ഫോൺ വരെ പണയം വെച്ച് മദ്യപിച്ചു, കുടിച്ചാൽ മറ്റൊരു സ്വഭാവം, മദ്യപാനം നിർത്തിയാലും ആയുസുണ്ടാവില്ല; ഇഗ്നേഷ്യസ്
മലയാള ചലച്ചിത്ര ഗാനശാഖയെ നിലനിർത്തിയ അനുഗ്രഹീതനായ ഗാനരചയിതാവായിരുന്നു ഗിരീഷ് പുത്തഞ്ചേരി. എഴുതിയതൊക്കെയും എക്കാലത്തേക്കും ഓർത്തുവെക്കാൻ കഴിയുന്ന വരികൾ. അകാലത്തിൽ വേർപിരിഞ്ഞുപോയ മഹാപ്രതിഭ മലയാള സിനിമയ്ക്കും സംഗീത ലോകത്തിനും ഒരു തീരാനഷ്ടമാണ്. ഗാനരചന മാത്രമല്ല തിരക്കഥയെഴുത്തിലും പിന്നണി ഗാനാലാപനത്തിലും പ്രാവീണ്യമുണ്ടായിരുന്നു. മരിക്കമ്പോൾ വെറും നാൽപ്പത്തിയെട്ട് വയസ് മാത്രമായിരുന്നു പ്രായം.
ലഹരിക്ക് അടിമപ്പെട്ടില്ലായിരുന്നുവെങ്കിൽ എന്നേക്കും മലയാളിക്ക് ഓർക്കാൻ പാകാത്തതിന് പാട്ടുകളും സിനിമകളും ഗീരിഷിന്റെ തൂലിക തുമ്പിൽ നിന്നും പിറന്നേനെയെന്ന് പറയുകയാണിപ്പോൾ സംഗീത സംവിധായകൻ ഇഗ്നേഷ്യസ്. ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംഗീത സംവിധായകൻ. ഇരുവരും ഒരുമിച്ച് ഒരുപാട് പാട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. എന്റെ ഒപ്പം പ്രവർത്തിച്ചിരുന്ന ആളുകളെല്ലാം മൺമറഞ്ഞ് പോയി. അവരിൽ പലരും ലഹരിക്ക് അടിമപ്പെട്ട് പോയവരായിരുന്നു.

ചെറുപ്പം മുതൽ ഞാനുമായി സഹകരിച്ച് നിന്ന ഒരുപാട് ആളുകൾ ഉണ്ട്. നല്ല കഴിവുള്ള ആളുകളായിരുന്നു എല്ലാവരും. അവരൊക്കെ ഇതിൽ പെട്ടാണ് മരിച്ചുപോയത്. അന്നത്തെ ആളുകളെ വെച്ച് നോക്കുമ്പോൾ സീനയറായി ജീവിച്ചിരിക്കുന്ന ആൾ ഞാനാണ്. പക്ഷെ ഇപ്പോൾ സംഗീത മേഖലയിൽ പ്രവർത്തിക്കുന്നവരിൽ മാറ്റം വന്നിട്ടുണ്ട്. അവർ ഇത്തരം ലഹരിയിൽ നിന്നൊക്കെ മാറി നിന്നാണ് പ്രവർത്തിക്കുന്നത്.
കുറച്ചുപേർ ഇപ്പോഴും ലഹരിയുമായി ചേർന്നാണ് ജീവിക്കുന്നത്. അന്ന് നാക്കിനടിയിൽ വെക്കുന്ന ലഹരിയോ ഇഞ്ചക്ഷനോ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ കഞ്ചാവുണ്ടായിരുന്നു. എന്റെ കൂടെ പ്രവർത്തിച്ചിരുന്ന വളരെ കഴിവുള്ള ആളുകളൊക്കെ കഞ്ചാവ് വലിക്കുമായിരുന്നു. എനിക്കൊക്കെ വീട്ടിൽ നിന്നും ഉപദേശം കിട്ടിയിരുന്നു. കലാരംഗത്തേക്ക് പോയാൽ ഇത്തരം ലഹരിയിൽപ്പെട്ട് പോകുന്ന സാഹചര്യം കൂടുതലുണ്ടാകും.
അതുകൊണ്ട് അതില്ലാതെ ജീവിക്കണം എന്നായിരുന്നു വീട്ടിൽ നിന്നും കിട്ടിയ ഉപദേശം. അതുകൊണ്ട് തന്നെ ഇതിലേക്ക് വീഴരുതെന്ന ബോധം ഉള്ളിലുണ്ടായിരുന്നു. സൂക്ഷിച്ച ജോലി ചെയ്യാൻ കഴിയില്ലെങ്കിൽ കലാരംഗത്തേക്ക് പോകേണ്ടെന്നും വീട്ടിൽ നിന്നും പറഞ്ഞിരുന്നു. ലഹരി ഉപയോഗിക്കുന്നത് ജീവിതത്തോട് തന്നെ ചെയ്യുന്ന തെറ്റാണന്ന് മനസിൽ ഒരു ബോധമുണ്ടായിരുന്നു.
എനിക്കൊപ്പം പ്രവർത്തിച്ചവരിൽ ഭൂരിഭാഗം പേരും ലഹരി ഉപയോഗം മൂലം ശ്വാസകോശത്തിനും കരളിനും അടക്കം പലപല അസുഖങ്ങൾ വന്ന് മരിച്ച് പോയവരാണ്. പലരേയും ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ എങ്കിലും ലഹരി ലഭിക്കാനുള്ള മാർഗം കാണുമ്പോൾ വീണ്ടും അവർ അതിലേക്ക് പോകും. ഗിരീഷ് പുത്തഞ്ചേരിയെ ഒരുപാട് തവണ ഞാൻ ഉപദേശിച്ചിട്ടുണ്ട്.

