ഫ്രോഡ്, മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്നു; കൊടുക്കാൻ ഉള്ളതിന്റെ മൂന്നിരട്ടി കിട്ടാനുണ്ട്; മറുപടിയുമായി മുരളി
സുമതി വളവ് അടക്കമുള്ള സിനിമകൾ നിർമ്മിച്ചതിന്റെ പേരിൽ തനിക്കുണ്ടായ നഷ്ടത്തെ കുറിച്ചും മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന സംവിധായകൻ അഭിലാഷ് പിള്ള അടക്കമുള്ളവർ തനിക്ക് വരുത്തി വെച്ച നഷ്ടത്തെ കുറിച്ചും കഴിഞ്ഞ ദിവസമാണ് നിർമാതാവ് മുരളി കുന്നുംപുറത്ത് വെളിപ്പെടുത്തിയത്. സുമതി വളവ് സിനിമ കാരണം തനിക്ക് ഏഴ് കോടി രൂപ നഷ്ടപ്പെട്ടുവെന്നും സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ ചതിച്ചുവെന്നുമാണ് മുരളി കുന്നുംപുറം ആരോപിച്ചത്.
പിന്നാലെ സുമതി വളവിന്റെ അണിയറപ്രവർത്തകർ മുരളിക്ക് എതിരെ വാർത്തസമ്മേളനം നടത്തി പ്രതികരിച്ചിരുന്നു. അതോടെ മുരളി വലിയ രീതിയിൽ സൈബർ ആക്രമണം നേരിടാൻ തുടങ്ങി. സോഷ്യൽമീഡിയയിൽ താൻ ഫ്രോഡാണ് എന്ന രീതിയിൽ പ്രചാരണം നടക്കുന്നുണ്ടെന്ന് മുരളി പറയുന്നു.

തന്നെ അധിക്ഷേപിക്കുന്നവർക്ക് എതിരെ നിയമപരമായി നീങ്ങുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ മുരളി വ്യക്തമാക്കി. കൊടുക്കാൻ ഉള്ളതിന്റെ മൂന്നിരട്ടി തനിക്ക് കിട്ടാനുണ്ടെന്നും അദ്ദേഹം കുറിച്ചു. മുരളിയുടെ കുറിപ്പ് ഇങ്ങനെയാണ്... പ്രിയ സുഹൃത്തുക്കളെ... രണ്ട് ദിവസമായി നടക്കുന്ന കാര്യങ്ങളെ കുറിച്ച് എല്ലാവരും മനസിലാക്കിയെന്ന് കരുതുന്നു. ഇതിൽ കൂടുതൽ പ്രസ്തുത വിഷയത്തിന്റെ മേലെ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ഇപ്പോൾ ഉള്ള എന്റെ പ്രതികരണം സ്പെക്സ് മാൻ എന്ന ഫേസ്ബുക് പേജിനെ കുറിച്ചാണ്. ഞാൻ ഒരു ബിസിനസുകാരനാണ്. ബിസിനസ് സംബന്ധമായി എനിക്ക് ഒരുപാട് പണം കിട്ടാനും കൊടുക്കാനുമുണ്ട് എന്നത് ഞാൻ മുന്നേ ഉള്ള പ്രതികരണത്തിൽ തന്നെ അറിയിച്ചതാണ്. അതിന്റെ പേരിൽ ഞാൻ സ്കാമാണ് ഫ്രോഡാണെന്ന് പറയുന്നത് തെറ്റായ കാര്യമാണ്.
ഞാൻ കൊടുക്കാൻ ഉള്ളതിന്റെ മൂന്നിരട്ടിയോളം എനിക്ക് കിട്ടാനുമുണ്ട്. എന്തുകൊണ്ട് ഈ വിഷയം നിങ്ങൾ ഉന്നയിക്കുന്നില്ല. ഞാൻ മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്നുവെന്ന് പറയുന്നത് തീർത്തും തെറ്റായ പ്രസ്താവനയാണ്. എന്തായാലും ഇതിനെതിരെ മാനനഷ്ടം തുടങ്ങിയ കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഇതിന്റെ പിന്നിൽ പിആർ വർക്ക് ചെയ്തവരെയും ഞാൻ പുറത്ത് കൊണ്ട് വരും.
ഞാൻ പൈസ പറ്റിച്ചുവെന്ന് പറഞ്ഞവർ ദയവായി ഇതിന്റെ താഴെ കമന്റായി നിങ്ങളുടെ ട്രാൻസക്ഷൻ ലിസ്റ്റ് ഇടാവുന്നതാണ്. ഞാൻ കൊടുക്കാൻ ഉള്ളവരായി ഇന്നും എനിക്ക് നല്ല കമ്മ്യൂണിക്കേഷനുണ്ട്. എന്നാൽ എനിക്ക് തരാൻ ഉള്ളവർ എന്റെ ഫോൺ എടുക്കുകയോ എനിക്ക് പണം തിരികെ തരാൻ മുതിരുന്നോ ഇല്ല. ഞാനുമായി ഒരു വിഷയം ഉന്നയിക്കുമ്പോൾ കുറഞ്ഞത് എന്റെ മാത്രം ഫോട്ടോ ഉൾപ്പെടുത്തണം.

ഈ ഫോട്ടോയിൽ എന്റെ കൂടെ ഉള്ള നടനെ കൂടെ ബാധിക്കുന്ന തരത്തിലാണ് ഇപ്പോൾ. പോസ്റ്റ്മാന്റെ പക്കൽ നിന്നും മിനിമം മാന്യത പ്രതീക്ഷിക്കുന്നു. മറുനാടൻ ഷാജൻ എന്ന യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്കാറിയ അദ്ദേഹം പറഞ്ഞത് പോലെ അമേരിക്കയിൽ നിന്നും അഡ്വാൻസ് വാങ്ങി എന്നത് സത്യമാണ്. ഡ്യൂട്ടി കാരണം ഞാൻ പോർട്ടിൽ തിരിച്ചെടുത്തു.
എനിക്ക് വലിയ നഷ്ടം ഉണ്ടായത് കൊണ്ട് അതിനെ കുറിച്ച് സംസാരിച്ച് അവർക്കു ഒരു പൈസ കൊടുത്തു. ഇനിയും കൊടുക്കാനുണ്ട്. അല്ലാതെ ഞാൻ ആർക്ക് പണം കൊടുക്കാനുണ്ടെന്ന് ഷാജൻ വ്യക്തമാക്കണം. ഇല്ലെങ്കിൽ ഇതിനെ കുറിച്ച് വ്യക്തത വരുത്താൻ ഷാജൻ തയ്യാറാവാത്ത പക്ഷം ഞാൻ നിയമപരമായി മുന്നോട്ട് പോകും. സത്യം ജയിക്കും എന്നായിരുന്നു മുരളിയുടെ കുറിപ്പ്.
വെള്ളം എന്ന ജയസൂര്യ സിനിമയുടെ റിലീസിനുശേഷമാണ് മുരളി പ്രശസ്തനായത്. ബിസിനസുകാരനായ മുരളിയുടെ മുൻകാല ജീവിതമായിരുന്നു വെള്ളം സിനിമയുടെ ഇതിവൃത്തം. വെള്ളം സ്വീകാര്യത നേടിയതോടെയാണ് സിനിമയിൽ ഭാഗ്യപരീക്ഷണത്തിന് മുരളി ഇറങ്ങിയത്.


Click it and Unblock the Notifications