ് നില്‍ക്കേണ്ടത്.
കാരണം യവനിക, പഞ്ചവടി പാലം, വാരിയെല്ല് തുടങ്ങിയ ഭരത് ഗോപി സിനിമകള്‍ ഇന്നത്തെ കാലത്തും പ്രസക്തിയുള്ളതാണ്. അതിനൊന്നും ഒട്ടും മങ്ങലേറ്റിട്ടില്ലെന്നാണ് ഒരു ആരാധകന്റെ കമന്റ്.


Click it and Unblock the Notifications











