'ഞങ്ങൾ രണ്ടാളുടെയും ശബ്ദവും നാദവും രൂപവുമൊക്കെ ഫുൾ ടൈം വീട്ടിലുണ്ട്, സിംഗിൾ പേരന്റെന്ന തോന്നലില്ല'; ബിജിബാൽ!
വരികൾ പറയും പോലെയുള്ള അർത്ഥത്തിൽ പാട്ടൊരുക്കുന്ന ചുരുക്കം ചിലരിലൊരാണ് സംഗീത സംവിധായകൻ ബിജിബാൽ. ആകാശമായവളെ മുതൽ ബിജിബാലിന്റെ സംഗീതത്തിൽ പിറവികൊണ്ട നിരവധി ഗാനങ്ങൾ ഇപ്പോഴും മലയാളികളുടെ പ്ലേലിസ്റ്റിലുണ്ട്.
പിരിഞ്ഞിട്ടും ഇന്നും പിരിയാതെ കൂടെയുണ്ടാവുക എന്നത് പോലെയാണ് സംഗീത സംവിധായകൻ ബിജിബാലിനെ സംബന്ധിച്ച് ഭാര്യ ശാന്തിയെ കുറിച്ചുള്ള ഓരോ ഓർമ്മകളും. 2002ൽ ആയിരുന്നു ബിജിബാലിന്റേയും ശാന്തിയുടേയും വിവാഹം. നർത്തകിയായ ശാന്തി നൃത്താധ്യാപികയായും പ്രവർത്തിച്ചിരുന്നു.
രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിന് വേണ്ടി ശാന്തി കൊറിയോഗ്രാഫ് ചെയ്ത നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ നൃത്തപരിശീലന രംഗങ്ങളിൽ ശാന്തി അഭിനയിക്കുകയും ചെയ്തിരുന്നു. സകല ദേവനുതേയ്ക്ക് വേണ്ടി നൃത്തസംവിധാനവും നിർവ്വഹിച്ചിരുന്നു. ഒപ്പം ബിജിബാല്‍ പുറത്തിറക്കിയ കയ്യൂരുള്ളൊരു സമര സഖാവിന് എന്ന ആൽബത്തിൽ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു.

2017ലാണ് മസ്തിഷ്ക സംബന്ധമായ അസുഖം മൂലം ശാന്തി മരിക്കുന്നത്. ഭാര്യയുടെ അസാന്നിധ്യത്തിലും ആ ഓർമ്മകളിൽ മക്കൾ ദയയ്ക്കും ദേവദത്തിനുമൊപ്പം ജീവിക്കുകയാണ് ബിജിബാൽ. ഇപ്പോഴിതാ സിംഗിൾ പാരന്റിങിനെ കുറിച്ച് ബിജിബാൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയിൽ ശ്രദ്ധനേടുന്നത്. താൻ ഒരു സിംഗിൾ പേരന്റാണെന്ന തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ബിജിബാൽ പറഞ്ഞത്.
'സിംഗിൾ പേരന്റാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ആരെങ്കിലും അത് വിശ്വസിക്കുമോയെന്ന് അറിയില്ല. പക്ഷെ ഒരിക്കൽ പോലും കുട്ടികളും അങ്ങനെ കരുതിയിട്ടില്ല.'
'ഞങ്ങൾ രണ്ടാളുടെയും ശബ്ദവും നാദവും രൂപവും ഒക്കെ ഫുൾ ടൈം വീട്ടിലുണ്ട്. അതുകൊണ്ട് തന്നെ സിംഗിൾ പേരന്റ് എന്ന വിചാരം എന്റെ മനസിൽ ഇല്ല. ചിലപ്പോൾ കുറച്ചുനാൾ ഉണ്ടായിരുന്നിരിക്കാം. ചിലപ്പോൾ അത് ആ ഒരു ഘട്ടത്തിൽ ആയിരുന്നിരിക്കാം. എങ്കിലും നമ്മൾ അത് വിജയകരമായി ഓവർകം ചെയ്തു എന്നുള്ളതാണ്. മോൾ പ്പോൾ ഒമ്പതാം ക്ലാസിലായി. പാട്ടും ഡാൻസും വീണയുമൊക്കെ അവൾ പഠിക്കുന്നുണ്ട്. രണ്ട് കുട്ടികളും പാട്ടിന്റെ ലോകത്തുണ്ട്.'
'പാട്ടിന്റെ കാര്യങ്ങൾ പഠിപ്പിച്ച് കൊടുക്കുന്നതിൽ ജെനറേഷൻ വ്യത്യാസം ഫീൽ ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ ഉപദേശങ്ങൾ കുറവായിരിക്കും. കാരണം അവർ ഓൾറെഡി എക്വിപ്പ്ഡ് ആണെന്ന് തോന്നിയിട്ടുണ്ട്', എന്നാണ് മക്കളിലെ സംഗീതത്തെ കുറിച്ചും നൃത്തത്തെ കുറിച്ചും സംസാരിക്കവെ ബിജിബാൽ പറഞ്ഞത്.

മകൻ ദേവദത്തിനെ കുറിച്ചും ബിജിബാൽ സംസാരിച്ചു. 'മകൻ ഇപ്പോൾ ഡിഗ്രി ചെയ്യുന്നു. ബിഎ മ്യൂസിക്കിനാണ് ചേർന്നിരിക്കുന്നത്. ലോകം അവർ എന്നെക്കാളും കൂടുതൽ കാണുന്നു. കൂടുതൽ ടൂൾസ് പരിചയപ്പെടുന്നു എന്നുള്ളതാണ്. ഇപ്പോൾ നമ്മുടെ ഒക്കെ കാലത്തെ അപേക്ഷിച്ച് മാറ്റം ഉണ്ടല്ലോയെന്നും', ബിജിബാൽ കൂട്ടിച്ചേർത്തു. ദേവദത്തും ദിയയും പിന്നണി ഗായകരായി ഇതിനോടകം അരങ്ങേറി കഴിഞ്ഞു.
തണ്ണീമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ ജാതിക്ക തോട്ടം എന്ന ഗാനം ജസ്റ്റിൻ വർഗീസിൻ്റെ സംഗീതത്തിൽ പാടിയത് ദേവദത്തായിരുന്നു. അതുപോലെ കുഞ്ഞിരാമായണത്തിലെ പാവാടത്തുമ്പാലെ എന്ന ഗാനം ആലപിച്ചത് ദയ ബിജിബാൽ ആയിരുന്നു.


Click it and Unblock the Notifications