ഇതിന്റെ പേരിൽ വഴക്കിട്ടിട്ടുണ്ട്. മദ്യപിച്ചാൽ പിന്നെ വേറൊരു സ്വഭാവക്കാരനാണ് ഗിരീഷ്. ഒപ്പമുള്ളത് അടുപ്പമുള്ളയാളാണെന്നോ അകൽച്ചയുള്ള ആളാണെന്നോ ഒന്നും നോക്കുകയില്ല. പുള്ളിക്ക് തോന്നിയതെല്ലാം വിളിച്ച് പറയും. എനിക്ക് ആ സ്വഭാവം ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് ഞങ്ങൾ തമ്മിൽ ഒരുപാട് വഴക്കിട്ടിട്ടുണ്ട്. അതിനുശേഷം ഞാനും പുള്ളിയും കുറച്ച് അകൽച്ചയിലായിരുന്നു. പുള്ളിക്കൊപ്പമുള്ള വർക്കും ഞാൻ കുറച്ചിരുന്നു.
കൊച്ചിൻ ഹനീഫ മരിച്ച സമയത്ത് അവിടെ വെച്ച് ഞാൻ ഗിരീഷിനെ കണ്ടിരുന്നു. അന്നും പുള്ളി മദ്യപിച്ചിട്ടുണ്ടായിരുന്നു. ഒരിടയ്ക്ക് നിർത്താൻ പോവുകയാണെന്ന് പറഞ്ഞിരുന്നു. ഞാൻ ചോദിച്ചപ്പോൾ ചെറുതായി മാത്രമെ മദ്യപാനമുള്ളെന്ന് പറഞ്ഞു. അപ്പോഴേക്കും പുള്ളിയുടെ കരളൊക്കെ തീർന്നിരുന്നു. കൊച്ചിൻ ഹനീഫയുടെ ചടങ്ങ് കഴിഞ്ഞ് ഞാനാണ് ഗിരീഷിനെ നാട്ടിലേക്ക് വണ്ടി കയറ്റി വിട്ടത്. വീട്ടിൽ എത്തിയോയെന്ന് അറിയാൻ വിളിച്ചപ്പോൾ ആരും ഫോൺ എടുത്തില്ല.
കാരണം തിരികെ പോകുന്നവഴി ചാരായ ഷാപ്പിൽ കയറി അവിടെ ഫോൺ പണയം വെച്ച് മദ്യപിച്ചു. ഛർദ്ദിച്ച് അവശനായ ഗിരീഷിനെ വീട്ടിൽ നിന്നും ആളുകൾ വന്നാണ് കൊണ്ടുപോയത്. പിന്നീട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിന് മുമ്പ് ഡോക്ടർ തന്നെ ഗിരീഷിനോട് പറഞ്ഞിരുന്നു ഇനി അധിക നാളില്ലെന്ന്. മദ്യപാനം നിർത്തിയാലും അധികം ആയുസില്ലെന്നും ഡോക്ടർ പറഞ്ഞിരുന്നു. മദ്യപിക്കാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയിലായിരുന്നു എന്നും ഇഗ്നേഷ്യസ് പറയുന്നു.


Click it and Unblock the Notifications











